ലല്ലാന രക്ഷകനായി; ലിവർപൂൾ പരാജയം ഒഴിവാക്കി
പ്രീമിയർ ലീഗ് ക്ലാസിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ മത്സരം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയം കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഓരോ പോയിന്റും പങ്കിട്ടു. യോർഗെൻ ക്ളോപ്പിന് ലിവർപൂളുമായി ഓൾഡ് ട്രാഫൊർഡിൽ ജയിക്കാൻ ഇനിയും കാത്തിരിക്കണം. യൂണൈറ്റഡിനായ് റാഷ്‌ഫോർഡ് ലക്‌ഷ്യം കണ്ടപ്പോൾ ആഡം ലല്ലാന ലിവർപൂളിനായി സമനില ഗോൾ നേടി.
വേഗതയും മൂർച്ചയും കൊണ്ട് ലിവർപൂളിനെ തളക്കാം എന്ന് സോൾഷെർ തെളിയിച്ച മത്സരം ആയിരുന്നു ഇത്. കിട്ടിയ അവസരം റാഷ്‌ഫോർഡ് മുതലാക്കിയപ്പോൾ അതിനു കാരണമായത് ഡേവിഡ് ജയിംസിന്റെ വേഗതയും. മധ്യനിരയിൽ മാക്ടോമിനെ, ഫ്രെഡ് സഖ്യം നിലയുറപ്പിച്ചപ്പോൾ ലിവർപൂളിന്റെ താളം തെറ്റി. അവസരങ്ങൾ ശ്രിഷ്ട്ടിക്കാനായി ലിവർപൂളിന് വിങ് ബാക്കുമാരായ അർണോൾഡിനെയും, റോബർട്സനെയും കൂടുതൽ അതിനായി ആശ്രയിക്കേണ്ടി വന്നു. എന്നാൽ അഞ്ചു ഡിഫെൻഡേഴ്സിനെ ഇറക്കി സോൾഷെർ ലിവർപൂളിന് മേധാവിത്വം നിഷേധിച്ചു.
ഒറിഗിക്ക് പകരം വേഗതയും മസ്സിലും ഉള്ള ഷേംബെർളിൻ കളത്തിൽ ഇറങ്ങിയപ്പോൾ ലിവർപൂൾ മെല്ലെ കളി തിരിച്ചു പിടിക്കുകയായിരുന്നു. പ്രധിരോധ മനോഭാവമുള്ള ഹെൻഡേഴ്‌സണെയും വൈനാൽഡത്തെയും പിന്നീട് പിൻവലിച്ചു ലല്ലാനയെയും കീറ്റയെയും ഇറക്കി ക്ളോപ്പ് ഗോളിനായി തന്റെ എല്ലാ ആയുധങ്ങളും കളത്തിൽ ഇറക്കി. അത് കളി തീരാൻ വെറും അഞ്ചു മിനുട്ട് മാത്രം അവശേഷിക്കെ ഫലം കണ്ടു. റോബർട്സൺ നൽകിയ പാസ് ക്ലിയർ ചെയ്യാൻ യുണൈറ്റഡ് പ്രതിരോധം മറന്നപ്പോൾ ലല്ലാന അവർക്ക് നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കി നൽകി.






































