യൂറോപ്പ ലീഗ് : ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ആർസെനൽ
ജർമൻ ടീമായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 3ഗോളുകൾക്കു പരാജയപ്പെടുത്തി യൂറോപ്പ ലീഗിലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ആർസെനാൽ. എവേ മാച്ചിൽ ഫ്രാങ്ക്ഫർട്ടിന്റെ തട്ടകമായ കോമേഴ്‌സ് ബാങ്ക് അരീനയിൽ നടന്ന മത്സരത്തിൽ ഗണ്ണേഴ്സിന് വേണ്ടി ജോ വില്ലോക്ക്, ബുകയോ സാക, അബാമേയാങ്ങ് എന്നിവർ വലകുലുക്കി.
പ്രതീക്ഷക്കു വിപരീതമായി മിക്ക പ്രമുഖ താരങ്ങളെയും ബെഞ്ചിലിരുത്തി അക്കാദമി താരങ്ങളായ സാക, വില്ലോക്, സ്മിത്ത് റോവ്, എന്നിവരെ ഇറക്കിയാണ് ആർസെനൽ കളി ആരംഭിച്ചത്. എന്നാൽ സ്കോർബോർഡ് സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ആര്സെനലിന്റെ പ്രകടനം അവസാന 10മിനിറ്റ് വരെ. കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിക്കുകയായിരുന്നു. അതിന്റെ ബലമായി രണ്ടുപേർക്കും ഒട്ടനവധി ചാൻസുകൾ ലഭിച്ചു. എന്നാൽ രണ്ടുപേരും അവസരങ്ങൾ തുലയ്ക്കുന്നതിൽ മത്സരിച്ചപ്പോൾ ഗോൾ അകന്നു നിന്നു. 38ആം മിനുട്ടിൽ ഒരു ഡിഫ്‌ളെക്‌റ്റഡ് ഷോട്ടിലൂടെ വില്ലോക് ആര്സെണലിൻറെ അക്കൗണ്ട് തുറന്നു. ഇടവേളയ്ക്കു പിരിയുമ്പോൾ സ്കോർ 1-0
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആർസെനാൽ ഗോൾ മുഖത്തേക്ക് ഫ്രാങ്ക്ഫർട്ട് നിരന്തരം ഇരച്ചുകയറി. മറുവശത്തു ആർസെനലിനു ലഭിച്ച ഏതാനും ചില സുവർണ്ണാവസരങ്ങൾ താരങ്ങൾ നശിപ്പിച്ചപ്പോൾ മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാം എന്ന നിലയിലായി. എന്നാൽ 79-ആം മിനുട്ടിൽ ഫ്രാങ്ക്ഫർട്ട് താരം കൊഹ്ർ രണ്ടാം മഞ്ഞ കണ്ടു പുറത്തായത് കളിയിൽ വഴിത്തിരിവായി. അവസാന 10മിനുട്ടിൽ 10പേരായി ചുരുങ്ങിയ ജർമൻ പടയെ ആർസെനൽ കീറിമുറിച്ചു. 85ആം മിനുട്ടിൽ ബുകയോ സാക, 87ആം മിനുട്ടിൽ അബാമേയങ്ങ് എന്നിവരിലൂടെ ആർസെനൽ വിജയുറപ്പിച്ചു. 22നു ആസ്റ്റൺ വില്ലയുമായിട്ടാണ് ആര്സെനലിന്റെ അടുത്ത മത്സരം.






































