Foot Ball Top News

രക്ഷകനായി ഡിബാല – യുവന്റസിന് നേരിയ വിജയം

October 23, 2019

രക്ഷകനായി ഡിബാല – യുവന്റസിന് നേരിയ വിജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പാദ മത്സരത്തിൽ യുവന്റസിന് നേരിയ വിജയം. റഷ്യൻ ക്ലബായ ലോക്കൊമൊട്ടീവ് മോസ്‌കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ തോല്പിച്ചത്. രണ്ടു ഗോളുകളും നേടി അര്ജന്റീനിയൻ താരമായ പാലൊ ഡിബാല കളിയിലെ കേമനായി.

സ്കോർ നില ആദ്യ ചലിപ്പിച്ചത് മോസ്‌കോ ആയിരുന്നു. 30 മിനുട്ട് പിന്നിട്ടപ്പോൾ അലക്സി മിറാഞ്ചുക്കിലുടെ അവർ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ [77′] ഡിബാല ആതിഥേയർക്കായി സമനില ഗോൾ നേടി. ഈ സീസണിലെ അതിമനോഹരമായ ഗോളുകളിൽ ഒന്നായി അത് മാറും എന്ന് തീർച്ച.ബോക്സിന്റെ വെളിയിൽ നിന്ന് ഇടം കാലിൽ പോസ്റ്റിന്റെ വലത്തേ മൂലയിലേക്കുള്ള ഷോട്ട് എതിർ ഗോളിയെ കാഴ്ചക്കാരനാക്കി വല ചലിപ്പിച്ചു.

വെറും രണ്ടു മിനുട്ടിനുള്ളിൽ ഡിബാല തന്നെ ടീമിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. കൊളംബിയൻ താരം കൗഡ്രാഡോ അടിച്ച ഷോട്ട് റീബൗണ്ട് ആയി കാലിൽ കിട്ടിയ അദ്ദേഹം പിഴവുകൾ വരുത്താതെ അകത്താക്കി. ജയത്തോടെ 3 കളികളിൽ നിന്നായി 7 പോയിന്റുമായി അവർ ഗ്രൂപ്പ് ലീഡ് ചെയ്യുന്നു.

Leave a comment