Editorial Foot Ball Top News

പുത്തൻ പ്രതീക്ഷയായി ഒഡീഷയുടെ ജെറി

October 27, 2019

author:

പുത്തൻ പ്രതീക്ഷയായി ഒഡീഷയുടെ ജെറി

ഇന്ത്യൻ സൂപ്പർ ലീഗ് ഒന്നാം വാരം പൂർത്തിയാക്കുമ്പോൾ ഒരുപാടു പ്രതീക്ഷകൾ നൽകുന്നുണ്ട്. എ.ടി. കെയുടെ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, നോർത്ത് ഈസ്റ്റിന്റെ അസമാവോ ഗ്യാൻ, ഗോവയുടെ കോറോമിനാസ്, കേരള ബ്ലാസ്റ്റേഴ്‌സ് താരം ബാർത്തലോമ്യോ ഓഗ്‌ബച്ചേ എന്നിങ്ങനെ മികച്ച പ്രകടനം നടത്തിയ വിദേശ താരങ്ങൾക്കൊപ്പം ഒരുപിടി ഇന്ത്യൻ ആഭ്യന്തര താരങ്ങളും മികച്ച പ്രകടനങ്ങളുമായി ലീഗിൽ നിറഞ്ഞു നില്കുന്നു.

ആദ്യ വാരം പൂർത്തിയാകുമ്പോൾ ഏറ്റവും പ്രതീക്ഷ നൽകുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ഒഡീഷ എഫ്. സിയുടെ ജെറി മാവിമിങ്താങ്ക. രണ്ടു കളികളിലും പരാജയപ്പെട്ട ഒഡീഷ എഫ്. സി യുടെ പ്രകടനത്തിലെ ഏക രജതരേഖയാണ് ജെറി എന്ന മിസോറാംകാരന്റെ മധ്യനിരയിലെ പ്രകടനം.

ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളിൽ കളിച്ച പരിചയമുള്ള ജെറി ഡി.എസ്. കെ ശിവാജിയൻസിൽ നിന്നും ലോണിൽ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായാണ് ഇന്ത്യൻ സൂപ്പർലീഗിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ട്രാൻസ്ഫറിലൂടെ ജംഷഡ്പൂർ മധ്യനിരയിലെത്തിയ ജെറി അവിടെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണിൽ ഒഡീഷ എഫ്. സിയ്ക്കുവേണ്ടിയാണ് ഈ യുവതാരം പന്തുതട്ടുന്നത്. രണ്ടു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും മാനേജ്മെന്റ് തന്നിൽ നൽകുന്ന പ്രതീക്ഷകളെ ന്യായീകരിക്കാൻ ജെറിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഒഡീഷയുടെ സ്പാനിഷ് പരിശീലകൻ ജോസഫ് ഗോംബാവുവിന്റെ പദ്ധതികളിൽ ജെറി ആദ്യം മുതൽക്കേ ഇടം പിടിച്ചിരുന്നു. രണ്ടു മത്സരങ്ങളിലും ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ച ജെറി അറ്റാക്കിങ് മിഡ് ഫീൽഡറായി തിളങ്ങുകയും ചെയ്തു. ജംഷഡ്പൂരിനെതിരായ ആദ്യ മത്സരത്തിൽ നിർഭാഗ്യം കൊണ്ടു മാത്രമാണ് ജെറി സ്കോർ ഷീറ്റിൽ ഇടം നേടാതിരുന്നത്. ജെറിയുടെ ഒരു മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചുപോവുകയായിരുന്നു. എങ്കിലും മത്സരത്തിൽ ഒഡീഷ നേടിയ ഒരു ഗോളിനു വഴിയൊരുക്കിയ ജെറി കാണികളുടെ പ്രശംസകൾ നേടിയെടുത്തു.

നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനെതിരായ മത്സരത്തിലും ജെറി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. മികച്ച റണ്ണുകളുമായി എതിർ ഡിഫൻസിനെ പിളർന്നു മുന്നേറുന്ന ജെറിയെ തളയ്ക്കാൻ എതിരാളികൾ നന്നേ പാടുപെട്ടു. പക്ഷേ നോർത്ത് ഈസ്റ്റ്‌ ഗോൾകീപ്പർ സുഭാഷിശ് റോയ് ചൗധരിയുടെ മികച്ച പ്രകടനം ഒഡീഷയ്ക്കു വിലങ്ങുതടിയായി.

രണ്ടു മത്സരങ്ങളിലും ഒഡീഷ എഫ്.സി നിരയിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായാണ് ജെറി കളം വിട്ടത്. തുടർന്നുള്ള മത്സരങ്ങളിലും ജെറി മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷ.

Leave a comment