Editorial Tennis Top News

ലോകത്തിന്റെ നെറുകയിൽ പൃഥ്വി

October 23, 2019

author:

ലോകത്തിന്റെ നെറുകയിൽ പൃഥ്വി

ഇന്ത്യയ്‌ക്കൊരു പുതിയ ലോകചാമ്പ്യനെ ലഭിച്ചിരിക്കുന്നു. അധികമാരും അറിയാതെ പോയൊരു ലോകചാമ്പ്യൻ. തുർക്കിയിലെ അന്റാല്യയിൽ നടന്ന ബധിരർക്കായുള്ള ടെന്നിസ് ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ചെന്നൈ സ്വദേശിയായ പൃഥ്വി ശേഖറാണ് ഇന്ത്യയുടെ അഭിമാനമായത്.

ചെന്നൈ സ്വദേശികളായ ശേഖറിന്റെയും പദ്മാവതി ശേഖറിന്റെയും മകനായി ജനിച്ച പൃഥ്വിക്ക് ജന്മനാൽ കേൾവിശക്തി ഇല്ലായിരുന്നു. കുട്ടിക്കാലത്തു ക്രിക്കറ്റിലും ടെന്നീസിലും ഒരുപോലെ കഴിവു തെളിയിച്ച പൃഥ്വി പക്ഷേ പ്രൊഫഷണൽ കരിയറിനായി തെരഞ്ഞെടുത്തതു ടെന്നീസായിരുന്നു. കഠിനമായ പരിശീലനത്താൽ തന്റെ അംഗപരിമിതിയെ ടെന്നീസിലാകും മറികടക്കാൻ കഴിയുക എന്നവൻ വിശ്വസിച്ചു. 2011ലാണ് പൃഥ്വി ദേശീയ തലത്തിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം ബധിരർക്കായുള്ള ദേശീയ ഗെയിംസിൽ ഇരട്ട സ്വർണം നേടിയ പൃഥ്വി തന്റെ മികവു തെളിയിച്ചു.

2013ൽ തന്റെ പതിനേഴാം വയസ്സിൽ ബൾഗേറിയയിൽ നടന്ന ബധിരർക്കായുള്ള ഒളിംപിക്സിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ശേഷം രാജ്യത്തിനകത്തും പുറത്തുമായി നടന്ന നിരവധി ടെന്നീസ് ടൂർണമെന്റുകളിൽ പങ്കെടുത്ത പൃഥ്വിയുടെ കരിയറിലെ നിർണായക വഴിത്തിരിവായത് 2018 മെയ് മാസത്തിൽ ചൈനയിൽ വച്ചു നടന്ന അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ലോക ടെന്നീസ് ടൂർ ചാംപ്യൻഷിപ്പായിരുന്നു. അവിടെ ഒന്നാം റൗണ്ടിൽ നേടിയ വിജയത്തോടെ ആദ്യ എ.ടി.പി പോയൻറ് സ്വന്തമാക്കിയ പൃഥ്വിക്ക് അതൊരു പ്രചോദനമായി മാറി. പക്ഷേ അതിനു മുന്നേ തന്നെ 2017ൽ തുർക്കിയിൽ വച്ചു നടന്ന ബധിരർക്കായുള്ള ഒളിംപിക്സിൽ മിക്സഡ് ഡബിൾസ് വെങ്കലം നേടിയ പൃഥ്വി അന്താരാഷ്ട്ര തലത്തിൽ തന്റെ ആദ്യമെഡൽ നേടിയിരുന്നു.

തുടർന്നായിരുന്നു പൃഥ്വി ലോക ചാംപ്യൻഷിപ്പിനായി തുർക്കിയിലേക്കു പുറപ്പെട്ടത്. ഫൈനലിൽ മൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ ജെറോസ്ലാവ് സമീഡേകിനെ പരാജയപ്പെടുത്തിയാണ് പൃഥ്വി തന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ ലോകകിരീടം സ്വന്തമാക്കിയത്. കൂടാതെ അതേ ടൂർണമെന്റിലെ ഡബിൾസ് വിഭാഗത്തിൽ പ്രശാന്ത് ദശരഥ് ഹാർസംഭവിയുമൊത്ത് വെങ്കല മെഡൽ നേടാനും പൃഥ്വിയ്ക്കു കഴിഞ്ഞു.

ലോക ടെന്നീസിൽ ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയെന്നതാണ് റോജർ ഫെഡററേയും നൊവാക് ജോകോവിചിനെയും ആരാധിക്കുന്ന ഈ ഇരുപത്തിയാറുകാരന്റെ ലക്ഷ്യം. നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥനാണ് പൃഥ്വി. ഇനിയുമൊരുപാടുയരങ്ങൾ താണ്ടുവാൻ പൃഥ്വിയ്ക്കു കഴിയട്ടെ. പൃഥ്വിയിലൂടെ ഇനിയുമൊരുപാട് ലോകകിരീടങ്ങൾ ഇന്ത്യയിലേക്കെത്തട്ടെ.

Leave a comment