സ്റ്റെർലിങ്ങിന്റെ പടയോട്ടം – സിറ്റിക്ക് വമ്പൻ വിജയം
ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർ താനാണെന്ന് പ്രവർത്തിച്ചു കാണിക്കുകയാണ് ഇംഗ്ലീഷ് താരമായ റഹീം സ്റ്റെർലിങ്. ഈ സീസണിൽ ലീഗിലും യുറോപ്പിലുമായി 10 ഗോളുകളാണ് താരം ഇത് വരെ അടിച്ചു കൂട്ടിയിരിക്കുന്നത്. അദ്ദേഹം കളം നിറഞ്ഞു കളിച്ച മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിലെ നവാഗതരായ ഇറ്റാലിയൻ ക്ലബ് അറ്റലാന്റായെ മറികടന്നത്.
കളിയുടെ 30 ആം മിനുട്ടിൽ അറ്റലാന്റായാണ് സ്കോറിങ് തുടങ്ങിയത്. റുസ്ലാൻ മലിനോവ്സ്കി ആയിരുന്നു അവരുടെ ഗോൾ സ്കോറെർ. എന്നാൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ [34′, 38′] അടിച്ചു അഗ്വേറൊ ആതിഥേയരെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. രണ്ടാം പകുതിയിൽ വെറും 11 മിനുട്ടിന്റെ ഇടവേളയിൽ മൂന്നു ഗോളുകൾ കയറ്റി സ്റ്റെർലിങ് മത്സരം അറ്റലാന്റയുടെ കയ്യിൽ നിന്ന് പൂർണമായും തട്ടി മാറ്റി [58′,64′ 69′].
കളിയുടെ 82 ആം മിനുട്ടിൽ സിറ്റിയുടെ യുവ താരം ഫിൽ ഫോഡൻ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തു പോയിട്ടും ഗോളുകൾ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു. 3 ഗോളുകളും ഒരു അസിസ്റ്റുമായി ടീമിന് പടുകൂറ്റൻ വിജയം സമ്മാനിച്ച സ്റ്റെർലിങ് ആണ് മാൻ ഓഫ് ദി മാച്ച്.






































