ദിമിതർ ബെർബറ്റോവ്; ഫസ്റ്റ് ടച്ചുകളുടെ രാജകുമാരൻ
ഫുട്ബോളിലെ ഏറ്റവും മികച്ച ഫസ്റ്റ് ടച്ചുകളുടെ ഉടമ ആരെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, “ദിമിതർ ബെർബെറ്റോവ്”
ഹ്രീസ്റ്റോ സ്റ്റോയ്കോവിനു ശേഷം ബൾഗേറിയ എന്ന പേര് ഫുട്ബോൾ ലോകം ഉച്ഛരിച്ചത് ബെർബക്കൊപ്പമായിരുന്നു. രാജ്യാന്തര ഫുട്‍ബോളിലും ക്ലബ്ബ് ഫുട്ബോളിലും അത്രയേറെ മികവു പുലർത്തിയ ഒരു കരിയറിനാണ് അദ്ദേഹം കഴിഞ്ഞദിവസം വിരാമമിട്ടത്.
ബൾഗേറിയൻ ക്ലബ്ബ് സി.എസ്.കെ സോഫിയയിൽ തുടങ്ങി ഇങ്ങു കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോഴും ബെർബ പിന്തുടർന്ന ശൈലിയായിരുന്നു അയാൾക്കു ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്. “ലേസി എലഗൻസ്”, എതിർ പെനാൽറ്റി ബോക്സിൽ ഇത്രയും ശാന്തനായി കാണപ്പെടുന്ന ഫോർവേഡ് !. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്ത് ഇതിഹാസതാരം എറിക് കന്റോണയോടാണ് ബെർബ താരതമ്യം ചെയ്യപ്പെട്ടത്.
സോഫിയയിൽ തുടങ്ങിയ ബെർബയുടെ കരിയറിൽ കൂടുതൽ കാലവും അയാൾ ചെലവഴിച്ചത് പ്രീമിയർ ലീഗിലായിരുന്നു. രണ്ടു പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പറിനും മാഞ്ചസ്റ്റർ യൂണൈറ്റഡിനും വേണ്ടി അയാൾ ബൂട്ടണിഞ്ഞു. ചുവന്ന ചെകുത്താന്മാർക്കൊപ്പം രണ്ടു തവണ ലീഗ് കിരീടം കരസ്ഥമാക്കിയ ബെർബ 2010-11 സീസണിൽ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
മുൻ CSK സോഫിയ കളിക്കാരൻ ഇവാൻ ബെർബെറ്റോവിന്റെയും ഹാൻഡ്ബാൾ കളിക്കാരി മാർഗരീറ്റയുടെയും മകനായി ജനിച്ച ദിമിതർ കുട്ടിക്കാലത്തു ഇതിഹാസതാരം അലൻ ഷിയററുടെയും ന്യൂകാസിൽ യുണൈറ്റഡ് ക്ലബ്ബിന്റെയും കടുത്ത ആരാധകനായിരുന്നു. സോഫിയയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ 2001ൽ അയാളെ ജർമൻ ക്ലബ്ബ് ബയേർ ലെവർകുസീനിലെത്തിച്ചു. തൊട്ടടുത്ത സീസണിൽ ബുണ്ടസ് ലീഗയിൽ രണ്ടാമതെത്താനും യുവേഫ ചാംപ്യൻസ് ലീഗിന്റെയും ഡി.എഫ്.എ. പോകലിന്റെയും ഫൈനലിലെത്താനും ക്ലബ്ബിനെ സഹായിച്ച ബെർബ ടീമിന്റെ അവിഭാജ്യ ഘടകമായി.
2006ൽ സ്പർസ് ആക്രമണനിരയിലെത്തിയ ബെർബ അവിടെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സീസണിൽതന്നെ ഗോളടിച്ചുകൂട്ടിയ ബെർബയെ എന്തു വിലകൊടുത്തും മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിക്കാനുള്ള അലക്സ് ഫെർഗുസന്റെ തീരുമാനം ഒട്ടേറെ ട്രാൻസ്ഫർ വിവാദങ്ങൾക്കു തിരികൊളുത്തി. ഒടുവിൽ ഓൾഡ് ട്രാഫോഡിലെത്തിയ ബെർബ അവരുടെ ഇതിഹാസതാരങ്ങളിലൊരാളായാണ് മാഞ്ചസ്റ്റർ വിട്ടത്. മൈതാനം മുഴുവൻ ഓടിക്കളിക്കാത്ത ശൈലി ഒട്ടേറെ വിമർശനവിധേയമായെങ്കിലും ലിവർപൂളിനെതിരെ ഹാട്രിക് നേടി ടീമിനെ വിജയിപ്പിച്ച പ്രകടനവും ബ്ലാക്‌ബേൺ റോവേഴ്‌സിനെതിരെയുള്ള അഞ്ചു ഗോൾ പ്രകടനവും ആരാധകർ ഒരിക്കലും മറക്കില്ല.
പിന്നീട് ഫുൾഹാമിലേക്കു ചേക്കേറിയ ബെർബ ഫ്രാൻസിലൂടെയും ഗ്രീസിലൂടെയും സഞ്ചരിച്ചാണ് മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സിലെത്തിയത്. ആരാധകർക്ക് അത്ര സന്തോഷം പകരാത്ത പ്രകടനമായിരുന്നുവെങ്കിലും ക്ലബ്ബിന്റെ പേര് വിദേശരാജ്യങ്ങളിൽ ചർച്ചചെയ്യപ്പെടാൻ ബെർബയുടെ സൈനിങ് സഹായകമായി.
2006 മുതൽ 2010 വരെ ബൾഗേറിയൻ ടീം നായകനായിരുന്ന ബെർബ നാൽപത്തിയെട്ടു ഗോളുകളുമായി ബൾഗേറിയയുടെ എക്കാലത്തെയും ഗോൾ സ്കോറർമാരിൽ ഒന്നാമതാണ്. രണ്ടു പതിറ്റാണ്ടു നീണ്ട കരിയർ അവസാനിപ്പിച്ചു ബെർബ ബൂട്ടഴിക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കു നഷ്ടമാകാൻ പോകുന്നതും ആ ഗോളടിമികവുതന്നെ.