Editorial Foot Ball legends Top News

ലയണൽ മെസ്സി ആഘോഷം തുടരുമ്പോൾ

October 30, 2019

author:

ലയണൽ മെസ്സി ആഘോഷം തുടരുമ്പോൾ

“അയാളുടെ കാലുകൾക്കു ക്ഷീണം ബാധിച്ചിരിക്കുന്നു. മറ്റൊരിക്കലും കാണാത്ത വിധം അയാളെ പരിക്കുകൾ ഗ്രസിക്കുന്നു. പതിയെ അയാൾ കളത്തിനു പുറത്തേക്കുള്ള യാത്ര തുടങ്ങുന്നു. ”

ഈ സീസണിന്റെ തുടക്കത്തിൽ ലയണൽ മെസ്സിയുടെ പ്രകടനം കണ്ട പലരും ഈ സംശയങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ അവരിന്നു തങ്ങളുടെ വാക്കുകൾ തിരിച്ചെടുക്കുകയാണ്. കാരണം അയാൾ തന്നെ ലോകഫുട്ബോളിൽ തന്റെ പ്രസക്തി ഒട്ടും തന്നെ നഷ്ടമായിട്ടില്ലെന്ന് ലയണൽ മെസ്സി വീണ്ടും തെളിയിക്കുമ്പോൾ കളിക്കളങ്ങൾ വീണ്ടും അയാളുടെ മുന്നിൽ കീഴടങ്ങുവാൻ തുടങ്ങി. ഗാലറികൾ അയാളുടെ പ്രകടനങ്ങൾക്കു മുന്നിൽ വിസ്മയത്തോടെ നിശബ്ദമായി. ആ നിശബ്ദതയ്ക്കു ശേഷം കൂടുതൽ ശക്തിയോടെ പൊട്ടിത്തെറിച്ച ആ ഗാലറികൾ സ്വയം ആ ചോദ്യമുനനയിച്ചു എങ്ങനെയാണ് അയാൾക്കിതു സാധിക്കുന്നത്. ഒരു ദശാബ്ദക്കാലത്തിലേറെയായി ഒട്ടു മറ്റുകുറയാതെ തന്റെ പ്രതിഭയെ തേച്ചു മിനുക്കി കാത്തുസൂക്ഷിക്കുവാൻ അയാൾക്ക് എങ്ങനെ കഴിയുന്നു?

കാൽപന്തുകളിയുടെ ചരിത്രത്തിൽ മെസ്സിയെക്കാൾ മികച്ച കളിക്കാർ ഉണ്ടായിട്ടില്ലേ?. തീർച്ചയായും ഉണ്ടെന്നു തന്നെയാണ് ഉത്തരം. പക്ഷേ അവരാരും ഇത്രയധികം കാലം നമ്മെ ഒരുപോലെ സന്തോഷിപ്പിച്ചിട്ടില്ല. അതു തന്നെയാണ് മെസ്സിയിലെ ഏറ്റവും മികച്ച ഗുണവും. വിമർശകർ എഴുതിത്തള്ളൂന്നിടത്തു നിന്നും മറ്റൊരു മാസ്മരിക പ്രകടനത്തിലൂടെ അയാൾ തിരിച്ചുവരവുകൾ നടത്തിക്കൊണ്ടേയിരുന്നു.

അത്തരമൊരു തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം മെസ്സിയുടെ സ്വന്തം ക്യാമ്പ്‌ നു വേദിയായത്. അതങ്ങനെയാണ് ക്യാമ്പ്‌ ന്യൂവിൽ കാലുകുത്തുമ്പോൾ മെസ്സി വീണ്ടും ആ പഴയ ചെറുപ്പക്കാരനാകും. അയാളുടെ കാലുകൾക്കു വേഗതയും ശ്വാസത്തിനു ഗർജ്ജനത്തിന്റെ ശൗര്യവും കൈവരും. അതിനു മുന്നിലാണ് റയൽ വല്ലോയിഡ് കീഴടങ്ങിയത്. ഒന്നിനെതിരെ അഞ്ചു ഗോളിനു ബാഴ്സ ജയിച്ചു കയറിയപ്പോൾ അതിൽ നാലിലും ലയണൽ മെസ്സിയെന്ന കലാകാരന്റെ കയ്യൊപ്പു പതിഞ്ഞിരുന്നു. രണ്ടു ഗോളും രണ്ടു അസിസ്റ്റുമായി ടീമിനെ മുന്നിൽ നിന്നു നയിച്ചു മെസ്സി.

മുപ്പത്തിയഞ്ചാം മിനുറ്റിൽ മെസ്സിയുടെ കാലിൽ നിന്നും പിറന്ന ബാഴ്സയുടെ മൂന്നാം ഗോൾ തന്നെയായിരുന്നു മത്സരത്തിലെ മുഖ്യ ആകർഷണം. എത്ര തവണയാണ് നാം അതിനു സാക്ഷ്യം വഹിച്ചിട്ടുള്ളത്?. അതേ, അതൊരു തനിയാവർത്തനം മാത്രമായിരുന്നു ഇരുപതിലധികം വാര അകലം, ഇടംകാലൻ ഷോട്ട്, വായുവിൽ മഴവില്ലു വരച്ച് ക്രോസ് ബാറിനരികിലൂടെ വലയ്ക്കകത്തേക്കു പറന്നിറങ്ങുന്ന പന്ത്. എല്ലാം പഴയതുപോലെ തന്നെ. അയാളുടെ പ്രതിഭയ്ക്കും ഭാവനയ്ക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അവ ഇനിയും നമ്മെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കും. ഒരുപാടു കാലം.

വീണ്ടുമൊരിക്കൽക്കൂടി അയാൾ എതിരാളികളുടെ വല ചലിപ്പിച്ചു. മനോഹരമായ ഒരു ഹാഫ് വോളിയിലൂടെ. സഹ സ്‌ട്രൈക്കറായ ലൂയിസ് സുവാരസിന് തളികയിലെന്നവണ്ണം ഒരു അസിസ്റ്റും നൽകിയാണ് അയാൾ കളം വിട്ടത്. അയാൾക്കുവേണ്ടി ആരവങ്ങൾ മുഴക്കുന്നതിനിടെ ക്യാമ്പ്‌ ന്യൂവിൽ സന്നിഹിതരായ ഓരോ വ്യക്തിയും മനസ്സുകൊണ്ട് അയാളെ ആയിരംവട്ടം ആലിംഗനം ചെയ്തിരിക്കണം

അല്ലെങ്കിലും ആ മഴവില്ലുകളെ സ്നേഹിക്കാതിരിക്കാൻ ആർക്കാണ് സാധിക്കുക?

Leave a comment