ഇന്ത്യൻ ടീമിലെ മാറുന്ന സമവാക്യങ്ങൾ
ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഇത്തവണത്തെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം. നിരാശാജനകമായ ഒരു ലോകകപ്പ് പ്രകടനത്തിന്റെ ഓർമ്മകൾ മറക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യ പോലൊരു ശക്തമായ ടീമിനെ തോൽപിച്ചേ മതിയാകൂ. ബാറ്റിങ്ങിലെ പാളിച്ചകൾ മൂലം ലോകകപ്പ് സെമി ഫൈനലിൽ പുറത്തായ ഇന്ത്യക്കും നിർണായകമാണ് ഈ പരമ്പര. ബാറ്റിങ് ഓർഡറിലെ പാകപ്പിഴകൾ പരിഹരിക്കാൻ മികച്ച ഒരു അവസരമായാകും ഈ പരമ്പരയെ കോഹ്ലിയും സംഘവും കരുതുക.
പര്യടനത്തിന്റെ ആദ്യ വിഭാഗമായ ടി ട്വൻറി സീരീസ് സമനിലയിൽ അവസാനിച്ചിരുന്നു. ധർമശാലയിൽ നടക്കാനിരുന്ന ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ രണ്ടാം മത്സരം ജയിച്ച ഇന്ത്യയും മൂന്നാം മത്സരം ജയിച്ച പ്രോറ്റീസും കിരീടം പങ്കിടുകയായിരുന്നു.
ഏറെ നിർണായകമായ ടെസ്റ്റ് സീരീസിനുള്ള മുന്നോടിയായാണ് വിഴിനഗരത്തിൽ നടന്ന സന്നാഹമത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയത്. ലോക ടെസ്റ്റ് സീരീസിനു തുടക്കമായതോടെ ഓരോ മത്സരവും ടീമുകൾക്കു പ്രധാനമായിരിക്കുന്നു. അതിനാൽ തന്നെ പല മേഖലകളിലും മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങുന്നത്. അവയിൽ പ്രധാനം ഓപ്പണിങ് തന്നെ. തുടർച്ചയായി പരാജയപ്പെട്ട കെ. എൽ രാഹുലിനുപകരം രോഹിത് ശർമയെ ഓപ്പണിങ്ങിൽ പരീക്ഷിക്കാൻ നിര്ബന്ധിതരായിരിക്കുകയാണ് ടീം മാനേജ്മെന്റ്. തൽകാലം ലോങ്ങർ ഫോർമാറ്റിൽ സുരക്ഷിതനാണെങ്കിലും ഋഷഭ് പന്തിന്റെ സ്ഥാനത്തിനും ഭീഷണിയുണ്ട്. ഇപ്രകാരം പല പൊസിഷനുകളും പരീക്ഷണത്തിനു വിധേയമാകവേ വളരെയധികം പ്രാധാന്യമുള്ളതായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച സന്നാഹമത്സരം.
പ്രതീക്ഷിച്ചതുപോലെ രോഹിത് ശർമയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ആദ്യടെസ്റ്റിലെ ഓപ്പണിങ് സ്ഥാനത്തിന്റെ റിഹേഴ്‌സലായി ഇറങ്ങിയ ഹിറ്റ്‌മാനു പക്ഷേ പിഴച്ചു. നേരിട്ട രണ്ടാമത്തെ പന്തിൽതന്നെ ഫിലാണ്ടറിന്റെ പന്തിൽ ഹെന്രിച് ക്ളാസനു ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്.
മത്സരത്തിലെ മറ്റുചില താരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടതായുണ്ട്. രോഹിതിനൊപ്പം ഓപ്പണർ സ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്ന അഭിമന്യു ഈശ്വരൻ പതിമൂന്നു റൺ മാത്രമെടുത്തു പുറത്തായെങ്കിലും ഗുജറാത്ത് ബാറ്റ്സ്മാൻ പ്രിയങ്ക് പഞ്ചാൽ അർദ്ധസെഞ്ചുറി നേടി. ആദ്യടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിതിനു സാധിച്ചില്ലെങ്കിൽ ഒരുപക്ഷെ സെലെക്ടർമാരുടെ കണ്ണുകൾ പഞ്ചാലിലോ ഈശ്വരനിലോ ഉടക്കിയേക്കാം. എന്തായാലും ടെസ്റ്റ് ഓപ്പണർ സ്ഥാനം ഒരിക്കലും രോഹിതിന് ഒരു പുഷ്പകിരീടമാകാൻ സാധ്യതയില്ല.
മധ്യനിര ബാറ്റ്സ്മാൻ സിദ്ധേഷ് ലാഡ്, വിക്കെറ്റ് കീപ്പർ ശ്രീകർ ഭരത് എന്നിവരും അര്ധസെഞ്ചുറികളുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ടൂർണമെന്റിൽനിന്നും വരുന്ന യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങളും നമ്മെ ഒന്നോർമിപ്പിക്കുന്നു.
ഇന്ത്യൻ ടീമിലെ സ്ഥാനം ആർക്കും സ്ഥിരമല്ല. പ്രതിഭയെ പ്രകടനങ്ങൾ കൊണ്ടു ന്യായീകരിക്കാൻ സാധിച്ചില്ലെങ്കിൽ പുറത്തേക്കുള്ള വാതിൽ തുറക്കപ്പെടും.






































