മരിയ ഇരുദയം; ആഘോഷിക്കപ്പെടാത്ത ലോകചാമ്പ്യൻ
കായികരംഗത്തു മികവു തെളിയിച്ച നിരവധി പ്രതിഭകളെ നമ്മുടെ നാട് സംഭവനചെയ്തിട്ടുണ്ട്. കായികബലം കൊണ്ടല്ലാതെ മനോബലവും ബുദ്ധികൂർമതയും കൈമുതലാക്കി ലോകത്തിന്റെ നെറുകയിലെത്തിയ ചില താരങ്ങളും അവരിലുണ്ട്. അവർ കഴിവുതെളിയിച്ച മേഖലകൾ അത്ര മാധ്യമശ്രദ്ധയാകർഷിക്കാത്തതുകൊണ്ടാകാം അവരുടെ നേട്ടങ്ങളും അധികം ആഘോഷിക്കപ്പെടാതെ പോയത്. അത്തരം താരങ്ങളിൽ ഒരാളാണ് രണ്ടു തവണ കാരംസ് ലോകചാമ്പ്യനായ ആന്റണി മരിയ ഇരുദയം.
1956 ൽ ചെന്നൈയിലാണ് ഇരുദയം ജനിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും സംഘടിക്കപ്പെട്ടിരുന്ന കാരംസ് ടൂർണമെറ്റുകളിൽ ജേതാവായ ഇരുദയം പിന്നീട് പ്രൊഫഷണൽ താരമാകുകയും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു.ഇതേതുടർന്ന് ഒൻപതു തവണ ദേശീയ ചാമ്പ്യനായ ഇരുദയം അന്താരാഷ്ര ചാംപ്യൻഷിപ്പുകളിലും ഇന്ത്യയെ പ്രധിനിധീകരിക്കാനാരംഭിച്ചു.
1991, 95, 2000 വർഷങ്ങളിൽ നടന്ന കാരംസ് ലോകചാമ്പ്യൻഷിപ് വിജയിച്ച അദ്ദേഹം 1997 മുതൽ 1999 വരെ സാർക് ചാമ്പ്യനുമായിരുന്നു. 1996 യു എസ് ഓപ്പൺ 1998 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ഇരുദയത്തിന്റെ കിരീടത്തിലെ പൊൻതൂവലുകളാണ്.
1990 മുതൽ 2000 വരെ ലോക കാരംസ് ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ പതാകാവാഹകനായിരുന്ന ഇരുദയം 1991, 1995 വർഷങ്ങളിൽ കാരംസിലെ ലോകകിരീടം സ്വന്തമാക്കി. ഇതിൽ 1991 ൽ സ്വന്തം നാട്ടുകാരനായ ആരോക്യരാജുമൊത്തു ഡബിൾസിലും അദ്ദേഹം ലോകകിരീടം നേടി. ഈ കാലയളവിൽ രാജ്യത്തു നടന്ന ഏതാണ്ടെല്ലാ ടൂർണമെന്റുകളിലും ഇരുദയം തന്നെയായിരുന്നു ജേതാവ്.
ലോകശ്രദ്ധയാകർഷിച്ച വിജയങ്ങൾ ഇരുദയത്തിന് ഒട്ടേറെ ബഹുമതികൾ നേടിക്കൊടുത്തു. 1998 ൽ ജർമൻ കാരം ഫെഡറേഷന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര കളിക്കാരനുള്ള അവാർഡ് ഇരുദയത്തിനു ലഭിച്ചു. 1997ൽ അർജുന അവാർഡ് നൽകി ജന്മനാടും അദ്ദേഹത്തെ ആദരിച്ചു. അർജുന അവാർഡ് നേടിയിട്ടുള്ള ഏക കാരംസ് താരമാണ് മരിയ ഇരുദയം.
കാരംസിനു വേണ്ടി ഉഴിഞ്ഞു വച്ച ഇരുദയത്തിനു പക്ഷെ വ്യക്തിജീവിതത്തിൽ വളരെയേറെ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ റെയ്ൽവേയിലുണ്ടായിരുന്ന ജോലി മുഴുവൻ സമയ പരിശീലനത്തിനായി ത്യജിച്ച അദ്ദേഹത്തിന്റെ കുടുംബം ഒട്ടും സാമ്പത്തികഭദ്രതയുള്ളതായിരുന്നില്ല. ഭാര്യ ഫിലോമിനയും നാലു കുട്ടികളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 2012ൽ ചെന്നൈയിൽ നടന്ന ഒരു റോഡപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. ചെന്നൈയിൽ ഒരു കാരംസ് കോച്ചിംഗ് സ്ഥാപനം നടത്തുന്ന അദ്ദേഹത്തിന്റെ മകൻ ആന്റണി ഇപ്പോൾ ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്രതലത്തിൽ നമ്മുടെ നാടിന്റെ യശ്ശസുയർത്തിയ മരിയ ഇദയത്തെപ്പോലെ ഒട്ടേറെ താരങ്ങൾ കൂടുതൽ അംഗീകാരവും സഹായവും അർഹിക്കുന്നുണ്ട്. ഇവർക്കു ലഭിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് കൂടുതൽ പ്രതിഭകളെ ഈ മേഖലകളിലേക്ക് ആകർഷിക്കുക. അവരുടെ നേട്ടങ്ങൾ നമ്മുടെ നാടിന്റെ പ്രശസ്തി ഏഴു കടലുകൾക്കുമപ്പുറത്തേക്കു വ്യാപിപ്പിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.