യൂറോപ്പ ലീഗ് : ആർസെനൽ ഇന്ന് വിക്ടോറിയക്കെതിരെ
യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ 4ആം മത്സരത്തിൽ ആർസെനൽ ഇന്ന് പോർച്ചുഗീസ് ടീമായ വിക്ടോറിയയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഗണ്ണേഴ്സിന് ഇന്ന് വിജയിച്ചാൽ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിക്കാനാകും. പോർച്ചുഗലിൽ വച്ചു രാത്രി 9.20നാണു മത്സരം. ഇരു ടീമുകളും എമിരേറ്റ്സിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിലുടനീളം ആധിപത്യം നേടിയ വിക്ടോറിയക്കു മേൽ ഒടുവിൽ പകരക്കാരനായിറങ്ങിയ നിക്കൊളാസ് പെപെ നേടിയ ഇരട്ട ഗോൾ 3-2എന്ന സ്കോറിന് ആർസെനൽ കടന്നു കൂടുകയായിരുന്നു. അതിനാൽ ഇന്നും വിക്ടോറിയ ആർസെനലിനു ഭീഷണിയുയർത്തിയേക്കാം.
പ്രീമിയർ ലീഗിലും, ലീഗ് കപ്പിലുമായി കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്ന് പോലും വിജയിക്കാൻ കഴിയാതെ പഴികേൾകുന്ന ആര്സെനലിനും കോച്ച് ഉനായി എമേറിയും ഈ മത്സരം ജയിച്ചു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനാകും ശ്രമിക്കുക. ഓസിൽ, അബാമേയാങ്ങ് എന്നിവർക്ക് വിശ്രമം നൽകി 18 അംഗ മാച്ച് ഡേ സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.






































