Editorial Foot Ball Top News

ഉയരട്ടെ പെൺപടയുടെ ആരവങ്ങൾ

November 5, 2019

author:

ഉയരട്ടെ പെൺപടയുടെ ആരവങ്ങൾ

“ഫുട്ബോൾ എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു, പക്ഷേ ദാരിദ്ര്യം അതിനെ മുളയിലേ നുള്ളിയെറിഞ്ഞു ”

2020ൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തിയത് പണ്ടെങ്ങോ വായിച്ച “രഷ്മിത പത്ര” എന്ന മുൻ ദേശീയ വനിതാ ഫുട്ബോൾ താരത്തിന്റെ വാക്കുകളായിരുന്നു. ഒഡീഷയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച രഷ്മിത കഴിവും കഠിനാധ്വാനവും ഉപയോഗിച്ചു തന്നെയായിരുന്നു കരിയറിലെ ഓരോ പടവും താണ്ടിയത്. കാല്പന്തുകളിയോടുള്ള പ്രണയം മൂത്തു പത്താം ക്ലാസ്സിൽ പഠനമുപേക്ഷിച്ച രഷ്മിത മികച്ച പ്രകടനങ്ങളിലൂടെ ഒഡീഷ സംസ്ഥാന ജൂനിയർ ടീമിലും പിന്നീട് അണ്ടർ 19 ദേശീയ ടീമിലും ഇടം നേടി. 2012 ൽ നടന്ന ദേശീയ വനിതാ ഫുട്ബോൾ ച്യമ്പ്യൻഷിപിൽ ഒഡീഷയെ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച രഷ്മിത വൈകാതെ തന്നെ ദേശീയ സീനിയർ ടീമിലും സ്ഥിരം സാന്നിധ്യമായി.

പക്ഷേ ദാരിദ്ര്യം രഷ്മിതയുടെ കരിയറിന് പൂർണവിരാമമിടുകയായിരുന്നു. ദിവസവേതനക്കാരനായ ഒരു തൊഴിലാളിയുടെ മകൾക്കു കാണാൻ സാധിക്കുന്നതിലും ഉയരെയായിരുന്നു അവൾ കണ്ട സ്വപ്‌നങ്ങൾക്കു സ്ഥാനം. വളരെപെട്ടന്നു തന്നെ മറ്റൊരു പാവപ്പെട്ട തൊഴിലാളിയുമായി അവളുടെ വിവാഹം നടന്നു. ഒരു ശരാശരി ഇന്ത്യൻ വനിതയുടെ എറ്റവും വലിയ ചുമതലയായ മാതൃത്വത്തിലേക്കു കടന്നതോടെ അവൾ കാൽപ്പന്തുകളിയെ പൂർണമായും മറന്നു. സ്ഥിരവരുമാനമില്ലാത്ത ഭർത്താവിനെ സഹായിക്കാനായി ഇന്നവൾ ഒരു പാൻ മസാലക്കട നടത്തുന്നു.

ഒരു പക്ഷേ ദാരിദ്ര്യത്തിലും അവൾ സംതൃപ്തയായിരിക്കാം. സ്വന്തം കാലിൽ നിന്നുകൊണ്ട് തന്റെ കുടുംബത്തെ സഹായിക്കാൻ ഇന്നവൾക്കു കഴിയുന്നുണ്ട്. പക്ഷേ ഒന്നു ചിന്തിച്ചു നോക്കൂ. ഇതാണോ അവളിലെ പ്രതിഭ അർഹിച്ച ജീവിതം ?. വനിതാ ഫുട്ബോളിൽ കുറച്ചുകൂടി നീണ്ട ഒരു കരിയർ അവൾക്കു ലഭിക്കുമായിരുന്നില്ലേ ?.

അധികം മാധ്യമശ്രദ്ധ നേടാത്ത അണ്ടർ 17 ലോകകപ്പ് പോലുള്ള മത്സരങ്ങൾ ഇത്ര പണം മുടക്കി ആതിഥ്യം വഹിക്കണോയെന്നുള്ള ചോദ്യം ചിലരുടെ മനസ്സിലെങ്കിലും ഉയർന്നേക്കാം. അതിനുള്ള ഉത്തരമാണ് രഷ്മിതയുടെ കഥ.

പരിഹാസങ്ങളും ചൂഴ്ന്നുനോട്ടങ്ങളും അപഹരിക്കുന്ന കൗമാരം, വിവാഹവും മാതൃത്വവും നൽകുന്ന ചുമതലകളിലൂടെ കടന്നുപോകുന്ന യൗവനം, വീണ്ടും അവഗണനകൾ നിറഞ്ഞ ഒരു വാർദ്ധക്യം, ഇവയാണ് ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളുടെയും ജീവിതത്തിലെ പ്രധാന ഘട്ടങ്ങൾ. തീർച്ചയായും ഇതിനപവാദമായി ചില കഥകൾ പറയാനുണ്ടാകും. പക്ഷേ ഒന്നാലോചിച്ചു നോക്കൂ അവരും ഈ വഴികളിലൂടെതന്നെയാകും സഞ്ചരിച്ചിട്ടുണ്ടാകുക. അല്ലെങ്കിൽ മികച്ച ഒരു സാമ്പത്തിക അടിത്തറയുടെ പിൻബലം അവർക്കുണ്ടായിരിക്കണം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മിക്ക സ്ത്രീകൾക്കും ഇന്നും ഒരു സ്വപ്‍നം മാത്രമാണ്.

ഇന്ത്യൻ ഫുട്ബോൾ ഇന്നു വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആ വളർച്ചയിൽ കാര്യമായൊരു പങ്കു വഹിച്ചിട്ടുണ്ടെന്നതു ശരി തന്നെ, പക്ഷേ അതുപോലെ തന്നെയൊരു മുഖ്യപങ്ക് 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ലോകകപ്പിനും അവകാശപ്പെടാനുണ്ട്. ഒരു പിടി മികച്ച യുവതാരങ്ങൾക്ക് ലോകകപ്പ പോലൊരു മത്സരവേദിയുടെ ചൂടും അനുഭവസമ്പത്തും പകർന്നു നൽകാൻ അതിലൂടെ നമുക്കു സാധിച്ചു. ഇന്നു പല ടീമുകളുടെയും നിർണായക സ്ഥാനങ്ങളിൽ അവരെ അണിനിരത്തുവാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നതും ഈ മത്സരപരിചയം തന്നെയായിരിക്കും.

അതുപോലൊരു പ്രോത്സാഹനം നമ്മുടെ പെൺകുട്ടികളും അർഹിക്കുന്നുണ്ട്.
ഒരു പുതിയ മാർത്തയോ അദാ ഹെങ്ബെർഗോ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ നിന്നും ഉദയം ചെയ്തുകൂടാ?. സാമ്പത്തികമോ സാമൂഹികമോ ആയ ഘടകങ്ങൾ അത്തരമൊരു വളർച്ചയ്ക്കു തടസ്സമായി നില്കുന്നുവെങ്കിൽ അവയെ തച്ചു തകർക്കേണ്ട ചുമതല നമുക്കുണ്ട്. ഏതെങ്കിലുമൊരു രക്ഷാകർത്താവ് ഇത്തരം കാരണങ്ങളാൽ ഒരു പെൺകുട്ടിയുടെ കരിയറിന് വിലങ്ങുതടിയാകുകയാണെങ്കിൽ അവരോടു പറയാൻ നമുക്കു ഈ ലോകകപ്പിന്റെ കഥ വേണം. ഇവിടെ പയറ്റിത്തെളിഞ്ഞ നമ്മുടെ കുട്ടികളുടെ കഥകൾ വേണം. ഫുട്ബോൾ കളിച്ചു നടന്നാൽ ഭാവി നഷ്ടപ്പെടുമെന്ന തോന്നൽ ചിലരിൽ നിന്നെങ്കിലും അകറ്റാൻ ഈ കഥകൾക്കു സാധിക്കും

എന്തിനും ഒരു തുടക്കം ആവശ്യമാണ്. സൈന നെഹ്വാളും സിന്ധുവും വനിതാ ബാഡ്മിന്റണ് നല്കിയതുപോലെ, മിഥാലിയിലൂടെ വനിതാ ക്രിക്കറ്റ്‌ നമ്മുടെ മനസ്സിൽ വേരോടിയതുപോലെ ദീപ കർമാകറും മേരീ കോമും നമ്മുടെ അഭിമാനമായതുപോലെ ഇന്ത്യൻ വനിതാഫുട്ബോളിന്റെ വളർച്ചയ്ക്ക് ഈ ലോകകപ്പ് ഒരു നല്ല തുടക്കമാകട്ടെ. പുതിയൊരു രഷ്മിതയുടെ കഥയാൽ, അതു സമ്മാനിക്കുന്ന കണ്ണുനീർതുള്ളികളാൽ ഇന്ത്യൻ വനിതാഫുട്ബോൾ ചരിത്രം വായിക്കുന്നവരുടെ കാഴ്ച മങ്ങാതിരിക്കട്ടെ !!.

Leave a comment