പ്രീമിയര്‍ ലീഗ്: ആർസെനലിനു വീണ്ടും സമനിലക്കുരുക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ആര്സെനലിന്റെ കഷ്ടകാലം തുടരുന്നു. തുടർച്ചയായി രണ്ടാം ഹോം മാച്ചിലും സമനില വഴങ്ങിയ ഗണ്ണേഴ്സ് ഇതോടെ ഒന്നാമതുള്ള ലിവര്പൂളിനേക്കാൾ 14പോയിന്റ് പിറകിലാണ്. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ വോൾവ്സാണ് ആർസെനലിനെ തളച്ചത് സ്കോർ 1-1.
ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ അബാമേയാങ്ങ് നേടിയ ഗോളിൽ ആർസെനാൽ ലീഡ് നേടി. എന്നാൽ രണ്ടാമതൊരു ഗോൾ നേടാൻ കഴിയാതെ പോയത് മുതലെടുത്തു വോൾവ്സ് ജിംനസിലൂടെ 76ആം മിനുട്ടിൽ സമനില നേടുകയായിരുന്നു. 6മത്സരങ്ങൾക്ക് ശേഷം ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ഓസിൽ ശോഭിച്ചപ്പോൾ സെബാലോസ് നിരാശപ്പെടുത്തി. വൂൾവ്സിന്റെ സമനില ഗോൾ പിറവി കൊണ്ടത് സെബാലോസിന്റെ ശ്രദ്ധക്കുറവിൽ നിന്നായിരുന്നു. മത്സരഫലത്തോടെ ആർസെനാൽ കോച്ച് ഉനായി എമെറിക്ക് മേൽ ആരാധകരുടെ കനത്ത വിമര്‍ശനമാണുയരുന്നത്. മുടന്തി നീങ്ങുന്ന ടീമിന്റെ പ്രകടനം ഇനിയും തുടരുകയാണെങ്കിൽ, എമേറിയുടെ നാളുകൾ വിന്റർ ട്രാൻസ്ഫെറോടെ എണ്ണപ്പെട്ടേക്കും.






































