Editorial Foot Ball legends Top News

നെവിൽ ഡിസൂസ; ഇന്ത്യൻ ഫുട്ബോളിലെ കോഹിനൂർ രത്നം

September 29, 2019

author:

നെവിൽ ഡിസൂസ; ഇന്ത്യൻ ഫുട്ബോളിലെ കോഹിനൂർ രത്നം

“ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങളിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരൻ ആരാണ് ?”.

നമ്മിൽ എത്രപേർക്കറിയാം ആ ചോദ്യത്തിനുത്തരം മറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ പശ്ചിമതീരത്താണെന്ന്?.
ഒട്ടേറെ കായികപ്രേമികളുള്ള ഇന്ത്യയിൽ “നെവിൽ ഡിസൂസയെന്ന” ഫുട്ബോൾ കളിക്കാരൻ അവിശ്വസനീയമായി മറഞ്ഞിരിക്കുന്നു. ഇന്ത്യൻ കായികരംഗത്തിലെ ഇതിഹാസമായി കരുതപെടേണ്ട നെവിലിനെപറ്റി നമ്മുടെ കായികചരിത്രത്തിൽ കാര്യമായ വിവരണങ്ങളില്ലെന്നത് ദുഖകരമായ വസ്തുതയാണ്.

1932 ഓഗസ്റ്റ് മാസം മൂന്നാം തീയതി മഹാരാഷ്ട്രയിലാണ് നെവിൽ ജനിച്ചത്. കുട്ടിക്കാലത്തു ഹോക്കിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന നെവിലിന്റെ ശ്രദ്ധ ഫുട്ബോളിലേക്കു തിരിച്ചുവിട്ടത് ഗോവൻ ഫുട്ബാൾ ക്ലബിലേക്കുള്ള കൂടുമാറ്റമായിരുന്നു.
വൈകാതെ തന്നെ ക്ലബ്ബിലെ ഒരു മികച്ച മുന്നേറ്റനിരക്കാരനായി പേരെടുത്ത നെവിലിനു മഹാരാഷ്ട്ര സംസ്ഥാന ടീമിലേക്കു പ്രവേശനം ലഭിച്ചു. 1954ൽ ആദ്യമായി ദേശീയ ടീമിലെത്തിയ അദ്ദേഹം തൊട്ടടുത്ത വർഷം നടന്ന സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര ടീമിന്റെ നായകനായി. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം നെവിലിന് 1956 മെൽബൺ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇടം നേടിക്കൊടുത്തു.

ആദ്യ മത്സരത്തിൽ ശക്തരായ ഹങ്ഗറിക്കെതിരെ വാക്കോവർ ലഭിച്ച ഇന്ത്യക്കു ക്വാർട്ടറിൽ നേരിടേണ്ടി വന്നതു ആതിഥേയരായ ഓസ്ട്രേലിയയായിരുന്നു. 2-3-5 ഫോർമേഷനിൽ കളിക്കാനിറങ്ങിയ ഇന്ത്യ നെവിലിന്റെ ഗോളുകളിലൂടെ രണ്ടു തവണ മുന്നിലെത്തിയെങ്കിലും ജോർജ് ആർതറിന്റെ ഇരട്ടഗോളുകളിലൂടെ കങ്കാരുക്കൾ ആദ്യപകുതിയിൽ ഒപ്പമെത്തി.

രണ്ടാം പകുതിയിൽ അൻപതാം മിനുട്ടിൽ തന്നെ ഹാട്രിക് പൂർത്തിയാക്കിയ നെവിലിന്റെ ഗോളോടെ മുന്നിലെത്തിയ ഇന്ത്യ പ്രതിരോധം കടുപ്പിച്ചു മത്സരം തങ്ങളുടെ വരുതിയിലാക്കി. അവസാന നിമിഷങ്ങളിൽ കിട്ടുവിലൂടെ നാലാം ഗോളും നേടിയ ടീം അങ്ങനെ അവസാന നാലിൽ ഇടം നേടി. 4-2-4 എന്ന് സ്ഥിരം ഫോർമേഷനിൽ മാറ്റം വരുത്തി നെവിലിനെ ആക്രമണനിരയിൽ ഉൾപ്പെടുത്തിയ റഹിം സാബിന്റെ തീരുമാനം ശെരിവെക്കുന്നതായി അദ്ദേഹത്തിന്റെ പ്രകടനം.

ക്വാർട്ടറിൽ USAയെ 9-1 നു തകർത്തുവിട്ട യുഗോസ്ലാവിയയെ ആയിരുന്നു സെമിയിൽ ഇന്ത്യക്കു നേരിടേണ്ടി വന്നത്. പതറാതെ ആദ്യ പകുതി സമനിലയിൽ അവസാനിപ്പിച്ച ഇന്ത്യ അൻപതാം മിനുട്ടിൽ നെവിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും അടുത്ത പതിനഞ്ചു മിനുട്ടിനുള്ളിൽ മൂന്നു ഗോളുകൾ വഴങ്ങുകയും 1-4 നു പരാജയപ്പെടുകയും ചെയ്തു. ബൾഗേറിയയോടും തോറ്റു ടൂർണമെന്റിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടിവന്നുവെങ്കിലും മൂന്നു മത്സരങ്ങളിൽ 4 ഗോളുകൾ നേടിയ നെവിൽ ടൂർണമെന്റിലെ ടോപ് സ്കോററായി.

നെവിലിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. മെൽബൺ ഒളിംപക്‌സിൽ പങ്കെടുക്കവെ ഒരിക്കൽ ബസിൽ യാത്ര ചെയ്യുമ്പോൾ ചില സ്വദേശികളുടെ ചോദ്യങ്ങൾക്കു താൻ ഒരു ഇന്ത്യൻ ഫുട്ബോളർ ആണെന്ന് നെവിൽ മറുപടി നൽകി. ഇതുകേട്ട അവർ അദ്ദേഹത്തെ അതിയായി പരിഹസിച്ചുവത്രെ. മത്സരത്തിൽ അവരുടെ ദേശീയ ടീമിനെ പഞ്ഞിക്കിട്ടു നെവിൽ തന്റെ കലിപ്പടക്കി.

ഒരു മികച്ച ഫോർവേഡ് എന്ന തന്റെ വിശേഷണത്തെ ഒട്ടും തന്നെ ന്യായീകരിക്കുന്നതായിരുന്നില്ല നെവിലിന്റെ ജീവിതചര്യകൾ. ചിട്ടയില്ലാത്ത ഭക്ഷണവും പരിശീലനക്കുറവും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രതിഫലിച്ചു. പിന്നീടിങ്ങോട്ട് തന്റെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രതിഭാധനനായ ഫോർവേഡായാണ് നെവിൽ കണക്കാക്കപ്പെടുന്നത്. ധാക്കയിൽ നടന്ന ചതുരാഷ്ട്ര ടൂർണമെന്റിൽ പാകിസ്താനെതിരെ നേടിയ വിജയഗോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ്. ഡ്രിബിളിംഗിൽ ബ്രസീൽ താരങ്ങളെ ഓര്മിപ്പിച്ചിരുന്ന നെവിൽ 1963ൽ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. പിന്നീട് അദ്ദേഹം കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കുറച്ചു കാലം AIFF സെലെക്ഷൻ പാനലിൽ അംഗമായിരിക്കുകയും ചെയ്തു. 1980 മാർച്ച്‌ 16നു വെറും നാല്പത്തിയേഴു വയസ്സുള്ളപ്പോൾ ബ്രെയിൻ ഹെമറേജിന്റെ രൂപത്തിൽ കാലം ആ മഹാന്റെ ജീവിതത്തിനു പൂർണ്ണവിരാമമിട്ടു.

ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലേ ഏറ്റവും അമൂല്യമായ ബഹുമതിക്കു ഉടമയായിരുന്നുവെങ്കിലും നമ്മുടെ നാട് നെവിലിന് അർഹിച്ച ബഹുമാനം നൽകിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. 2009ൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒളിംപ്യൻമാരെ ആദരിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പേരു ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഒട്ടേറെ വിവാദങ്ങൾക്കു ശേഷം പുതുക്കിയ ലിസ്റ്റിൽ നെവിൽ ഉൾപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഒരു തരത്തിലുള്ള ദേശീയ ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. കായികമന്ത്രാലയം അദ്ദേഹത്തിന്റെ വിധവയ്ക്ക് നൽകുന്ന തുശ്ചമായ പെൻഷൻ തുക മാത്രമാണ് ആ കുടുംബത്തിന്റെ ഏക ആശ്രയം.

ഇന്ത്യൻ ഫുട്ബോളിന് ശെരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ പോയൊരു കോഹിനൂർ രത്നമാണ് നെവിൽ. പുതിയ തലമുറയെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുമ്പോൾ നാം നെവിൽ ഡിസൂസമാരുടെ കഥകൾ കൂടി അവരിലേക്കു പകരണം. കാല്പന്തുകളിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന നമ്മുടെ യുവത്വത്തിന് ഈ കഥകൾ ഊർജ്ജമാകുമെന്നതിൽ യാതൊരു സംശയവുമില്ല.

Syam…

Leave a comment