ഒസാസുനയെ തോൽപ്പിച്ച് റയല്‍ ലാ ലീഗയിൽ ഒന്നാമതെത്തി
ലാ ലിഗയിൽ ഇന്ന് നടന്ന മൽസരത്തിൽ ഒസാസുനയെ റയല്‍ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. യുവ താരങ്ങളുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് റയൽ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ലാ ലീഗയിൽ റയൽ ഒന്നാമതെത്തി. വിനീഷ്യസും റോദ്രിഗോയുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. റയലിൻറെ അടുത്ത മത്സരം അറ്റ്ലെറ്റിക്കോയ്ക്കെതിരെയാണ്.

ഇന്ന് ബ്രസീലിയൻ യുവതാരങ്ങളുടെ മികവിലാണ് റയൽ വിജയം സ്വന്തമാക്കിയത്. കരീം ബെൻസെമ, ഈഡൻ ഹസാർഡ്, റാഫേൽ വരാനെ, ജെയിംസ് റോഡ്രിഗസ്, ഡാനി കാർവാജൽ, തിബൗട്ട് കോർട്ടോയിസ് എന്നിവരെ ബെഞ്ചിലിരുത്തി യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ന് റയൽ കളിക്കാനിറങ്ങിയത്. ലൂക്ക ജോവിക്, വിനീഷ്യസ് ജൂനിയർ, ഫെഡ വാൽവർഡെ, ഈഡർ മിലിറ്റാവോ, അൽഫോൺസ് അരിയോള എന്നിവരാണ് ഇന്ന് റയലിന് വേണ്ടി കളത്തിലിറങ്ങിയത്. എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. മൽസരത്തിന്റെ ആദ്യ പകുതിയിൽ കളിയുടെ താളം കണ്ടെത്താൻ റയൽ വളരെയേറെ ബുദ്ധിമുട്ടി. മുപ്പത്തിയാറാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. ബോക്സിന് പുറത്ത് നിന്ന് ശക്തമായ ഡ്രൈവ് ഉപയോഗിച്ചാണ് വിനീഷ്യസ് ആദ്യ ഗോൾ നേടിയത്. അതിന് ശേഷം ട്രാക്കിലായ റയൽ മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി തവണ ഗോൾ മുഖത്തേക്ക് അവർ പന്തുകൾ പായിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടാം മിനിറ്റിൽ ആണ് റയൽ രണ്ടാം ഗോൾ നേടിയത്.