ഐ. എസ്. എൽ; പ്രതിരോധം കടുപ്പിച്ചു മുംബൈ
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തിൽ നിന്നുമുള്ള ടീം.
ഈ ഖ്യാതി എന്നും നിലനിർത്തിയിരുന്നു മുംബൈ സിറ്റി എഫ്. സി. ആദ്യ സീസൺ മുതൽക്കേ ലോകഫുട്ബോളിലെ പല വമ്പൻമാരെയും ടീമിലെത്തിക്കാൻ അവർക്കു സാധിക്കുകയും ചെയ്തു. നിക്കോളാസ് അനെൽക, ഡീഗോ ഫോർലാൻ തുടങ്ങി വൻ താരങ്ങൾ മുംബൈ നിരയിൽ വന്നിട്ടുമുണ്ട്. പക്ഷേ ആ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാകും. കഴിഞ്ഞ സീസണിലെ സെമി ഫൈനൽ പ്രവേശനം മാറ്റിനിർത്തിയാൽ നിരാശാജനകമാണ് മുംബൈയുടെ ഐ. എസ്. എൽ റെക്കോർഡ്.
ഈ മോശം ചരിത്രം മാറ്റിയെഴുതാനാണ് ഇത്തവണ മുംബൈ സിറ്റി എത്തുന്നത്. സീസൺ തുടക്കത്തിലേ അവർ അതിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. പ്രതിരോധമായിരുന്നു കഴിഞ്ഞ സീസണിൽ മുംബൈയുടെ ശക്തി. എറ്റവും കൂടുതൽ ക്‌ളീൻ ഷീറ്റ് ലഭിച്ച മുംബൈയുടെ കാവൽക്കാരൻ അമരീന്ദർ സിങ് തന്നെയായിരുന്നു ലീഗിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയതും ഇത്തവണയും ആ പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്നാണ് മുംബൈയുടെ പ്രതീക്ഷ. കൂടാതെ റിസർവ് ഗോൾ കീപ്പർമാരായി കുനാൽ സാവന്തും രവികുമാറും അണിനിരക്കുന്നു.
ആക്രമണനിരയിലും മികച്ച പേരുകാരുണ്ട് മുംബൈക്ക് സെനഗൽ താരം മോടു സുഗുവിനും ടുണീഷ്യൻ താരം അമിനെ ചെർമിറ്റിയ്ക്കും ബ്രസീലിന്റെ ഡീഗോ കാർലോസിനുമൊപ്പം ഇന്ത്യൻ താരങ്ങളായ പ്രഞ്ഞാലും, അലൻ ദിയോറിയും അണിനിരക്കുന്നു. മധ്യ നിരയിലാകട്ടെ പ്രതിഭകളാൽ സമ്പന്നമാണ് ടീം. പോര്ടുഗീസുകാരനായ നായകൻ പൗളോ മച്ചാഡോയ്‌ക്കൊപ്പം ഇന്ത്യൻ താരം റൗളിങ് ബോർഗസും മുംബൈ മധ്യനിരയെ നയിക്കും. ടുണീഷ്യൻ താരം മൊഹമ്മദ് ലാബ്രിയും ഇന്ത്യൻ താരങ്ങളായ സൗരവ് ദാസ്, മുഹമ്മദ് റഫീഖ്, റെയ്‌നയർ ഫെർണാണ്ടസ്, ബിദ്യാനന്ദ മുതലായ യുവതാരങ്ങളുമുണ്ട്.
പ്രതിരോധമാണ് ഇക്കുറിയും മുംബൈയുടെ ശക്തി. കഴിഞ്ഞ സീസണുകളിലെ സ്റ്റാർ ഡിഫൻഡർ ലൂസിയൻ ഗോയൻ കൂടു മാറിയെങ്കിലും അൻവർ അലി, പ്രതീക് ചൗധരി, സൗവിഖ് ചക്രവർത്തി, മുതലായ വൻ പേരുകൾ മുംബൈ പ്രതിരോധത്തിലുണ്ട്. കൂടാതെ ക്രോയേഷ്യൻ താരം മാറ്റോ ഗ്രിജികും സുഭാഷിഷ് ബോസുമൊക്കെ അവരുടെ പ്രതിരോധനിരയെ ലീഗിലെ തന്നെ ഏറ്റവും മികച്ചതാക്കുന്നു.
പോർട്ടുഗീസുകാരനായ ജോർജ് കോസ്റ്റ അണിയിച്ചൊരുക്കുന്ന മുംബൈ സിറ്റി ടീം ഇക്കുറി രണ്ടും കൽപ്പിച്ചാണ്. ഇന്ത്യൻ ഫുട്‍ബോളിന്റെ ചക്രവർത്തിപദം ഇന്ത്യയുടെ വ്യാവസായികനഗരത്തിനു നൽകാൻ അവർക്കു കഴിയുമോയെന്ന് കാത്തിരുന്നു കാണാം.






































