കെവിൻ ഡി ബ്രുയൻ; മാഞ്ചസ്റ്റർ സിറ്റിയുടെ ക്രോസ് മാസ്റ്റർ
പോയ വാരം നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയത് ഒരുപക്ഷെ മാഞ്ചസ്റ്റർ സിറ്റി – വാട്ഫോഡ് മത്സരമായിരിക്കും. എതിരില്ലാത്ത എട്ടുഗോളുകൾക്കാണ് സിറ്റി വാട്ഫോഡിനെ തകർത്തത്. മിഡ് ഫീൽഡർ കെവിൻ ഡി ബ്രൂയന്റെ മിന്നുന്ന പ്രകടനമായിരുന്നു സിറ്റി വിജയത്തിന്റെ നട്ടെല്ല്. ഒരു ഗോളും രണ്ടു അസിസ്റ്റുകളുമായി കളം നിറഞ്ഞു കളിച്ച ഡി ബ്രൂയന്റെ മികവിൽ സിറ്റി തങ്ങളുടെ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാണ് ശനിയാഴ്ച സ്വന്തമാക്കിയത്. ബെർണാഡോ സിൽവയുടെ മൂന്നു ഗോളുകളിലൊന്നിനു വഴിയൊരുക്കിയ കോർണറും, അഗ്യൂറോയുടെ ഗോളിനു കാരണമായ ഫ്രീ കിക്കും കൂടിയായതോടെ എട്ടിൽ അഞ്ചു ഗോളിലും ഈ ഇരുപത്തിയെട്ടുകാരന്റെ പങ്കാളിത്തമുണ്ടായിരുന്നു.

സെർജിയോ അഗ്യൂറോയും, ബെർണാഡോ സിൽവയും, റഹീം സ്റ്റെർലിംഗും, റിയാദ് മെഹ്‌റസുമടങ്ങുന്ന സൂപ്പർതാരനിരയിൽ പ്രത്യേകം പരാമര്ശിക്കപ്പെടുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും കെവിൻ ഡി ബ്രുയൻ എന്ന ബെൽജിയൻ മിഡ്ഫീൽഡറുടെ പ്രാധാന്യം. മുന്നേറ്റനിരയ്ക്കു ഗോളടിക്കാൻ പാകത്തിന് അളന്നുകുറിച്ച ക്രോസുകൾ നൽകുന്നതിൽ വിദഗ്ദനായ ഡി ബ്രുയൻ “ക്രോസ് മാസ്റ്റർ” എന്ന ആരാധകരുടെ വിളിപ്പേരിനും ഉടമയായിക്കഴിഞ്ഞു. അതോടൊപ്പംതന്നെ നിർണായക ഘട്ടങ്ങളിൽ ഗോളടിച്ചും അയാൾ ടീമിനു മുതൽക്കൂട്ടാകുന്നുണ്ട്.
ജർമൻ ക്ലബ്ബായ വോൾഫ്സ്ബർഗ് എഫ് സിയിൽ നിന്നും അന്പത്തിയഞ്ചു മില്യൺ പൗണ്ട് പ്രതിഫലത്തിലാണ് ഡി ബ്രുയൻ 2015ൽ ഇത്തിഹാദിലെത്തിയത്. ഇതുവരെ സിറ്റിക്കായി കളിച്ച 182 മത്സരങ്ങളിൽ നിന്നും 117 ഗോളുകളിൽ പങ്കാളിയായ ഡി ബ്രുയൻ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം എന്ന പദവിയിലേക്കുള്ള യാത്രയിലാണ്.
പരിക്കുമൂലം കഴിഞ്ഞ സീസൺ ഭൂരിഭാഗവും നഷ്ടമായതിനാലാകാം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് ഡി ബ്രുയനെ ഉപയോഗിക്കുന്നത്. ഷാക്തറിനെതിരെയുള്ള ചാംപ്യൻസ് ലീഗ് മത്സരം മുന്നിൽ കണ്ടു താരതമ്യേന ദുർബലരായ നോർവിച് സിറ്റിയ്‌ക്കെതിരായ ലീഗ് മത്സരത്തിൽ ഡി ബ്രുയനു വിശ്രമമനുവദിച്ച പെപ്പിനു പിഴച്ചു. കാരോ റോഡിൽ വച്ചു കാനറികളോട് അപ്രതീക്ഷിതതോൽവി വഴങ്ങേണ്ടിവന്ന സിറ്റിക്കു ലീഗിലെ നിലനിൽപിന് അടുത്ത മത്സരത്തിൽ വൻ വിജയം അത്യാവശ്യമായി. പ്രത്യേകിച്ചും കിരീടപ്പോരാട്ടത്തിൽ സിറ്റിയോടു മത്സരിക്കുന്ന ലിവർപൂൾ പോയൻറ് പട്ടികയിൽ അഞ്ചു പോയിന്റിന്റെ മുൻതൂക്കം സ്വന്തമാക്കിയ അവസരത്തിൽ ഗോൾ ശരാശരിയുയർത്തി ലിവർപൂളിനു മേലുള്ള സമ്മർദ്ദം നിലനിർത്താൻ ഡി ബ്രൂയന്റെ ഈ മിന്നുന്ന പ്രകടനം പെപിനും സംഘത്തിനും കുറച്ചൊന്നുമല്ല സഹായകമായത്.
പ്രീമിയർ ലീഗിലിതുവരെ ആറു മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു ഗോളുകളാണ് സിറ്റി അടിച്ചുകൂട്ടിയിരിക്കുന്നത്. രണ്ടു ഗോളും ഏഴ് അസിസ്റ്റുകളുമായി ഡി ബ്രുയൻ തന്നെയാണ് ഈ പ്രകടനത്തിനു പിന്നിലെ നിർണായക ശക്തി. ഈ മികവിലൂടെ സിറ്റിക്കു ഹാട്രിക് കിരീടം നേടിക്കൊടുക്കാൻ ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷൻ താരത്തിനു സാധിക്കുമോ?.






































