Cricket Editorial Top News

ഋഷഭ് പന്തിനു കാലിടറുമ്പോൾ…

September 20, 2019

author:

ഋഷഭ് പന്തിനു കാലിടറുമ്പോൾ…

“ഫിയർലെസ് ബാറ്റിങ്ങും കെയർലെസ് ബാറ്റിങ്ങും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്”.

ഇന്ത്യൻ താരം ഋഷഭ് പന്തിനെപ്പറ്റി ബാറ്റിങ് കോച്ച് വിക്രം റാത്തോറിന്റെ അഭിപ്രായമാണിത്. കഴിഞ്ഞ കുറച്ചു കളികളായി പന്തിന്റെ പ്രകടനം പരിശോധിച്ചാൽ ഏതൊരാൾക്കും തോന്നുന്ന അഭിപ്രായം. ഒരു ഇന്ത്യൻ ആരാധകൻ ഒരിക്കലും ആഗ്രഹിക്കാത്ത പ്രകടനമാണ് പന്തിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ധോനിയ്ക്കുശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഒരുത്തരമായി ഋഷഭ് പന്ത് ഉയർന്നു വന്നത് 2016 അണ്ടർ 19 ലോകകപ്പോടെയായിരുന്നു. മത്സരങ്ങളിലൊന്നിൽ വെറും പതിനെട്ടു പന്തുകളിൽനിന്നും അർധസെഞ്ചുറി നേടിയാണ് പന്ത് വരവറിയിച്ചത്. അതേ സീസണിൽ ഡൽഹി ഡെയർഡെവിൾസ് പന്തിനെ സ്വന്തമാക്കിയതോടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് അയാൾ ആദ്യചുവടുവെച്ചു.

ആക്രമണാത്മക ബാറ്റിങ്ങിലൂടെ അയാൾ ടീമിനു മുതൽക്കൂട്ടായി മാറി. 2018 IPL സീസണിൽ 63 പന്തിൽ നിന്നും നേടിയ 128 റണ്ണുകൾ ഇതിനുദാഹരണമാണ്. ഇത്തരം പ്രകടനങ്ങളായിരുന്നു അയാളെ 2017ൽ ഇന്ത്യൻ ടീമിലുമെത്തിച്ചത്. സാങ്കേതിക തികവിൽ തന്ന്നെക്കാളും മികച്ചു നിന്ന് സഞ്ജു സാംസനെയും ടെസ്റ്റിൽ മികച്ച കീപ്പിങ് കാഴ്ചവെച്ച വൃദ്ധിമാൻ സാഹയെയും പിന്തള്ളി അയാൾ ഷോർട്ടർ ഫോർമാറ്റിൽ ഇന്ത്യയുടെ ബാക്ക് അപ്പ്‌ കീപ്പറായി.

സഹയ്ക്കു സംഭവിച്ച പരിക്കാണ് പന്തിനു ടെസ്റ്റ്‌ ടീമിലേക്കുള്ള വഴി തുറന്നത്. അതയാൾ നന്നായി വിനിയോഗിക്കുകയും ചെയ്തു. വിദേശ മണ്ണിൽ നേടിയ സെഞ്ചുറികളും മറ്റും ധോണിയെ മാറ്റി ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും പന്തിനെ സ്ഥിരമാക്കാനുള്ള മുറവിളികക്കു ബലംനൽകി. അതിന്റെ ഫലമായാകാം ടൂർണമെന്റിന്റെ പകുതിമുതൽ അയാൾ ലോകകപ്പ് ടീമിൽ പരീക്ഷിക്കപ്പെടാൻ തുടങ്ങിയത്.

പക്ഷേ തനിക്കു കിട്ടിയ അവസരങ്ങൾ തുടർച്ചായി പാഴാക്കുന്ന പന്തിനെയാണ് നാം പിന്നീട് കണ്ടത്. ലോകകപ്പിൽ മികച്ച തുടക്കം ലഭിച്ചപ്പോളെല്ലാം അനാവശ്യഷോട്ടുകളിലൂടെ അയാൾ വിക്കറ്റ് തുലച്ചു. സെമി ഫൈനലിൽ മുൻ നിര ബാറ്റസ്മാൻമാർ പുറത്തായശേഷം നിരുത്തവാദപരമായൊരു ഷോട്ടിലൂടെയാണ് അയാൾ പുറത്തായത്.

പിന്നീടും തനിക്കു ലഭിച്ച അവസരങ്ങൾ ഒന്നൊന്നായി അയാൾ പാഴാക്കിക്കൊണ്ടിരുന്നു. ധോണി പിന്മാറിയതോടെ വിൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ചപ്പോഴും പിന്നീട് ദക്ഷിണാഫ്രിക്കൻ സീരീസിലുമെല്ലാം പന്ത് ആരാധകരെ നിരാശപ്പെടുത്തി. ബാറ്റിങ് പരാജയങ്ങൾ തുടർക്കഥയായതോടെ കോച്ചും ബാറ്റിങ് കോച്ചും അവരുടെ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ചെറിയ സ്കോറുകളല്ല, പന്ത് പുറത്താകുന്ന രീതിയാണ് അവരെയും പ്രേക്ഷകരെയും ഒരുപോലെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പുറത്തായപോലെ ഏതു പന്തിനേയും ലെഗ് സൈഡിലേക്കു മാത്രം കളിക്കാൻ ശ്രമിക്കുന്നത് അയാളുടെ ബാറ്റിങ് ടെക്നിക്കിലെ വിടവുകൾ വ്യക്തമാക്കുന്നു. ഐ. പി. എല്ലിൽ അതു മതിയാകും, പക്ഷേ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഉത്തരവാദിത്ത്വം കൂടും. പന്തു മാത്രമല്ല ഗെയിം സിറ്റുവേഷൻ കൂടി നോക്കി കളിച്ചാലേ അവിടെ പിടിച്ചു നിൽകാൻ സാധിക്കൂ. അതിനു സാധിച്ചില്ലെങ്കിൽ അധികം വൈകാതെതന്നെ പന്തിന് ടീമിനു പുറത്തേക്കുള്ള വാതിൽ തുറന്നേക്കാം. കാരണം ആ വാതിലിനു പുറത്ത് അനേകം പ്രതിഭകൾ കാത്തുനിൽക്കുന്നുണ്ട്. സഞ്ജുസാംസണും ഇഷാൻ കിഷനും അവരിൽ ചില പേരുകൾ മാത്രം. പന്ത് മനസിലാക്കേണ്ടതും ആ യാഥാർഥ്യമാണ്.

“ഇത്‌ ഇന്ത്യയാണ്, ഇവിടെ പ്രതിഭകൾക്കു ക്ഷാമമില്ല”.

Leave a comment