ഒരു ഇന്ത്യൻ ടെന്നീസ് കുടുംബകഥ
ഇന്ത്യൻ കായികചരിത്രത്തിൽ ദക്ഷിണേന്ത്യക്ക് അതിന്റെതായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് റാക്കറ്റ് സ്പോർട്സ് ഇനങ്ങളായ ടെന്നീസ്, ബാഡ്മിന്റൺ, സ്ക്വാഷ് മുതലായവയിൽ ഒരുപടി മുന്നിലാണ് തെന്നിന്ത്യൻ താരങ്ങളുടെ സ്ഥാനം. സിന്ധു, സാനിയ, സൈന, ശ്രീകാന്ത്, ദിപിക, മുതലായ ഒരുപിടി മികവുറ്റ കളിക്കാരെ ഇന്ത്യൻ കായികരംഗത്തിന് സംഭാവന ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ പേരുകളിൽ ആദ്യസ്ഥാനം കയ്യാളാൻ എന്തുകൊണ്ടും യോഗ്യനാണ് രാമനാഥൻ കൃഷ്ണൻ എന്ന മഹാനായ ടെന്നീസ് താരം.
1937 ഏപ്രിൽ 11 നു തമിഴ്‌നാട്ടിലെ നാഗർകോവിൽ എന്ന സ്ഥലത്തു ടെന്നീസ് പരിശീലകനായ ടി.കെ. രാമനാഥന്റെ മകനായാണ് കൃഷ്ണൻ ജനിച്ചത്. പൈതൃകമായി ലഭിച്ച പ്രതിഭയും നല്ല ഒരു പരിശീലകനായ അച്ഛന്റെ ഉപദേശങ്ങളും കൃഷ്ണനെ ദേശീയ തലത്തിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ സഹായിച്ചു. മകൻ ഒരു മികവുറ്റ ടെന്നീസ് കളിക്കാരനാകാൻ വേണ്ടി സ്വന്തമായി ഒരു പ്രൈവറ്റ് കോർട്ട് നിർമ്മിച്ചാണ് രാമനാഥൻ തന്റെ മകനെ പരിശീലിപ്പിച്ചിരുന്നത്.
1954 ൽ ജൂനിയർ വിംബിൾഡൺ ചാമ്പ്യൻ ആകുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയാണ് അന്തർദേശിയ ടെന്നിസിൽ കൃഷ്ണൻ തന്റെ വരവറിയിച്ചത്. 1959 വിംബിൾഡണിലൂടെ സീനിയർ ഗ്രാൻഡ്സ്ലാം ടൂർണമെന്റ് അരങ്ങേറ്റം നടത്തിയ കൃഷ്ണൻ മൂന്നാം റൗണ്ടിൽ തോറ്റു പുറത്തായി. എന്നാൽ അടുത്ത വർഷം നടന്ന ഡേവിഡ് കപ്പ് ടൂർണമെന്റിൽ നമ്പർ വൺ കളിക്കാരനായിരുന്ന ഓസ്‌ട്രേലിയൻ താരം റോഡ് ലെവറിനെ കൃഷ്ണൻ അട്ടിമറിച്ചു. ഈ പ്രകടനങ്ങൾ കൃഷ്ണനെ അടുത്ത വർഷം നടന്ന വിംബിൾഡൺ ടൂർണമെന്റിൽ സീഡഡ് താരമാക്കി. ഏഴാം സീഡായിരുന്ന കൃഷ്ണൻ സെമി ഫൈനലിൽ പ്രവേശിച്ചെങ്കിലും നീൽ ഫ്രേസറിനോട് തോറ്റു.
1961ലാണ് കൃഷ്ണൻ തന്റെ ഏറ്റവും മികച്ച വിജയം നേടിയത്. 12 തവണ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള റോയ് എമേഴ്സൺ എന്ന ടെന്നീസ് പ്രതിഭാസത്തെ തകർത്ത കൃഷ്ണൻ ആ വർഷം വിംബിൾഡൺ സെമി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ സെമി ഫൈനലിൽ റോഡ് ലേവറിനോട് അദ്ദേഹത്തിന് പരാജയം സമ്മതിക്കേണ്ടി വന്നു. വിംബിൾഡണിലെ മികച്ച പ്രകടനം കൃഷ്ണനെ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തിച്ചു. 1962ൽ നാലാം സീഡ് ആയി വിമ്പിൾഡണിൽ മത്സരിച്ചുവെങ്കിലും പരിക്കുമൂലം ടൂർണമെന്റിൽ നിന്നും പിന്മാറി. ആ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലെത്താനും കൃഷ്ണനു കഴിഞ്ഞു.
ഡേവിസ് കപ്പുകളിലും കൃഷ്ണൻ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. കൃഷ്ണൻ അടങ്ങുന്ന ഇന്ത്യൻ ടീം 1966 ഡേവിസ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. 1959 മുതൽ 1968 വരെയുള്ള വർഷങ്ങൾക്കിടയിൽ 5 തവണ കൃഷ്ണൻ അടങ്ങുന്ന ഇന്ത്യൻ ടീം ഇന്റർ സോണൽ ഫൈനലും കളിച്ചിട്ടുണ്ട്. മിക്ക ടൂര്ണമെന്റുകളിലും കൃഷ്ണന്റെ അന്താരാഷ്‌ട്ര മത്സരപരിചയം തന്നെയാണ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായത്. തുടർച്ചയായി ആറു വർഷം ദേശീയ കിരീടം നേടിയ അദ്ദേഹത്തിന്റെ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിലകൊള്ളുന്നു.
“Touch Tennis” എന്നറിയപ്പെട്ട കരബലതിനേക്കാൾ പ്ലേസ്‌മെന്റിനു പ്രാധാന്യം കൊടുത്തിരുന്ന ബുദ്ധിപൂർവമായ ശൈലിയിലാണ് കൃഷ്ണൻ കളിച്ചിരുന്നത്. ഡ്രോപ് ഷോട്ടുകളും എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ആംഗിൾഡ് ഷോട്ടുകളുമായിരുന്നു കൃഷ്ണന്റെ പ്രധാന ആയുധങ്ങൾ. അന്താരാഷ്‌ട്ര തലത്തിൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ കേളീശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1961ൽ അർജുന അവാർഡും 62ൽ പദ്മശ്രീയും 1967ൽ പദ്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1968ൽ കൃഷ്ണൻ അന്താരാഷ്ട്ര ടെന്നിസിൽ നിന്നും വിരമിച്ചു. പക്ഷെ 1980 കളിൽ അദ്ദേഹത്തിന്റെ പേരു വീണ്ടും ടെന്നീസ് വേദികളിൽ സജീവമായി. ഇത്തവണ തന്റെ മകൻ രമേശ് കൃഷ്ണന്റെ പരിശീലകനായാണ് അദ്ദേഹം എത്തിയത്. അച്ഛന്റെ പാത പിന്തുടർന്ന രമേശ് വിമ്പിൾഡണിലും ഫ്രഞ്ച് ഓപ്പണിലും ജൂനിയർതല കിരീടം നേടി. പിന്നീട് സീനിയർ വിഭാഗത്തിൽ 1981,1987 യൂ എസ് ഓപ്പണിലും 1986 വിംബിൾഡണിലും ക്വാർട്ടർ ഫൈനൽ പ്രവേശനവും നേടി രമേശ് തങ്ങളുടെ മൂന്നാം തലമുറയുടെ നിയോഗം ധന്യമാക്കി. 1992 ഒളിംപിക്സിൽ ലിയാണ്ടർ പേസുമൊത്തു രമേശ് കൃഷ്ണൻ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 1998 ൽ പദ്മശ്രീ പുരസ്‌കാരം നൽകിയാണ് രാജ്യം രമേശിന്റെ സംഭാവനകളെ ബഹുമാനിച്ചത്.
നിലവിൽ രാമനാഥനും രമേശും ചേർന്നു ചെന്നൈയിൽ ഒരു ടെന്നീസ് അക്കാദമി നടത്തുന്നുണ്ട്. മൂന്നു തലമുറകളായി കൈമാറിവരുന്ന ആ കളിമികവു പാഠപുസ്തകമാക്കി ഇനിയും ഒരുപാടു മഹാന്മാരായ ടെന്നീസ് താരങ്ങൾ ഇനിയും ആ അക്കാദമിയിലൂടെ വളർന്നുവരട്ടെ എന്നു പ്രാർത്ഥിക്കാം.






































