സഞ്ജു യാത്ര തുടങ്ങുമ്പോൾ
ഒടുവിൽ അയാളുടെ പ്രകടനങ്ങൾക്കു മുന്നിൽ സെലെക്ടർമാരുടെ കണ്ണുകൾ തുറന്നിരിക്കുന്നു. ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ അയാൾക്കു മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന്റെ പേരും വായിക്കുമ്പോൾ ഓരോ മലയാളിയുടെ ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിരിയുമെന്നു തീർച്ച. കാരണം അയാളുടെ ഉയർച്ച ഓരോ മലയാളിയും അത്രയേറെ ആഗ്രഹിക്കുന്നു.
ആദ്യമായി ഇന്ത്യൻ ടീമിനുവേണ്ടി കളിക്കാൻ ഭാഗ്യം ലഭിച്ച പൂർണമലയാളി ടിനു യോഹന്നാൻ ആണെങ്കിലും അതിനു മുന്നേ തന്നെ ചില മലയാളിത്തിളക്കം ഇന്ത്യൻ ടീമിനു കൈവന്നിരുന്നു. 1983 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയെങ്കിലും കളത്തിലിറങ്ങാൻ ഭാഗ്യം ലഭിക്കാതെ പോയ സുനിൽ വാൽസൺ, മുംബൈ മലയാളിയായ അബി കുരുവിള, ഇന്ത്യൻ ഉപനായകസ്ഥാനം വരെ വഹിച്ച പാതി മലയാളി അജയ് ജഡേജ അങ്ങനെ നീളുന്നു ആ പട്ടിക.
ടീമിൽ വന്നുപോയ ടിനുവിനു ശേഷം മലയാളികളുടെ ആശയും പ്രതീക്ഷയുമായത് ശ്രീശാന്ത് എന്ന ഫാസ്റ്റ് ബൗളറായിരുന്നു. അയാളുടെ വേഗത്തിനു മുന്നിൽ ലോക ക്രിക്കറ്റിലെ വന്മരങ്ങൾ പോലും പകച്ചു നില്കുന്നതു കണ്ട മലയാളികൾ എത്രയോ തവണ രോമാഞ്ചം എന്ന അവസ്ഥയിലൂടെ കടന്നുപോയിരുന്നു. ഇന്ത്യൻ ടീമിന്റെ പേസ് ബാറ്ററിയുടെ കടിഞ്ഞാൺ ശ്രീയുടെ കൈകളിൽ ഭദ്രമാകുമെന്നു പ്രതീക്ഷിടത്തു നിന്നുമാണ് അയാൾക്കു പിഴയ്ക്കാൻ തുടങ്ങിയത്. മോശം ഫോമിനും പിന്നാലെ വന്ന സ്പോട് ഫിക്സിങ് വിവാദത്തിലും അയാളുടെ കരിയർ നശിച്ചുപോകുന്നതും നാം കണ്ടുനിന്നു. എങ്കിലും ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ ശ്രീശാന്ത് ഒരുപാട് അഭിമാന നിമിഷങ്ങൾ മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്.
ശ്രീയ്ക്കു പിഴച്ചിടത്തുനിന്നുമാണ് സാംസന്റെ ടീമിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന്റെ ആത്മവിശ്വാസം ഉയർത്തിയത്. തന്റേതായ ദിവസങ്ങളിൽ ഏതു പേരുകേട്ട ബൌളിംഗ് നിരയെയും ഭസ്മമാക്കാൻ തനിക്കു കഴിയുമെന്ന് അയാൾ നമുക്കു തെളിയിച്ചു തന്നത് ഐ. പി. എല്ലിലെ മികച്ച പ്രകടനങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ സീസണിൽ സെഞ്ചുറിയടക്കം ലീഗിൽ നടത്തിയ പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ തനിക്കു തിളങ്ങാൻ സാധിക്കുമെന്ന അയാൾ ആരാധകരെ വിശ്വസിപ്പിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ നേടിയ ഇരട്ടസെഞ്ചുറി ആ യാത്രയുടെ വേഗം കൂട്ടിയെന്നു പറയാം. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെയുള്ള ടി ട്വന്റി മത്സരങ്ങൾക്കുള്ള ടീം ലിസ്റ്റിൽ സഞ്ജുവിന്റെ പേരും ഇടം പിടിച്ചിരിക്കുന്നു.
ഇതൊരു തുടക്കം മാത്രമാണ്. ആത്മവിശ്വാസത്തോടെ ആ യാത്ര സഞ്ജു തുടങ്ങുമെന്നു പ്രതീക്ഷിക്കാം. ടിനുവിനെപ്പോലെ തുടക്കം പിഴയ്ക്കാതെ ശ്രീശാന്തിനെപ്പോലെ പകുതിയിൽ നശിക്കാതെ അയാൾ ആ യാത്രയിൽ വളരെയധികം ദൂരം മുന്നേറട്ടെ. മലയാളിയുടെയും ഇന്ത്യയുടേയും അഭിമാനമായി.






































