പിറന്നാൾ നിറവിൽ ക്രിക്കറ്റിന്റെ വിരാട് !!!
ഇന്ത്യൻ ക്രിക്കറ്റിൽ എന്നും ഇതിഹാസങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സുനിൽ ഗാവസ്‌കറിലും കപിൽ ദേവിലും സച്ചിൻ ടെൻടുൽകറിലുമൂടെ കടന്നുവന്ന ആ പരമ്പര ഇന്നെത്തിനിൽകുന്നത് വിരാട് കൊഹ്‍ലിയെന്ന ഡൽഹിക്കാരനിലാണ്. ലോക ക്രിക്കറ്റിൽ തന്നെ ഒന്നാമനാകാനുള്ള യാത്ര തുടരുകയാണ് ഇന്ത്യൻ നായകൻ.
സച്ചിൻ ടെണ്ടുൽക്കർ എന്ന് മഹാപ്രതിഭയുടെ അപദാനങ്ങൾ കേട്ടുവളർന്ന ഒരു തലമുറയുടെ പ്രതീകമാണ് കോഹ്ലി. വർണക്കടലാസുകളും കളിപ്പാട്ടങ്ങളും കൊണ്ടു കളിക്കുന്ന കാലം അവൻ ക്രിക്കറ്റ് ബാറ്റിനെ അടുത്തറിയുകയായിരുന്നു. തന്റെ ഭാവി ക്രിക്കറ്റ് ആണെന്ന് അവൻ തീരുമാനിച്ചപ്പോൾ കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാവുകയായിരുന്നു.
വിരാട് കൊഹ്‍ലിയെന്ന ചെറുപ്പക്കാരന്റെ പ്രതിഭ ആദ്യമായി ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത് 2008ൽ മലേഷ്യയിൽ നടന്ന അണ്ടർ-19 ലോകകപ്പിലൂടെയായിരിക്കാം. പക്ഷേ അതിനുമെത്രയോ മുൻപുതന്നെ അയാൾ തന്റെ പ്രതിഭ രാകിമിനുക്കാൻ തുടങ്ങിയിരുന്നു. ചെറുപ്രായത്തിൽ തന്നെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്താൻ അവൻ അതിയായി ആഗ്രഹിച്ചു. കഴിവിനൊപ്പം ആത്മവിശ്വാസവും ടീമിനോടുള്ള പ്രാറ്ഗിബദ്ധതയും അയാളെ സമ്പൂർണനായ ഒരു ക്രിക്കറ്ററാക്കി.
2008ൽ സച്ചിൻ ടെണ്ടുൽക്കറും വിരേന്ദർ സെവാഗും പരിക്കേറ്റു പിന്മാറിയ ഒരു പര്യടനത്തിൽ താത്കാലിക ഓപ്പണറായി ടീമിലെത്തിയ വിരാട് കാലങ്ങൾക്കു ശേഷം ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണാകുമെന്ന് എത്രപേർ കരുതിയിരിക്കും?. പക്ഷേ പിന്നീടു സംഭവിച്ചത് ചരിത്രമായിരുന്നു. ടീമിനകത്തും പുറത്തുമായി നിന്നെങ്കിലും കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിച്ച അയാൾ ഏറ്റവും വേഗത്തിൽ ആയിരം ഏകദിന റണ്ണുകൾ പൂർത്തിയാക്കുന്ന ഇന്ത്യൻ ബാറ്സ്മാനായി. ഇന്ത്യയുടെ പ്രിയപ്പെട്ട ഫാബുലസ് ഫോറിനു ശേഷവും ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്തു ചോരാതെ സൂക്ഷിക്കാൻ തനിക്കാകുമെന്ന് വിരാട് തെളിയിച്ചു തുടങ്ങി.
പതിയെ അയാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനം കൈയ്യടക്കുകയായിരുന്നു. ലോകകപ്പിലെ അരങ്ങേറ്റമത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ വിരാട് പരിമിത ഓവർ ക്രിക്കറ്റിലെ പുത്തൻ താരോദയമായി. തന്റെ സമകാലീനരെക്കാൾ ഒരുപടി മുകളിലായി എന്നും അയാൾ പ്രകടനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
വിരാടിനെ ക്രിക്കറ്റ് ലോകം ആഘോഷിച്ചു തുടങ്ങുകയായിരുന്നു. അയാളുടെ ബാറ്റിങ് പ്രകടനങ്ങൾ ആരാധകരെ എന്നും ആഹ്ലാദിപ്പിച്ചുകൊണ്ടേയിരുന്നു. ലോക ക്രിക്കറ്റിൽതന്നെ ആത്മാര്ഥതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമായി മാറുകയായിരുന്നു അയാൾ.
ഏതു പ്രകടനമാണ് വിരാടിന്റെ ബാറ്റിൽ നിന്നും പിറന്ന ഏറ്റവും മികച്ച പ്രകടനം?.
ആ ചോദ്യം വല്ലാതെ വിഷമിപ്പിക്കുന്നതാണ്. 2016 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 51 പന്തുകളിൽ നിന്നും നേടിയ 80 റണ്ണുകൾ, ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ ആ സെഞ്ചുറി, ടെസ്റ്റിൽ കൂറ്റൻ ഇന്നിങ്‌സുകൾ കളിക്കാൻ കഴിയില്ലെന്നു പരിഹസിച്ചവരുടെ മുഖത്തേക്ക അയാൾ നിറയൊഴിച്ചപ്പോൾ പിറന്ന ഇരട്ട സെഞ്ചുറികൾ. തീർച്ചയായും പ്രയാസമാണ് അവയിലൊന്നു തെരഞ്ഞെടുക്കാൻ. അതുകൊണ്ടു തന്നെ അതിനുള്ള ശ്രമം നമുക്കുപേക്ഷിക്കാം. പകരം വിരാട് കോഹ്ലിയെന്ന പ്രതിഭാസത്തിന്റെ പുതിയ പുതിയ കലാശില്പങ്ങളെ ആസ്വദിക്കാം, അവയെ ആഘോഷിക്കാം.
ജന്മദിനാശംസകൾ പ്രിയ വിരാട്…






































