കനത്ത സുരക്ഷയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ എത്തി
സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ശ്രീലങ്ക-പാകിസ്ഥാൻ ക്രിക്കറ്റ് പര്യടനത്തിന് ശ്രീലങ്ക പാകിസ്ഥാനിൽ എത്തി. കനത്ത സുരക്ഷയാണ് ശ്രീലങ്കൻ താരങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉള്ള പര്യടനത്തിനാണ് ശ്രീലങ്ക എത്തിയിരിക്കുന്നത്. കറാച്ചി വിമാനത്താവളത്തിൽ എത്തിയ താരങ്ങൾക്ക് പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷ ആണ് ഒരുക്കിയിരിക്കിയത്. സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല.

സെപ്റ്റംബർ 27 മുതൽ 29 വരെയാണ് ഏകദിന മത്സരങ്ങൾ നടക്കുക. അതിന് ശേഷം ലാഹോറിൽ ഒക്ടോബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ പത്ത് പ്രമുഖ താരങ്ങൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പര്യടനത്തിനെത്തിയിട്ടില്ല.ദേശീയ ടി 20 ക്യാപ്റ്റൻ ലസിത് മലിംഗ, ദേശീയ ഏകദിന ക്യാപ്റ്റൻ ദിമുത്ത് കരുണരത്ന എന്നിവരുൾപ്പെടെയുള്ളവരാണ് പര്യടനത്തിൽ പങ്കെടുക്കാത്തവർ. ലാഹോറിൽ നിന്ന് പാകിസ്ഥാൻ ടീമും കറാച്ചിയിൽ എത്തിയിട്ടുണ്ട്. ഇന്ന് വിമാനത്താവളത്തിൽ എത്തിയ ശ്രീലങ്കൻ താരങ്ങളെ ഉടൻ തന്നെ ബുള്ളറ്റ് പ്രൂഫ് കാറുകളിൽ ഹോട്ടൽ മുറികളിൽ എത്തിച്ചു.