ടോമി എബ്രഹാം ; ചെൽസിയുടെ ദ്രോഗ്ബ രണ്ടാമൻ
പ്രീമിയർ ലീഗിൽ ഏറെ വ്യത്യസ്തമായൊരു സീസണാണ് ചെൽസിക്കിത്. ട്രാൻസ്ഫർ ബാനും സൂപ്പർ താരം ഈഡൻ ഹസാദിന്റെ റയലിലേക്കുള്ള കൂടുമാറ്റവും ചേർന്നു സമ്മാനിച്ച ശൂന്യതയിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് ലണ്ടൻ ക്ലബ്ബ്. ഒരുപക്ഷേ ലീഗിൽ ആദ്യ ആറു സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്യുകയെന്നതാകും ഇപ്പോൾ നീലപ്പടയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
പക്ഷേ ഇത് ചെൽസിയുടെ യുവതാരങ്ങൾക്കു മുന്നിൽ മികച്ചൊരു വാതിൽ തുറന്നിരിക്കുകയാണ്. സൂപ്പർ താരങ്ങളില്ലാത്ത ടീമിൽ ലഭിച്ച അവസരങ്ങൾ പൂർണമായും ഉപയോഗിക്കാനും നീലപ്പടയുടെ യങ് ബ്രിഗേഡിനു കഴിഞ്ഞിട്ടുണ്ട്. സീസണിലിതുവരെ ചെൽസി നേടിയ ഗോളുകളെല്ലാംതന്നെ അവരുടെ യുവതാരങ്ങളുടെ ബൂട്ടിൽ നിന്നാണ്. ടോമി എബ്രഹാം, മേസൺ മൗണ്ട്, കല്ലം ഹഡ്സൺ ഒഡോയ്, ഫികൊയോ ടമോറി മുതലായ ചെൽസി അക്കാദമി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. അവയിൽ പ്രധാനമായും എടുത്തു പറയേണ്ടത് ഇരുപത്തിയൊന്നുകാരനായ ടോമി അബ്രഹാമിനെപ്പറ്റിയാണ്. അഞ്ചു മത്സരങ്ങളിൽനിന്നും ഒരു ഹാട്രിക് അടക്കം ഏഴു ഗോളുകളുമായി പ്രീമിയർ ലീഗ് ഗോൾ സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ടോമി.
കഴിഞ്ഞ സീസൺ മുതൽക്കേ തന്നെ ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം ചെൽസി നിരയിൽ പ്രകടമായിരുന്നു. മൊറാട്ടയും ജിറൂദും, ഹിഗ്വയ്നും അവസരങ്ങൾ നഷ്ടപ്പെടുത്താൻ പരസ്പരം മത്സരിച്ചതോടെ മികച്ച പ്രകടനം നടത്തിയ പല മത്സരങ്ങളിലും സമനിലയോ പരാജയമോ ചെൽസിക്കു നേരിടേണ്ടി വന്നു. ഒപ്പം സീസണിലെ മികച്ച ഗോൾസ്കോററായിരുന്ന ഹസാഡും പോയതോടെ ഈ സീസണിൽ പണ്ഡിതരെല്ലാം ചെൽസിയെ എഴുതിത്തള്ളി.
പക്ഷേ സരിയ്ക്കു പകരമെത്തിയ പരിശീലകൻ ഫ്രാങ്ക് ലംപാർടിനു മുന്നിൽ മികച്ചൊരു യുവനിരയുണ്ടായിരുന്നു. എഫ് എ യൂത്ത് കപ്പും യുവേഫ യൂത്ത് ലീഗും നേടിയ ആ അക്കാദമിയിൽ നിന്നുമാണ് ടോമി ചെൽസി ടീമിലേക്കെത്തുന്നത്. ഏറെ പ്രതീക്ഷകൾ പുലർത്തിയിരുന്ന ഹഡ്സൻ ഒഡോയ്ക്കേറ്റ പരിക്കും ടോമിയെ ചെൽസി ആക്രമണങ്ങളുടെ കുന്തമുനയാക്കി.
ലിവർപൂളിനെതിരെ സൂപ്പർ കപ്പിലായിരുന്നു അയാളുടെ തുടക്കം. കളിയിൽ നിർണായക പെനാൽറ്റി നഷ്ടമാക്കിയ ടോമി ആരാധകരുടെ കണ്ണിലെ കരടായി. വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിറഞ്ഞു. മത്സരശേഷം ആ സന്ദേശങ്ങൾ വായിച്ചശേഷം ടെലഫോണിലൂടെ വിതുമ്പിക്കൊണ്ടാണ് തന്റെ മാതാവ് സംസാരിച്ചതെന്ന് ടോമി പറയുകയുണ്ടായി.
തനിക്കേറ്റ തിരിച്ചടികളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റ ടോമിയെയാണ് പിന്നീട് നാം കണ്ടത് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ നേടിയ ഹാട്രിക് അടക്കം ഏഴു ഗോളുകളാണ് അവസാന മൂന്നു കളികളിൽനിന്നും അവൻ അടിച്ചു കൂട്ടിയത്. ഒരിക്കൽ അവനെ തള്ളിപ്പറഞ്ഞവർ പോലും ഇപ്പോൾ ടോമിയുടെ ആരാധകരാണ്. മറ്റൊരു ദിദിയർ ദ്രോഗ്ബയെയാണ് അവർ അവനിൽ കാണുന്നത്. ഐവറി കോസ്റ്റ് ഇതിഹാസത്തെപ്പോലെ നീലപ്പടയുടെ രക്ഷകനാകാൻ ടോമിക്കും സാധിക്കട്ടെ.






































