Cricket Editorial Epic matches and incidents legends Top News

ഹിറ്റ്‌മാന്റെ ഡബിൾസെഞ്ചുറി വസന്തത്തിന്റെ ഹരിശ്രീ

November 2, 2019

author:

ഹിറ്റ്‌മാന്റെ ഡബിൾസെഞ്ചുറി വസന്തത്തിന്റെ ഹരിശ്രീ

ചില മാറ്റങ്ങൾ ചരിത്രമാകും…

രോഹിത് ശര്മയെന്ന ചെറുപ്പക്കാരൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഓപ്പണിങ് ബാറ്സ്മാനായതും അങ്ങനെയൊരു മാറ്റത്തിലൂടെയായിരുന്നു. പിന്നീടതു ചരിത്രമായി. 2011 ലോകകപ്പിനുശേഷം പലപ്പോഴും ഇന്ത്യൻ മാനേജ്‌മെന്റിനു തലവേദനയായ ഓപ്പണിങ് സ്ലോട്ടിൽ ശിഖർ ധവാനുമൊത്തു രോഹിത് പാഡ് കെട്ടാൻ തുടങ്ങിയതോടെ ചരിത്രങ്ങൾ പലതും തിരുത്തപ്പെടുവാൻ തുടങ്ങി.

അവയിൽ ആദ്യത്തേതു 2013 ചാംപ്യൻസ് ട്രോഫിയായിരുന്നു. അവിശ്വസനീയമായ രീതിയിലുള്ള സ്ഥിരത കാഴ്ചവെച്ച രോഹിതിന്റെയും ധവാന്റെയും ബാറ്റിങ് തന്നെയായിരുന്നു ധോണിയുടെ കീഴിലെ ഇന്ത്യയുടെ മൂന്നാം ICC കിരീടനേട്ടത്തിന്റെ നട്ടെല്ല്. രോഹിത് ശർമയെന്ന പ്രതിഭയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം നിർണയിച്ച ടൂർണമെന്റ് കൂടിയായിരുന്നു അത്.

പക്ഷേ ആ പ്രതിഭയുടെ പുതിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരം നാം ആദ്യമായി കണ്ടത് 2013 നവംബർ മാസം രണ്ടാം തീയതി ആയിരുന്നു. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ദർശിച്ചത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരിന്നിംഗ്‌സായിരുന്നു. പൂർണമായും ബാറ്റിങ്ങിനനുകൂലമായിരുന്ന പിച്ചായിരുന്നു അതെന്നതു ശരി തന്നെ. പക്ഷേ പേരുകേട്ട ഓസീസ് നിരയ്‌ക്കെതിരെ അത്തരമൊരു ഇന്നിംഗ്സ് ഏതു സാഹചര്യത്തിലും ദുഷ്കരമായിരുന്നു. പക്ഷേ അനായാസമായ ബാറ്റിങ്ങിലൂടെയാണ് ആ മുംബൈക്കാരൻ ഓപ്പണിങ് ബാറ്റസ്മാൻ ഓസീസ് ബൌളിംഗ് നിരയെ തകർത്തെറിഞ്ഞത്.

ചിന്നസ്വാമിയിലെ പിച്ചും ചെറിയ ബൗണ്ടറികളുമായിരിക്കണം ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ജോർജ് ബെയ്‌ലിയെ ബൌളിംഗ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
പ്രത്യേകിച്ച് മുന്നൂറിനു മുകളിലുള്ള സ്കോർ പോലും സുരക്ഷിതമല്ലാതിരുന്ന ഒരു ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഏതു വലിയ സ്കോറും പിന്തുടരാൻ കഴിയുമെന്ന് അയാൾ വിശ്വസിച്ചു. പക്ഷേ ആ ആത്മവിശ്വാസത്തിന് ബെയ്‌ലിക്കു വലിയ വില നൽകേണ്ടി വന്നു.

തുടക്കത്തിൽ ശിഖർ ധവാൻ ആഞ്ഞടിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ വേഷമായിരുന്നു രോഹിതിന്. അതിവേഗം അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ധവാന്റെയും താനുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായ കൊഹ്ലിയുടെയും വിക്കെറ്റുകൾ രോഹിതിന് സമ്മർദമാകുമെന്നും എല്ലാവരും കരുതി. പക്ഷേ 71 പന്തുകളിൽ നിന്നും അർദ്ധ സെഞ്ചുറി നേടിയ രോഹിത് പിന്നീടങ്ങോട്ട് കൊടുങ്കാറ്റാവുകയായിരുന്നു. സ്പിൻ ബൗളർ ഡോർഹേതിയെയും പാർട്ട്‌ ടൈം ബൗളർ മാസ്‌വെല്ലിനെയും തുടർച്ചയായി അതിർത്തിവര കടത്തിയ അയാൾ പതിയെ ബാറ്റിങ് ഗിയറുകൾ മാറ്റിക്കൊണ്ടിരുന്നു. ഇതിനിടെ റെയ്നയും യുവിയും വേഗത്തിൽ പുറത്തായത് അയാളുടെ സ്കോറിങ് വേഗത സ്വല്പമൊന്നു കുറച്ചു.

കൂട്ടിനു ധോണിയെത്തിയതോടെ അയാൾ വീണ്ടും താളം കണ്ടെത്തി. 111 പന്തുകളിൽനിന്നും മൂന്നക്കം കടന്ന രോഹിത് പിന്നീടു തനിക്കെതിരെ വന്ന എല്ലാ ബൗളെർമാരെയും കണക്കിനു ശിക്ഷിച്ചു. വെറും ഇരുപത്തിയൊന്പതു പന്തുകളിൽനിന്നും അയാൾ തന്റെ അടുത്ത അൻപതു റണ്ണുകൾ നേടിയെടുത്തു. നിലം തൊടാതെ ഗാലറിയെ നോക്കി പറന്ന പന്തുകൾ നോക്കി ഓസീസ് ബൗളർമാർ നെടുവീർപ്പിട്ടു.

പിന്നീടായിരുന്നു യഥാർത്ഥ ഓസീസ് ദഹനം. ഡോർഹത്തി എറിഞ്ഞ നാല്പത്തിയേഴാം ഓവറിൽ രോഹിത് ഇരുപത്തിയാറു റണ്ണുകളാണ് നേടിയത്. മറുവശത്തു ധോണിയും ഫോമിലായതോടെ അവസാന അഞ്ചോവറിൽ നൂറിലധികം റണ്ണുകളാണ് ഇന്ത്യ നേടിയത്. അൻപതാം ഓവറിലെ ആദ്യപന്ത് കവറിന് മുകളിലൂടെ ഗാലറിയിലെത്തിച്ച രോഹിത് തന്റെ ഇരട്ട ശതകം പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ ലോങ്ങ്‌ ഓണിലൂടെ മറ്റൊരു സിക്സും നേടിയ ശേഷം മൂന്നാം പന്തിൽ പുറത്താകുമ്പോൾ നൂറ്റിയൻപത്തെട്ടു പന്തുകളിൽ നിന്നും ഒരു ഡസൻ ഫോറുകളും പതിനാറു സിക്സുകളുമടക്കം 208 റണ്ണുകൾ രോഹിതിന്റെ ബാറ്റിൽ നിന്നും പിറന്നിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയും ചിന്നസ്വാമിയിലെ ബാറ്റിങ് പിച്ചിനെ നന്നായി ഉപയോഗിച്ചു. പക്ഷേ വെറും 73 പന്തുകളിൽ നിന്നും 116 റണ്ണുകൾ നേടിയ ഓസീസ് ഓൾ റൗണ്ടർ ജെയിംസ് ഫുൾകനറിന്റെ ചെറുത്തുനില്പിനെയും അതിജീവിച്ച ഇന്ത്യ മൽസരത്തിൽ 57 റണ്ണുകളുടെ വിജയവുമായി ഇന്ത്യ മത്സരവും പരമ്പരയും വിജയിച്ചു. കളിയിലെയും പാരമ്പരയിലെയും കേമനായതും രോഹിത് ഗുരുനാഥ് ശർമ തന്നെ.

രോഹിത് ശർമയെന്ന ബാറ്സ്മാൻറെ കരിയറിൽ അതൊരു തുടക്കമായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറികൾ ഒരു സാധാരണ വിഷയമായി മാറ്റിയ രോ -ഹിറ്റ്‌ ശർമയുടെ പുതിയ മേച്ചിൽപുറങ്ങളുടെ തുടക്കം.

Leave a comment