Editorial Foot Ball Top News

ഐ.എസ്. എൽ ; അവസാന കടമ്പ കടക്കാൻ എഫ് സി ഗോവ

October 19, 2019

author:

ഐ.എസ്. എൽ ; അവസാന കടമ്പ കടക്കാൻ എഫ് സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഇമ്പാക്ട് സൃഷ്‌ടിച്ച ക്ലബ്ബ് ഏതാണെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകും.
കിരീടത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഒരിക്കലും എഫ്. സി ഗോവ എന്ന പേര് ഒരിക്കലും അവയിലൊന്നായി ഉയർന്നുവരികയുമില്ല. പക്ഷേ യാഥാർഥ്യം അതല്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ക്ലബ്ബുകളുടെ പട്ടികയിൽ പ്രൊഫഷണലിസത്തിൽ ബംഗളുരു എഫ്. സി. പോലെ തന്നെ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു പേരാണ് എഫ്. സി ഗോവ.

ഒന്നിലധികം തവണ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം വഴുതിപ്പോയ ക്ലബ്ബാണ് ഗോവ. ഒന്നാം സീസണിൽ മനോഹരമായ ഒരു തിരിച്ചുവരവിലൂടെ സെമി ഫൈനലിൽ ഇടം നേടിയ ടീമിനു പക്ഷേ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല. അടുത്ത സീസണിൽ ഫൈനലിന്റെ അവസാന നിമിഷം വരെ മുന്നിട്ടുനിന്ന ശേഷം ചെന്നൈയിൻ എഫ്. സിയോടു സംഭവിച്ച അവിശ്വസനീയമായ തോൽവി. എഫ് സി ഗോവയുടെ നിർഭാഗ്യത്തിന്റെ ചരിത്രം ഒരുപാടുണ്ട്.

നിർഭാഗ്യങ്ങളുടെ കഥയ്ക്ക് അറുതി വരുത്താൻ തീരുമാനിച്ചുകൊണ്ടാണ് ഇത്തവണ ഗോവയുടെ വരവ്. ഐ. എസ്. എല്ലിലെ തന്നെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ഫെറൻ കൊറോമിനാസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിര എന്തിനും തയ്യാറാണ്. കൂട്ടിനു ലാലിംപുനിയയും, മൻവീർ സിംഗും, ലിസ്റ്റിൻ കോളാക്കോയും ചേരുമ്പോൾ ഗോവൻ മുന്നേറ്റനിര പൂർണമാകുന്നു.

മിഡ് ഫീൽഡാണ് ഗോവയുടെ ശക്തി. സ്പാനിഷ് താരം എദു ബേദിയയ്ക്കും മൊറോക്കൻ താരം അഹ്‌മദ്‌ ജാവോയ്ക്കും ഒപ്പം ഇന്ത്യയിലെ തന്നെ മികച്ച മിഡ് ഫീൽഡർമാരായ ലെനി റോഡ്രിഗസ്, മന്ദർ റാവു ദേശായി, സെമിലെൻ ഡാൻഗാൽ, ബ്രണ്ടൻ ഫെർണാണ്ടസ്, ജാക്കിചാന്ദ് സിങ് എന്നിവർ നിറഞ്ഞ മധ്യനിര ലീഗിലെ തന്നെ ഏറ്റവും മികച്ചതാണ്. കൂട്ടിനു കിങ്സ്ലി ഫെർണാണ്ടസ്, പ്രിൻസ് റിബലോ എന്നിവരുമുണ്ട്.

പ്രതിരോധത്തിലും ഇക്കുറി ഗോവ മികച്ച താരങ്ങളെയാണ് ഒരുക്കിയിരിക്കുന്നത്. മൗർതാദാ, സെറിടാൻ ഫെർണാണ്ടസ്, കാർലോസ് പേന തുടങ്ങിയ പരിചയസമ്പന്നരായ വിദേശ താരങ്ങൾക്കൊപ്പം ഐബിൻ ഡോലിംഗ്, ആമേ രണവാദേ, ചിൻഗ്ലെൻസന സിങ്, മൊഹമ്മദ്‌ അലി, സേവ്യർ ഗാമ മുതലായ മികച്ച ഒരുപിടി താരങ്ങളും ഗോവൻ പ്രതിരോധം കാക്കുന്നു. മുഹമ്മദ്‌ നവാസ്, നവീൻ കുമാർ, ശുഭം ദാസ് എന്നീ ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ഗോവൻ ഗോൾകീപ്പർ ലിസ്റ്റിൽ.

കഴിഞ്ഞ ലീഗിലെ ഫൈനലിലടക്കം ഒരുപാടു തവണ സംഭവിച്ച നഷ്ടങ്ങളുടെ കണക്കു തീർക്കാനാണ് സ്പാനിഷ് കോച്ച് സെർജിയോ ലൊബേരയുടെ കീഴിൽ എഫ്. സി ഗോവ ഇറങ്ങുന്നത്. വിജയമാകട്ടെ ഫലം.

Leave a comment