ഡെബോറ ഹെറാൾഡ്; ഇന്ത്യയുടെ പുതിയ സൈക്ലിംഗ് സെൻസേഷൻ
2004 ഡിസംബർ മാസം ഇരുപത്തിയാറാം തീയതി ഡെബോറയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. തന്നെ വിഴുങ്ങാനെത്തിയ രാക്ഷസ തിരമാലകൾക്കു മുന്നിൽ ശരീരത്തിൽ നിന്നും ജീവൻ വേർപെട്ടുപോകുന്ന നിമിഷങ്ങളെ കാത്തുനിന്ന എട്ടു വയസ്‌ടുകാരിക്കു വിധി തിരികെ നൽകിയത് സ്വന്തം ജീവൻ മാത്രമായിരുന്നില്ല, പ്രതിസന്ധികളോട് പൊരുതിജയിക്കാനുള്ള മനോബലം കൂടിയായിരുന്നു.
ഇവൾ “ഡെബോറ ഹെറാൾഡ് “, ഇന്ത്യൻ സൈക്ലിംഗ് രംഗത്തിന് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ സംഭാവന. ഒന്നുകൂടി കാവ്യാത്മകമായി പറയുകയാണെങ്കിൽ “സുനാമിയുടെ ദാനം!!”.
1995 ഫെബ്രുവരി മാസം 18നു ആൻഡമാൻ തലസ്ഥാനമായ പോർട്ട് ബ്ലയറിൽ ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മകളായി ജനിച്ച ഡെബോറയുടെ ജീവിതം മാറ്റിമറിച്ചത് 2004 ലെ സുനാമിയായിരുന്നു. ചുറ്റും നിറഞ്ഞ ഉപ്പുവെള്ളത്തിനിടയിൽ പ്രാണരക്ഷാർത്ഥം ഒരു മരക്കൊമ്പിൽ അഭയം തേടിയ കുഞ്ഞു ഡെബോറക്കു നീണ്ട നാലു ദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടേണ്ടി വന്നു. ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷമാണ് അവൾ തന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത്.
സുനാമി മൂലം പഠിച്ചിരുന്ന സ്കൂൾ പൂർണമായും നശിച്ചതോടെ ദൂരെയുള്ള ഒരു വിദ്യാലയത്തിലേക്ക് മാറേണ്ടി വന്ന ഡെബോറക്കു അവളുടെ അച്ഛൻ ഒരു അറ്റ്ലസ് സൈക്കിൾ സമ്മാനമായി നൽകി. ദൂരങ്ങൾ താണ്ടുവാനുള്ള അവളുടെ സവാരി അവിടെ തുടങ്ങി. പഠിക്കുവാനുള്ള ആഗ്രഹത്തെക്കാളും സൈക്കിൾ ചവിട്ടുവാനുള്ള ആവേശമായിരുന്നു അവളെ ദിവസവും സ്കൂളിൽ പോകാൻ പ്രേരിപ്പിച്ചിരുന്നത്.
സൈക്ലിംഗിനോടുള്ള ഡെബോറയുടെ ആവേശം തിരിച്ചറിഞ്ഞ അവളുടെ കായികാധ്യാപകൻ ദ്വീപിൽ വച്ചു നടന്ന സായി സെലെക്ഷൻ ക്യാമ്പിൽ ചേരാൻ അവളെ പ്രേരിപ്പിച്ചു. സെലെക്ഷൻ ട്രയൽസിൽ തന്റെ അറ്റ്ലസ് സൈക്കിളിൽ ഒന്നാം സ്ഥാനം നേടിയ പ്രകടനത്തോടെ ഡെബോറ സായിയിൽ പ്രവേശനം നേടുകയും ചെയ്തു. “മനോഹരമായ ഒരു സൈക്കിൾ യാത്രയുടെ തുടക്കം ” എന്നാണ് ഡെബോറ തന്റെ സായി പ്രവേശനത്തെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിൽ അത്ര വേരോട്ടമില്ലാത്ത സൈക്ലിംഗ് പോലൊരു മേഖലയിൽ നേട്ടങ്ങൾ കൊയ്യുകയെന്നത് ഒട്ടും അനായാസമായിരുന്നില്ല. എന്നാൽ കഠിനാധ്വാനവും പ്രതിസന്ധികളോട് പോരാടുവാനുള്ള മനോബലവും കൈമുതലാക്കിയ ഡെബോറ ഇന്ത്യൻ സൈക്ലിംഗ് രംഗത്ത ഒരു വിപ്ലവം തന്നെ തീർത്തു. ട്രാക്ക് സൈക്ലിങിലെ 200,250,500 മീറ്റർ വ്യക്തിഗത വിഭാഗങ്ങളിലെ ദേശീയ റെക്കോർഡ് ഡെബോറയുടെ പേരിലാണ്. വളരെ പെട്ടന്നു തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച സൈക്ലിംഗ് താരമായി പേരെടുക്കുവാൻ ഡെബോറക്കു കഴിഞ്ഞു.
അന്താരാഷ്ട്ര സൈക്ലിംഗ് രംഗത്തും വളരെയധികം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഡെബോറക്കു കഴിഞ്ഞിട്ടുണ്ട്. തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളുടെ കുത്തകയായിരുന്ന ഏഷ്യൻ സൈക്ലിംഗ് ചാംപ്യൻഷിപ്പുകളിൽ ഇന്ത്യയുടെ പതാകവാഹകയാകുവാൻ ഡെബോറക്കു കഴിഞ്ഞു. 2014 ൽ നടന്ന ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ശ്രദ്ധേയയായ ഡെബോറ തൊട്ടടുത്ത വർഷത്തെ തായ്‌വാൻ ട്രാക്ക് ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ സ്വന്തമാക്കി. 2017 ൽ ലോക സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ഡെബോറ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ സൈക്ലിംഗ് താരമായി മാറി. ആ വർഷം ലോക സൈക്ലിംഗ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി ഡെബോറ. ലോക സൈക്ലിംഗ് റാങ്കിങ്ങിൽ ഇടം നേടുന്ന ആദ്യ ഇൻഡ്യാക്കാരിയും ഡെബോറ തന്നെ.
2017 സെപ്റ്റംബർ മാസം നടന്ന ഏഷ്യൻ ഇൻഡോർ and മാർഷ്യൽ ആർട്സ് ഗെയിംസിൽ ഇന്ത്യൻ സൈക്ലിംഗ് ടീമിനെ നയിച്ചത് ഡെബോറയായിരുന്നു.
ഗെയിമ്സിൽ 9 സ്വർണം അടക്കം 40 മെഡലുകൾ നേടിയ ഇന്ത്യ പതിനൊന്നാം സ്ഥാനം നേടി.
നിലവിൽ ന്യൂ ഡൽഹി ഇന്ദിരാഗാന്ധി വെലൊഡ്രോമിൽ 2020 ടോക്കിയോ ഒളിംപിക്‌സ് ബെർത്തിനായുള്ള കഠിന പരിശീലനത്തിലാണ് ഡെബോറ. അവൾക്കതിനു സാധിക്കുകയാണെങ്കിൽ ഇന്ത്യൻ സൈക്ലിംഗ് രംഗത്തിനു തന്നെ അതൊരു പുത്തനുണർവായിരിക്കും. മൂന്നു ലക്ഷത്തോളം പേരുടെ ജീവനെടുത്ത സുനാമിത്തിരമാലകളിൽ നിന്നും കാലം ഡെബോറയെ കാത്തുസൂക്ഷിച്ചത് ഇന്ത്യൻ കായികചരിത്രത്തിൽ പുതിയ വീരഗാഥകൾ രചിക്കാനാകാം. നമുക്കു കാത്തിരിക്കാം ഡെബോറയുടെ സൈക്കിളിന്റെ പിറകിലേറി വരുന്ന പൊൻതിളക്കങ്ങൾക്കായി.







































