Foot Ball Top News

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; കരുത്തു കാട്ടാൻ നോർവിച് സിറ്റി

September 21, 2019

author:

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; കരുത്തു കാട്ടാൻ നോർവിച് സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നും വമ്പന്മാരുടെ പോർക്കളമായിരുന്നു. ടോപ് സിക്സിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ടീമുകൾ തമ്മിൽ ആ കിരീടം കാലങ്ങളായി കൈമാറ്റം ചെയ്തു പോരുന്നു. 2015-16 സീസണിൽ ലെസ്റ്റർ സിറ്റിയുടെ വിജയമൊഴിച്ച് ഏതാണ്ടെല്ലാ കാലവും മേൽപറഞ്ഞ അവസ്ഥതന്നെയായിരുന്നു.

പക്ഷേ കുറച്ചു കാലമായി അതല്ല സ്ഥിതി. ചെറുടീമുകൾക്കു മുന്നിൽ സ്ഥാനം നിലനിർത്താൻ ചില വമ്പന്മാരെങ്കിലും നന്നേ പാടുപെടുന്നുണ്ട്. ആദ്യ സ്ഥാനങ്ങളിലൊന്നു സ്വന്തമാക്കാനുള്ള ചെറു ടീമുകളുടെ ശ്രമങ്ങൾ അവരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ആദ്യ ആറു സ്ഥാനക്കാരെയും ഒരുതവണയെങ്കിലും പിടിച്ചുകെട്ടിയ വോൾവ്‌സിന്റെ പ്രകടനം ഒരു ഉദാഹരണം മാത്രം. ഇത്തവണ പക്ഷേ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു കുഞ്ഞൻ ക്ലബ്ബാണ്. ഈ സീസണിൽ പ്രൊമോഷൻ നേടി വന്ന “നോർവിച് സിറ്റി” ആണ് ആ കുഞ്ഞന്മാർ.

ലീഗിൽ അഞ്ചു റൗണ്ടുകൾ പിന്നിട്ടപ്പോൾ ഏറ്റവുമധികം ശ്രദ്ധ നേടിയത് നോർവിച് സിറ്റിയെന്ന ഈ കുഞ്ഞൻ ടീമിന്റെ പ്രകടനമാണ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയാണ് അവർ വരവറിയിച്ചിരിക്കുന്നത്. അഞ്ചു മത്സരങ്ങളിൽനിന്നും രണ്ടു ജയവുമായി പ്രൊമോട്ടഡ് ടീമുകളിൽ മികച്ചുനിൽക്കുന്നതും ഇവർതന്നെ.

വിജയതൃഷ്ണയുള്ള ഒരുപിടി മികച്ച കളിക്കാരാണ് നോർവിച്ചിന്റെ കരുത്ത. ടീമു പുക്കിയെന്ന ഇരുപത്തിയൊൻപതുകാരൻ സ്‌ട്രൈക്കറാണ് കാനറികളുടെ നട്ടെല്ല്. ചാമ്പ്യൻഷിപ്പിലെ ടോപ് സ്‌കോറർ പ്രകടനം അതേപടി തുടരുകയാണ് ഈ ഫിൻലൻഡ്‌ താരം. ലീഗിലിതുവരെ ടീം നേടിയ ഒൻപതിൽ ആറു ഗോളുകളും പുക്കിയുടെ ബൂട്ടിൽനിന്നാണ്. കൂടാതെ രണ്ട് അസിസ്റ്റുകളും പുക്കിയുടെ വകയായുണ്ട്. മിഡ് ഫീൽഡർമാരായ കാന്റവെല്ലും ബുൻഡിയയും പുക്കിയ്ക്കു മികച്ച പിന്തുണ നൽകുമ്പോൾ ബെൻ ഗോഡ്‌ഫ്രേയും ഇബ്രാഹിം അമഡോവും ജമാൽ ലൂയിസും നയിക്കുന്ന പ്രതിരോധനിരയും ഹോളണ്ടുകാരൻ ഗോൾ കീപ്പർ ടിം ക്രൂളും പ്രതീക്ഷക്കൊത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കുഞ്ഞൻമാരെങ്കിലും സമ്പന്നമായ ഒരു ചരിത്രത്തിന്റെ വക്താക്കളാണ് നോർവിച് സിറ്റി. കാരോ റോഡാണ് കാനറികളെന്നു വിളിപ്പേരുള്ള ടീമിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ മുഴങ്ങുന്ന “ഓൺ ദി ബോൾ സിറ്റി” എന്നു തുടങ്ങുന്ന ഗാനം നിലവിലുള്ള ഗാലറി ചാന്റുകളിൽ എറ്റവും പഴക്കമുള്ളതാണ്. 1993 സീസണിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തതാണ് പ്രീമിയർ ലീഗിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. വീണ്ടുമൊരിക്കൽകൂടി ആ പ്രകടനം കാഴ്ചവെക്കാൻ ജർമൻ പരിശീലകൻ ഡാനിയേൽ ഫാർകെയ്ക്കും ശിഷ്യൻമാർക്കും കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a comment