Editorial Foot Ball legends Top News

മാനേ ഗാരിഞ്ച; വളഞ്ഞ ചിറകുകളുള്ള മാലാഖയുടെ ഓർമയ്ക്ക്

October 28, 2019

author:

മാനേ ഗാരിഞ്ച; വളഞ്ഞ ചിറകുകളുള്ള മാലാഖയുടെ ഓർമയ്ക്ക്

കാലചക്രത്തെ പിന്നിലേക്കു തിരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു നീണ്ട തീർത്ഥാടനം നടത്തിയേനെ. ഓരോ ലോകകപ്പുകളിലൂടെ, വാഴ്ത്തപ്പെട്ടവരുടെയും വീണുപോയവരുടെയും ഹൃദയവികാരങ്ങളിലൂടെയുള്ള ഒരു യാത്ര. ഡീഞ്ഞോയിലും സിദാനിലും റൊണാൾഡോയിലും തുടങ്ങി ബാജിയോയിലൂടെയും ക്രൈഫിലൂടെയും മറഡോണയിലൂടെയും സഞ്ചരിച്ചു ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ടീമുകളിലൊന്നായ 1950കളിലെ ബ്രസീൽ ടീമിലെത്തുമ്പോൾ പെലെ എന്ന മാന്ത്രികന് സമീപത്തായി നമുക്കൊരു മാലാഖയെ കാണാൻ സാധിക്കും. പെലെയേക്കാളേറെ ബ്രസീലുകാർ സ്നേഹിക്കുന്ന അവരുടെ സ്വന്തം ഗാരിഞ്ചയെ.

1933 ഒക്ടോബർ മാസം ഇരുപത്തിയെട്ടാം തീയതി ബ്രസിലിലെ പാവു ഡി ഗ്രാൻഡെ എന്ന സ്ഥലത്താണ് മാന്വൽ ഫ്രാൻസിസ്‌കോ ഡി സാന്റോസ് എന്ന ഗാരിഞ്ച ജനിച്ചത്.
തികഞ്ഞ മദ്യപാനിയായ ഒരു പിതാവിന് കടുത്ത ദാരിദ്ര്യത്തിന്റെ നടുവിൽ ജനിച്ചുവീണ ആ ബാലനെ അതിലേറെ അലട്ടിയിരുന്നത് ആറു സെന്റീമീറ്ററുകളോളം നീളവ്യത്യാസമുള്ള അവന്റെ രണ്ടു കാലുകളായിരുന്നു. ഏവരുടെയും പരിഹാസങ്ങളേറ്റുവാങ്ങി ആ ബാല്യം മുന്നോട്ടുപോയി. ഒരു ദിവസം ഒരു പക്ഷിക്കുഞ്ഞുമായി വീട്ടിലെത്തിയ അവനോട് അവന്റെ ചേച്ചി പരിഹാസത്തോടെ പറഞ്ഞു.”നോക്കു ഇത് ‘ഗാരിഞ്ചയാണ്’ (വളരെ ചെറിയ പക്ഷി) നിന്നെപോലെ തന്നെയാണ് ഇതും, ഒരു ഗുണവുമില്ല”… ആ പക്ഷി അപ്പോൾ തന്നെ പറന്നു പോയിരിക്കാം, പക്ഷെ അതു സമ്മാനിച്ച ഗാരിഞ്ച എന്ന പേര് എന്നും അവനോടൊപ്പമുണ്ടായിരുന്നു.

വില്ലുപോലെ വളഞ്ഞ കാലുള്ള ഗാരിഞ്ചക്ക് തുടക്കത്തിൽ കളിക്കളങ്ങളിൽ ഒരു പകരക്കാരന്റെ സ്ഥാനമായിരുന്നു. പക്ഷെ അവനിലെ പ്രതിഭ തെളിയിക്കപ്പെടാൻ അതു തന്നെ ധാരാളമായിരുന്നു. അലസനായ അവൻ ഒരു നേരമ്പോക്കായി മാത്രമായിരുന്നു ഫുട്ബോളിനെ കണ്ടിരുന്നത്. തന്റെ ആദ്യ ക്ലബ്ബായ ബോട്ടഫൊഗോക്കുവേണ്ടിയുള്ള ഗാരിഞ്ചയുടെ പ്രകടനം കണ്ട ബ്രസീലിന്റെ ദേശീയടീമംഗമായിരുന്ന നിൽടോൺ സാന്റോസ് അവനെ ദേശീയ ക്യാംപിലെത്തിച്ചു. ആദ്യകാലത്തു സൂപ്പർ താരങ്ങളുടെ ബാഹുല്യം മൂലം സ്ഥിരമായി ടീമിലിടം നേടാനായില്ലെങ്കിലും 1958 ലോകകപ്പിലേക്കുള്ള ടീമിൽ ഗാരിഞ്ച ഇടംനേടി.

തന്റെ പ്രതിഭയിലുള്ള അമിതവിശ്വാസം കൊണ്ടാകാം, പലപ്പോഴും ഒറ്റയ്ക്ക് ഗോളടിക്കാൻ ശ്രമിച്ചിരുന്നു ഗാരിഞ്ച. അതിനാൽ തന്നെ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഗാരിഞ്ച ടീമിൽ ഇടം നേടിയില്ല. എന്നാൽ USSR നെതിരായ മത്സരത്തിൽ ഒരു പുതിയ ഇലവനെ പരീക്ഷിക്കാൻ കോച് തീരുമാനിച്ചു. പെലെ എന്ന ഫുഡ്‌ബോൾ മാന്ത്രികനോടൊപ്പം ഗാരിഞ്ചയും ആ മത്സരത്തിൽ തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു.

പെലെ, ഗാരിഞ്ച, വാവ എന്നിവരങ്ങടങ്ങുന്ന ലോകത്തിലെ തന്നെ ഏറ്റവും മൂർച്ചയേറിയ ആക്രമണനിരയാണ് അന്ന് ജന്മമെടുത്ത. 1958 ൽ ആദ്യമായി ബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്ത ഇവരെ ബ്രസീൽ ജനത നെഞ്ചിലേറ്റി. ലാറ്റിനമേരിക്കൻ ഫുട്ബോൾ ജന്മം നൽകിയ എക്കാലത്തെയും മികച്ച ഫുട്ബോളർമാരുടെ നിരയിലേക്ക് ഗാരിഞ്ച എന്ന പേരും എഴുതിചേർക്കപ്പെട്ടു.

1962 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പെലേക്കു പരിക്കേറ്റത് ബ്രസീലിനു കനത്ത തിരിച്ചടിയായികണക്കാക്കപ്പെട്ടു. പക്ഷെ ഗാരിഞ്ച എന്ന പോരാളി തോൽക്കാൻ തയാറായിരുന്നില്ല. അസാമാന്യ ഡ്രിബ്ലിങ് മികവിലൂടെ ഗോളടിച്ചും അടിപ്പിച്ചും ഗാരിഞ്ച ടീമിനെ മുന്നോട്ടു നയിച്ചു. തുടർച്ചയായ തങ്ങളുടെ രണ്ടാം ലോകകിരീടം ബ്രസീലിനു നേടിക്കൊടുക്കുമ്പോൾ ഗാരിഞ്ച ബ്രസീലുകാർക് വീരപുരുഷനായി മാറിയിരുന്നു.
ഉപയോഗമില്ലാത്തവൻ എന്നർത്ഥം വരുന്ന ഗാരിഞ്ച എന്ന പേര് ബ്രസീൽ ജനത ആരാധനയോടെ ഉച്ഛരിച്ചു. 1962 ലോകകപ്പിലെ മികച്ച കളിക്കാരനായതും ഗാരിഞ്ച തന്നെയായിരുന്നു.

ലോകഫുട്ബോൾ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഡ്രിബ്ലർ ആയി വിശേഷിപ്പിക്കപ്പെടുന്ന ഗാരിഞ്ച ക്ലബ്‌ തലത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ബോട്ടഫൊഗോ ക്ലബിന്വേണ്ടി നീണ്ട 12 വർഷങ്ങൾ ബൂട്ടണിഞ്ഞ ഗാരിഞ്ച മുന്നൂറോളം ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. കരിയറിന്റെ അവസാന നാളുകളിൽ കോറിന്തിയൻസിൽ എത്തിപ്പെട്ട ഗാരിഞ്ച പിന്നീട് അത്ലറ്റികോ ജൂനിയറിന് വേണ്ടിയും ഫ്ലെമിംഗോക്ക് വേണ്ടിയും കളത്തിലിറങ്ങി.

കളിക്കളത്തിനു പുറത്തു തികച്ചും കുത്തഴിഞ്ഞ ജീവിതമായിരുന്നു ഗാരിഞ്ചയുടെത്. ഒരു തികഞ്ഞ മദ്യപാനിയായിരുന്നു അവൻ. മദ്യപിച്ചു ലക്കുകെട്ട ഗാരിഞ്ച സ്വന്തം പിതാവിനെ വാഹനമിടിച്ചു വീഴ്ത്തിയ സംഭവംവരെയുണ്ടായിട്ടുണ്ട്. മറ്റൊരു വാഹനാപകടത്തിലാകട്ടെ ഭാര്യാമാതാവിന്റെ ജീവൻ തന്നെ നഷ്ടപ്പെടുത്തി. മദ്യപാനവും തകർന്ന കുടുംബജീവിതവും അവനെ ഒരു ഭ്രാന്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ബ്രസീലിയൻ ജനത അവനെ അളവറ്റു സ്നേഹിച്ചു. “ഒരു ജനതയുടെ സന്തോഷം” എന്നായിരുന്നു ബ്രസീലീയൻ മാധ്യമങ്ങൾ അവനെ വിശേഷിപ്പിച്ചിരുന്നത്.

1973 ഡിസംബർ 19ആം തീയതി നടന്ന ബ്രസീൽ vs ലോക ഇലവൻ ഫെയർവെൽ മാച്ചോടുകൂടെ കളിക്കളത്തോടു വിടപറഞ്ഞ ഗാരിഞ്ച ലിവർ സിറോസിസ് എന്ന മദ്യജന്യ രോഗം മൂലം 1983 ജനുവരി 20നു തന്റെ നാല്പത്തിയൊന്പതാം വയസ്സിൽ ഭൂമിയോടും വിട പറഞ്ഞു. ഗാരിഞ്ചയുടെ മൃതദേഹം പൊതുദര്ശനത്തിനു വച്ചിരുന്ന മറക്കാനാ സ്റ്റേഡിയത്തിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് അന്ദ്യോപചാരമർപ്പിക്കാനായി ഒഴുകിയെത്തിയത്.

തന്റെ ജന്മദേശമായ പാവു ഗ്രാൻഡെയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഗാരിഞ്ചയുടെ സ്മാരകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. “He was a sweet child / He spoke with the birds.” ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ബ്രസീലുകാരുടെ മനസ്സിൽ നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയാണ് ഗാരിഞ്ച. തങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റി അതിവേഗം മേഘങ്ങൾക്കിടയിലേക്കു മറഞ്ഞുപോയൊരു കൊച്ചു മാലാഖക്കുട്ടി.

Leave a comment