ബി.സി.സി.ഐയുടെ പ്രസിഡന്റാവാന്‍ ഏറ്റവും അനുയോജ്യൻ ഗാംഗുലി ആണെന്ന് വിനോദ് റായ്
ബിസിസിഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി ചുമതലയേറ്റത്. ബി.സി.സി.ഐയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ ഗാംഗുലി തന്നെയാണെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍സ് മേധാവി വിനോദ് റായ് പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. ആ രീതിയിൽ ബിസിസിയിലും അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയുമെന്ന് വിനോദ് റായ് പറഞ്ഞു.
ഗാംഗുലി ബിസിസിഐയുടെ 39-ാം പ്രസിഡന്റാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയായും, അരുൺ ധുമാൽ പുതിയ ട്രഷററുമായി ചുമതലയേറ്റു. ഇവരെ കൂടാതെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികള്‍, ഐപിഎല്‍ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി. കഴിഞ്ഞ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. പത്ത് മാസമാസമാണ് ഗാംഗുലിയുടെ കാലാവധി.






































