യൂറോപ്പ ലീഗ് : ആർസെനലിനു സമനിലക്കുരുക്ക്
യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ 4ആം മത്സരത്തിൽ ആർസെനലിനു സമനില. പോർച്ചുഗീസ് ടീമായ വിക്ടോറിയ ആണ് പീരങ്കിപ്പടയെ തളച്ചത്. സ്‌കോർ 1-1.ആർസെനലിനു വേണ്ടി സ്‌കോഡ്രൺ മുസ്താഫി ഗോൾ നേടിയപ്പോൾ വിക്ടോറിയയുടെ ഗോൾ അധികസമയത്ത് ദുവാർത്തെ നേടി.
ഭൂരിഭാഗം സമയവും വിരസമായിരുന്ന മത്സരം അവസാന 20മിനുറ്റുകളിലാണ് ഉണർന്നത്. ആദ്യ പകുതിയിൽ പോർച്ചുഗീസ് ടീമിന് ഒരു പിടി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ക്രോസ്സ്ബാറും ആർസെനൽ ഗോളി മാർട്ടിനെസും വിലങ്ങുതടിയായി. മറുവശത്തു ആർസെനാൽ ആക്രമണത്തിൽ അമ്പേ പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ പകരക്കാരായി ലാകാസെറ്റ്, ടൊറേറ, ഗണ്ടുസി എന്നിവർ ഇറങ്ങിയതോടെ ആർസെനൽ ഉണർന്നു. 80ആം മിനുട്ടിൽ പെപ്പെയുടെ ക്രോസ്സ് ഹെഡ് ചെയ്തു മുസ്താഫി ആര്സെനലിന്റെ ലീഡ് നേടി. എന്നാൽ ആധിക സമയത്തിന്റെ ആദ്യമിനുട്ടിൽ മനോഹരമായ ബൈസൈക്കിൾ കിക്കിലൂടെ ഗോൾ നേടി ടുവാർത്തെ വിക്ടോറിയക്കു അർഹിച്ച സമനില നേടി. ജയിച്ചാൽ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പായിരുന്ന ആർസെനലിനു സമനിലയോടെ യോഗ്യതക്കായി ഇനിയും കാത്തിരിക്കണം.






































