Cricket Editorial Top News

രോഹിത് ശർമയ്ക്ക് ഇതൊരു പുതിയ തുടക്കമോ?

October 2, 2019

author:

രോഹിത് ശർമയ്ക്ക് ഇതൊരു പുതിയ തുടക്കമോ?

“രോഹിത് ഗുരുനാഥ് ശർമ”. ആ പേര് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുമ്പോൾ ടെസ്റ്റിൽ താളം കണ്ടെത്താൻ അയാൾ വിഷമിച്ചു. പലപ്പോഴും ലഭിച്ച അവസരങ്ങൾ പാഴാക്കിയതോടെ അയാൾ ഒരു “ഏകദിന ഇതിഹാസമായി” ഒതുങ്ങുമെന്നു ലോകം വിധിയെഴുതി.

പക്ഷേ രോഹിത് എന്നും അങ്ങനെയായിരുന്നു സുശക്തമായ ഒരു ഏകദിന റെക്കോർഡ് ഉണ്ടെങ്കിലും രോഹിത് അയാളുടെ പ്രതിഭയോടു പൂർണമായും നീതി പുലർത്തിയിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ഒരു ഘട്ടത്തിൽ തുടർച്ചയായ മോശം പ്രകടനങ്ങൾ തന്റെ കരിയർ തന്നെ അവസാനിപ്പിക്കുമെന്ന തോന്നൽ ഉളവാക്കിയിടത്തുനിന്നുമാണ് അയാൾ തിരികെ വന്നത്. ഓപ്പണറായി മാറിയശേഷം പിന്നീട് രോഹിതിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചാംപ്യൻസ് ട്രോഫിയിൽ തുടങ്ങിയ ആ തേരോട്ടത്തിന്റെ ഏറ്റവും വന്യമായ ഭാവമായിരുന്നു കഴിഞ്ഞ ലോകകപ്പിൽ നാം ദർശിച്ചത്. ശരാശരിയ്ക്കും മുകളിൽ പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിയെപ്പോലും പലപ്പോഴും അപ്രസക്തനാക്കിയ ബാറ്റിങ്. അതാണ് രോഹിത്, ഫോമിലെത്തിയാൽ “ഇത്രയും അനായാസമായി ബാറ്റ് ചെയ്യാൻ ഒരാൾക്കു സാധിക്കുമോ? ” എന്നു എതിരാളികളെകൊണ്ടുപോലും ചിന്തിപ്പിക്കുവാൻ അയാൾക്കു സാധിക്കുന്നു.

ടെസ്റ്റിൽ താൻ ഇന്നു നേടിയ സെഞ്ചുറിയുടെ തിളക്കം മറ്റാരേക്കാളും നന്നായി രോഹിത്തിനറിയാം. കാരണം അത്രയേറെ വിമർശനങ്ങൾ അയാൾ നേരിട്ടിട്ടുണ്ട്. ലോവർ മിഡിൽ ഓർഡറിൽ പലപ്പോഴും തന്റെ സ്വതസിദ്ധമായ ബാറ്റിങ് കാഴ്ചവെക്കാൻ കഴിയാതെ അയാൾ പരാജയപ്പെട്ടു. അപ്പോഴെല്ലാം അയാളുടെ തലയ്ക്കായി മുറവിളികൾ ഉയർന്നുകൊണ്ടേയിരുന്നു. കളിച്ച ഇരുപത്തിയേഴു ടെസ്റ്റുകളിൽ നാല്പത്തിനടുത്തു ശരാശരി നിലനിർത്താൻ രോഹിതിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ വിദേശ മണ്ണിൽ മികവു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സ്വിങ്ങിനെഅതിജീവിക്കാൻ സാധിക്കില്ല എന്നതുമൊക്കെ വിമർശകർ ആയുധങ്ങളാക്കിയപ്പോൾ ഇത്രയും കാലത്തെ കരിയറിനിടയിലും ലോങ്ങർ ഫോർമാറ്റ സ്‌ക്വാഡിൽ തന്റേതായ ഒരിടം സ്വന്തമാക്കാൻ അയാൾക്കു സാധിച്ചില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഓപ്പണർ സ്ഥാനം വെച്ചുനീട്ടപെട്ടപ്പോൾ ഒരു അവസരത്തേക്കാളേറെ അതിനെയൊരു വെല്ലുവിളിയായാകണം രോഹിത് സ്വീകരിച്ചത്. ടെസ്റ്റ്‌ ഓപ്പണിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ട ഒരു കളിക്കാരന് താൻ കളിച്ച മൊത്തം ടെസ്റ്റുകളുടെ പകുതിയിലേറെ അവസരങ്ങൾ നൽകിയശേഷം തന്നെ പരീക്ഷിക്കുമ്പോൾ ഒരു പരാജയം എത്രമാത്രം ഭീകരമാകുമെന്ന് അയാൾക്കറിയാമായിരുന്നു. പക്ഷേ അവിടെയാണ് രോഹിത് വ്യത്യസ്തനായത്. തന്റെ തലയിൽ വയ്ക്കപ്പെട്ട മുൾകിരീടവും വഹിച്ചുകൊണ്ട് അയാൾ ആ കടമ്പ നീന്തിക്കടന്നിരിക്കുന്നു. അതും രാജകീയമായി. വിദേശ മണ്ണിലല്ല ഈ സെഞ്ചുറിയെന്നു പറഞ്ഞു പുശ്ചിക്കുന്നവരോട് ഒരു ചോദ്യം, ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ എത്ര ഓപ്പണിങ് ബാറ്റസ്മാൻമാർ വിദേശമണ്ണിൽ കഴിവു തെളിയിച്ചിട്ടുണ്ട്?. അതൊരു ന്യായീകരണമല്ലെന്നറിയാം പക്ഷേ ഈ സെഞ്ചുറി നിങ്ങളെ ഒന്നോർമിപ്പിക്കുന്നു.

രോഹിത് ശര്മയെന്ന ബാറ്റ്സ്മാൻ തീർച്ചയായും അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഒരുപക്ഷെ ഇന്ത്യൻ ക്രിക്കറ്റ്‌ നേരിടുന്ന ഒരുപാട് സമസ്യകളുടെ ഉത്തരം അയാളാകാം.

Leave a comment