Editorial Foot Ball Top News

ഹൈദരാബാദ് എഫ് സി; പുനർജനി തേടുന്ന ഫുട്ബോൾ പ്രതാപം

October 8, 2019

author:

ഹൈദരാബാദ് എഫ് സി; പുനർജനി തേടുന്ന ഫുട്ബോൾ പ്രതാപം

വൈവിധ്യങ്ങളുടെ നഗരമാണ് ഹൈദരാബാദ്. ഇന്ത്യയിലെ തന്നെ ഏറ്റവും ധനികമായിരുന്ന നാട്ടുരാജ്യം. ചാർമിനാറും മക്ക മസ്ജിദും പോലെ ഒരുപാടു ചരിത്ര സ്മാരകങ്ങൾ വരച്ചു കാട്ടുന്ന സാംസ്‌കാരിക വൈവിദ്ധ്യം. കോഹിനൂർ രത്നത്തെക്കാൾ ഹോളിയും ബക്രീദും ഒരുമിച്ചാഘോഷിക്കുന്ന ജനങ്ങളുടെ മനസിലെ തിളക്കം സമ്പന്നമാക്കിയ നാട്.

ഈ വൈവിധ്യങ്ങൾക്കിടയിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയൊരു ഫുട്‌ബോൾ ചരിത്രവും കൂടിയുണ്ട് ഹൈദരാബാദിന്. “ഇന്ത്യയുടെ ഫുട്ബോൾ ഫാക്ടറി” ആയിരുന്നു ഈ ഡെക്കാൺ നഗരം. വിഖ്യാതപരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിൽ തുടങ്ങി ഒരുപാടു തിളക്കമുള്ള മുത്തുകളെ ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്യാൻ പേൾ സിറ്റിയ്ക്കു കഴിഞ്ഞിരുന്നു. മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ പോലുള്ള വൻ ശക്തികളെ ദേശീയ തലത്തിൽ വെല്ലുവിളിച്ചിരുന്ന ഹൈദരാബാദ് പോലീസ് ക്ലബ്ബിന്റെ ജന്മഭൂമി ഇന്നു നഷ്ടപ്രതാപങ്ങളുടെ പുകച്ചുരുളുകൾക്കിടയിൽ സുഷുപ്തിയിലാണ്ടിരിക്കുന്നു.

കാലം മാറി. കളിക്കളങ്ങളും തന്ത്രങ്ങളും പുരോഗമിച്ച ഇക്കാലത്ത്‌ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഹൈദരാബാദ് ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പുതിയ ഫ്രാഞ്ചെസിയായ ഹൈദരാബാദ് സിറ്റി എഫ് സിയിലൂടെ. രണ്ടു വർഷങ്ങളായി സാമ്പത്തികപ്രശ്നങ്ങളിൽ പെട്ടു നട്ടം തിരിഞ്ഞ എഫ് സി പൂനെ സിറ്റിയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുൺ ത്രിപുനനേനിയുടെയും ഐ ടി വ്യവസായി വിജയ് മധൂരിയുടെയും സാമ്പത്തിക പിന്തുണയോടെ ഹൈദരാബാദിലേക്കു പറിച്ചു നടപെട്ടത്. പുതിയ പേരിൽ ആദ്യ സീസണായതിനാൽ വമ്പൻമാരെ ഞെട്ടിച്ചുകൊണ്ടുതന്നെ പോരാട്ടത്തിനു തുടക്കമിടാനാകും അവർ ശ്രമിക്കുക.

ഇംഗ്ലീഷ് പരിശീലകൻ ഫിൽ ബ്രൗൺ അടക്കം പൂനെ സിറ്റിയിലെ ചില താരങ്ങളെ നില നിർത്തിയ ഹൈദരാബാദ് മികച്ച ചില കളിക്കാരെയും സ്വന്തമാക്കിട്ടിട്ടുണ്ട് ചെന്നൈ സിറ്റിയ്ക്കു കഴിഞ്ഞ ഐ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച സ്പാനിഷ് മിഡ് ഫീൽഡർ നെസ്റ്റ്ർ ഗോഡില്ലോയാണ് അവരിൽ പ്രമുഖൻ . സൂപ്പർ ലീഗിൽ മികച്ച റെക്കോർഡുള്ള ബ്രസീൽ താരം മാർസലീഞ്ഞോയാകും ഹൈദരാബാദ് ആക്രമണത്തിന്റെ കുന്തമുന. 2016ൽ ഡെൽഹിയ്‌ക്കുവേണ്ടി ഗോൾഡൻ ബൂട്ടു നേടിയ മാർസലീഞ്ഞോ തന്റെ മികച്ച പ്രകടനം പുറത്തെടുത്താൽ ഹൈദരാബാദിനു മുതൽകൂട്ടാകും. ഇന്ത്യൻ ഇന്റർനാഷണലുകളായ റോബിൻ സിംഗ്, നിഖിൽ പൂജാരി, മുഹമ്മദ്‌ യാസിർ മുതലായവർക്കൊപ്പം ബ്രസീലിയൻ സ്‌ട്രൈക്കർ ബോബോയെയും ജമൈക്കൻ താരം ഗൈൽസ് ബാൻസിനെയും മുന്നേറ്റനിരയിലെത്തിക്കാൻ ഹൈദരാബാദിനു കഴിഞ്ഞു.

ചെന്നൈ സിറ്റിയുമായുള്ള കരാർ ലംഖിച്ചതിനു ഗോഡില്ലോയ്ക്കു ലഭിച്ച നാലു മാസത്തെ വിലക്ക് ടീമിന്റെ പദ്ധതികളെ സാരമായി ബാധിക്കും. ഓസ്ട്രിയൻ താരം മാർക്കോ സ്റ്റാൻകോവിച്ചാകും മധ്യനിരയിലെ പ്രമുഖൻ. കൂടെ ഇന്ത്യൻ താരങ്ങളായ സാഹിൽ ടാവോര, ആൽവിൻ ജോർജ്, അഭിഷേക് ഹാൽഡർ, മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദീപേന്ദ്ര നേഗി മുതലായവരുമുണ്ട്. പുതിയ ഇന്ത്യൻ സെൻസേഷൻ ആദിൽ ഖാൻ കീനൻ അൽമേഡ, ഗുർത്തേജ് സിങ്, ആശിഷ് റോയ്, സാഹിൽ പൻവാർ എന്നിവർക്കൊപ്പം സ്പാനിഷ് താരം റാഫേൽ ലോപ്പസും ഇംഗ്ലീഷ് ഡിഫൻഡർ മാറ്റ കിഗാലനും പ്രതിരോധനിരയുടെ ശക്തി കൂട്ടുന്നു. മുൻ പൂനെ ഗോൾ കീപ്പർ കമൽജിത് സിംഗിനൊപ്പം ലക്ഷ്മികാന്ത് കട്ടിമണിയും ഹൈദരാബാദ് ഗോൾവലയ്ക്കു മുന്നിലെ സാന്നിധ്യമാകും.

വെറും പതിനായിരത്തിൽ താഴെ മാത്രം ഇരിപ്പിടങ്ങളുള്ള ബാലെവാടി മൈതാനവും പൂനെ സിറ്റിയുടെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിച്ചിരുന്നു. ഫുട്ബോൾ മറന്നു തുടങ്ങിയ ഒരു ജനതയെ വീണ്ടും ഗാലറികളിലേക്ക് കൊണ്ടുവരികയെന്നതാകും ആദ്യ സീസണിൽ ഹൈദരാബാദ് നേരിടുന്ന പ്രധാന വെല്ലുവിളി. ഗച്ചിബൗളി സ്റ്റേഡിയമാകും ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട്. മികച്ച പ്രകടനങ്ങൾ കൊണ്ട ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ ക്ലബ്ബിനു സാധിച്ചാൽ സായാഹ്നങ്ങളിൽ ചാർമിനാറിനു മുകളിൽ ചേക്കേറുന്ന പക്ഷികൾ പോലും ഫുട്‌ബോൾ ചർച്ച ചെയ്യും. കാരണം അവിടത്തെ ഓരോ മണൽത്തരികളിലും ആ പഴയ സുവർണകാലം ഒളിഞ്ഞിരിക്കുന്നുണ്ട്.

Leave a comment