തകരുന്ന മധ്യനിര, ഉയരുന്ന ചോദ്യങ്ങൾ
ടി ട്വൻറി ക്രിക്കറ്റിൽ ചേസിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ചിന്നസ്വാമിയിലേത്. അതിനാൽത്തന്നെ ടോസ് നേടുന്ന നായകൻ തീർച്ചയായും ബൌളിംഗ് തെരഞ്ഞെടുക്കും. അത് നന്നായറിയാമായിരുന്നിട്ടും ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. അതിനയാൾ പറഞ്ഞ കാരണമിതായിരുന്നു.
“ഏതു ടോട്ടലും ചിന്നസ്വാമിയിൽ സുരക്ഷിതമല്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ ബാറ്റിങ് നിരയ്ക്ക് അത്തരമൊരു സമ്മർദ്ദം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു”.
ഈ പ്രസ്താവനയിലൂടെ ഇന്ത്യൻ നായകൻ നൽകിയ സന്ദേശമിതാണ്. തന്റെ ബാറ്റിങ് നിരയുടെ പ്രകടനങ്ങളിൽ അദ്ദേഹം തൃപ്തനല്ല. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളും ഈ പ്രസ്താവന ശരിവെയ്ക്കുന്നതാണ്. ടോപ് ത്രീ ബാറ്സ്മാന്മാരുടെ ചുമലിലാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ മുഴുവൻ ഭാരവും. രോഹിത്, ധവാൻ, കോഹ്ലി എന്നീ മൂന്നു ബാറ്സ്മാന്മാരുടെ മികവിൽ നമ്മുടെ മധ്യനിരയുടെ ദൗർബല്യങ്ങൾ മൂടിവെക്കപ്പെട്ടിരിക്കുന്നു. ലോകകപ്പിലും ഈ അവസ്ഥയായിരുന്നു. അതിന്റെ ഫലമായിരുന്നു ധവാന്റെ പരിക്കിനുശേഷമുണ്ടായ പ്രശ്നങ്ങൾ.
രോഹിതിന്റെ തുടർ സെഞ്ചുറികൾക്കും കോഹ്‌ലിയുടെ അർധശതകങ്ങൾക്കുമൊപ്പം ധവാനു പകരം ഓപ്പൺ ചെയ്ത രാഹുൽ ക്ഷമയോടെ പിടിച്ചു നിന്നതോടെ ഇന്ത്യ ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. പക്ഷേ സെമി ഫൈനലിൽ കിവീസ് പേസർമാർ നമ്മുടെ മുൻ നിര തകർത്തതോടെ ഇന്ത്യയുടെ ദൗർബല്യം വെളിച്ചത്തു വന്നു. അതിനു പകരം നൽകേണ്ടി വന്നത് ലോകകപ്പ് കിരീടം തന്നെയായിരുന്നു.
ലോകകപ്പിനു മുന്നേ തുടങ്ങിയ മികച്ച മധ്യനിര ബാറ്സ്മാന്മാർക്കായുള്ള തിരച്ചിൽ ഇനിയും ഫലം കണ്ടിട്ടില്ലെന്നതാണ് കോഹ്‌ലിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ലോകകപ്പിൽ നടത്തിയ പല റീപ്ലേസ്മെന്റുകളുമുയർത്തിയ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടുമില്ല. ഇടയ്ക്കു വീണ്ടും ടീം വിജയവഴിയിലെത്തിയതോടെ മറന്ന പ്രശ്നങ്ങൾ ഇന്നലത്തെ പരാജയത്തിലൂടെ വീണ്ടും ഉയിർത്തെഴുനിൽക്കുകയാണ്.
നാല്, അഞ്ച് നമ്പരുകളിൽ മികച്ച ബാറ്റ്സ്മാൻമാർ ഇല്ലായെന്നുള്ളതാണ് ഇപ്പോൾ ടീം നേരിടുന്ന പ്രധാന പ്രശ്നം. മനീഷ് പാണ്ഡേയും, കെ എൽ രാഹുലുമടക്കം പലരെയും നാലാം നമ്പറിൽ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഋഷഭ് പന്തിനെ ഉപയോഗിച്ചുള്ള പരീക്ഷണവും പരാജയമായതോടെ മറ്റു വഴികളെപറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
അഞ്ചാം നമ്പറിൽ ഹർദിക് പാണ്ട്യ മോശമല്ലാതെ ബാറ്റ് ചെയ്താലും അയാളെ ആറാം നമ്പറിൽ ഇറക്കുന്നതാകും അഭികാമ്യം. ഏഴാം നമ്പറിൽ ജഡേജയോ കൃണാൽ പാണ്ഡ്യയോ വന്നാൽ ബാറ്റിങ് ലൈനപ്പ് കൂടുതൽ ആഴമുള്ളതാകും. നാലാം നമ്പറിൽ പരീക്ഷിക്കാൻ പറ്റിയ കളിക്കാരനാണ് താനെന്നു ശുഭ്മാൻ ഗിൽ തെളിയിച്ച നിലയിൽ പന്തിന് ഇനിയും അവസരം നൽകുകയാണെങ്കിൽ അത് അഞ്ചാം നമ്പറിലാകുന്നതാകും അഭികാമ്യം. പന്ത് ഇനിയും മോശം പ്രകടനം തുടർന്നാൽ ഇതേ പൊസിഷനിൽ മറ്റു വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരായ സഞ്ജു സാംസനെയോ ഇഷാൻ കിഷനെയോ പരീക്ഷിക്കാനും സാധിക്കും. ഡിഫെൻസിവ് ടെക്നിക് കൂടി പരിഗണിച്ചാൽ സാങ്കേതികപരമായി മികച്ചു നിൽക്കുന്ന സഞ്ജു തന്നെയാകും കൂടുതൽ ഉത്തമം.
മധ്യനിരയിലെ മികച്ച പ്രകടനങ്ങൾ ടീമിന് എത്രമാത്രം മുതൽക്കൂട്ടാകുമെന്നതിന് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ ബെൻ സ്റ്റോക്സിന്റെ പ്രകടനം തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം. മധ്യ നിരയിലെ പ്രശ്നങ്ങൾ വളരെവേഗം പരിഹരിച്ചു മുന്നേറാൻ സാധിച്ചില്ലെങ്കിൽ ഇനി വരുന്ന ടി ട്വൻറി ലോകകപ്പിലടക്കം ഇന്ത്യൻ ടീമിനു തിരിച്ചടികൾ നേരിട്ടേക്കാം.