പ്രതീക്ഷിക്കുന്നു ഇന്ത്യയുടെ വിജയം
താളം തെറ്റുന്നുവോ ഇന്ത്യയുടെ പ്രകടനങ്ങൾ?..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശിനെതിരായ ആദ്യ ടി ട്വന്റി മത്സത്തിലെ പ്രകടനങ്ങൾ കണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിയിലും തോന്നുന്ന സംശയമാകും ഇത്. കാരണം സ്കോർ ബോർഡ് സൂചിപ്പിക്കുന്നതിനേക്കാൾ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിർണായക ഘട്ടങ്ങളിൽ കൃത്യമായി ഇന്ത്യൻ ടീം പരാജയപ്പെട്ടു.
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, ഭുവനേശ്വർ കുമാർ തുടങ്ങി പല നിർണായക ഘടകങ്ങളും ഇല്ലാതെയാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങിയിരിക്കുന്നത്. പക്ഷേ അപ്പോഴും പരാജയങ്ങൾക്ക് ഇന്ത്യ കൃത്യമായ മറുപടി നൽകേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ചില പ്രധാന ഘട്ടങ്ങളിൽ കൈവന്ന മുൻതൂക്കം ഇന്ത്യൻ ടീം ദയനീയമായി കൈവിടുകയായിരുന്നു.

ചോദ്യചിഹ്നമുയരുന്ന നിർണായക ഘടകങ്ങളിൽ ഏറ്റവും പ്രധാനം വിക്കെറ്റ് കീപ്പിങ് ആണ്. മഹേന്ദ്ര സിങ് ധോണി നിർത്തിയിടത്തുനിന്നും തുടങ്ങാൻ ഋഷഭ് പന്തിനു കഴിഞ്ഞിട്ടില്ല. വിക്കറ്റിനു പിന്നിൽ പല സമയത്തും ധോണി ഉണ്ടായിരുന്നെങ്കിൽ എന്ന് ആരാധകർ ചിന്തിച്ചുപോയ മത്സരമായിരുന്നു അത്. ബാറ്റിങ്ങിൽ നടത്തിയ മെല്ലെപ്പോക്ക് മാത്രമായിരുന്നില്ല, ബംഗ്ലാ ചേസിനു ചുക്കാൻ പിടിച്ച വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്‌ഫികുർ റഹീമിന്റെ രണ്ടു എൽ. ബി. ഡബ്ലിയു അപ്പീലുകൾ മൂന്നാം അമ്പയറിനു വിടാതിരുന്നതിൽ പന്തിന് അക്ഷന്തവ്യമായ തെറ്റു സംഭവിച്ചു. മാത്രമല്ല ഇല്ലാത്ത വിക്കറ്റിനു നായകൻ രോഹിത് ശർമയെ റിവ്യൂ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതും പന്ത് ആയിരുന്നു.
ബുമ്രയും ഭുവിയും ഇല്ലാതിരുന്ന ഇന്ത്യൻ ബൗളിങ്ങിനെ ശരിയായ ദിശയിൽ നയിക്കാൻ ഇന്ത്യയുടെ യുവ ബൗളർമാർക്കു സാധിച്ചില്ല. മാത്രമല്ല നിർണായകമായ ഡെത് ഓവറുകളിൽ നിർലോഭം റണ്ണുകൾ വഴങ്ങിയ ഖലീൽ അഹമ്മദ് വീണ്ടും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ഇന്ത്യൻ ബാറ്റിങ്ങും ഒരളവു വരെ നിരാശപ്പെടുത്തി. കുറഞ്ഞ സ്‌കോറിൽ പുറത്തായ രോഹിത് ശർമയ്ക്കു ശേഷം വന്ന ബാറ്റ്സ്മാൻമാരിൽ ശ്രേയസ് അയ്യർ ഒഴികെ ഒരാൾ പോലും ടി ട്വൻറി നിലവാരത്തിൽ ബാറ്റു വീശിയില്ല. ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ വാഷിംഗ്ടൺ സുന്ദർ സ്കോർ ഉയർത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ ഇതിലും ദയനീയമായേനെ.
രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുമ്പോൾ മലയാളികൾ ഉറ്റുനോക്കിയത് സഞ്ജു ടീമിൽ ഉൾപെടുമോയെന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു. പക്ഷേ ഇന്നും സഞ്ജു ടീമിൽ ഇടം നേടിയില്ല. എങ്കിലും പ്രതീക്ഷിക്കാം കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ തിരുത്തി ടീം ഇന്ത്യ തിരിച്ചു വരുമെന്ന്. ആരാധകർ ആഗ്രഹിക്കുന്ന ഫലം അവർക്കായി നൽകുമെന്ന്.






































