അവസാനം ഗ്രീസ്മാൻ ബാഴ്സയുമായി ഇഴകി ചേരുന്നു; MSG സഖ്യം യാഥാർഥ്യമാകുമോ?
നെയ്മർ എത്താത്തതിന്റെ വിഷമം ബാഴ്സ ആരാധകർക്ക് തത്കാലം മറക്കാം. ഗ്രീസ്മാന് മെസ്സിയുമായും സുവരെസുമായും ഒത്തിണക്കത്തോടെ കളിയ്ക്കാൻ സാധിച്ചിരിക്കുന്നു എന്ന് തെളിയിച്ച മത്സരമാണ് ഐബറിന് എതിരായി നടന്നത്. കാറ്റാലൻ വമ്പന്മാർ നേടിയ മൂന്ന് ഗോളിലും ഗ്രീസ്മാന്റെ കരവിരുത് പ്രകടമായിരുന്നു. അതിൽ ഒന്ന് അദ്ദേഹം തന്നെ നേടിയതും ആയിരുന്നു.
മെസ്സിക്കും സുവാരേസിനും ഗ്രീസ്മാൻ വരുന്നതിനേക്കാൾ നെയ്മർ വരുന്നതിനോടായിരുന്നു താല്പര്യം എന്നുള്ള വാർത്തകൾ ട്രാൻസ്ഫർ ജാലകം തുറന്ന സമയത്തെ സ്ഥിരം വാർത്ത ആയിരുന്നു. മൂവരും വാട്ട്സ് ആപ്പ് വഴി ഒരു ഗ്രൂപ്പിൽ നല്ല ചങ്ങാത്തം നിലനിർത്തുന്നു എന്ന് മെസ്സി തന്നെ വെളുപ്പെടുത്തിയ നിമിഷങ്ങൾ ഉണ്ടായി. ഡ്രസിങ് റൂമിൽ താൻ മെസ്സിയുമായി അധികം ഇടപെടാറില്ല എന്ന് ഗ്രീസ്മാൻ വെളിപ്പെടുത്തിയിട്ടും അധികം നാളായില്ല. ഗ്രീസ്മാൻ ആദ്യ നാളുകളിൽ താളം കണ്ടത്താൻ ബുദ്ധിമുട്ടിയപ്പോൾ ആരാധകരുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു. എന്നാൽ ആശങ്കകൾ എല്ലാം കാറ്റിൽ പറത്തി പുതിയ MSG സഖ്യം രൂപപെടുമെന്നാണ് കാണാൻ സാധിക്കുന്നത്.
ഗ്രീസ്മാന്റെ ബാഴ്സ ജേഴ്സിയിലെ ഏറ്റവും മികച്ച പ്രകടനം ഇന്നലത്തേതായിരുന്നു. ജനുവരിക്ക് ശേഷം അദ്ദേഹം ആദ്യമായിട്ടായിരുന്നു ഒരു എവേയ് മത്സരത്തിൽ വല ചലിപ്പിച്ചത്. പിന്നീട് മെസ്സി അടിച്ച രണ്ടാമത്തെ ഗോളിന് അസിസ്റ്റും ഈ ഫ്രഞ്ച്കാരൻ നൽകി. സുവാരസ് അടിച്ച മൂന്നാമത്തെ ഗോളിലേക്കുള്ള വഴി തുറന്നത് ഗ്രീസ്മാൻ പ്രതിരോധത്തെ കീറി മുറിച്ചു നൽകിയ ഒരു പസ്സിലൂടെ ആയിരുന്നു. മൂന്ന് ഗോളിൽ മൂവർ സംഘത്തിന്റെ സ്പർശം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രിത്യേകത. 8 കളികളിൽ നിന്നായി ഗ്രീസ്മാൻ 4 ഗോളുകളും 2 അസിസ്റ്റുമായി തന്റെ ഭേദപ്പെട്ട പ്രകടനം തുടരുന്നു.
ഏതായാലും രാഷ്ട്രീയകാരണങ്ങളാൽ കലുഷിതമായ കാറ്റാലൻ മനസിന് ആശ്വാസമേകുന്ന ഓരു ഘടകമായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു. ഈ മൂവർ സഖ്യം വളർന്നാൽ ചാമ്പ്യൻസ് ലീഗ് ബാഴ്സയിൽ എത്താനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.






































