യു സി എൽ റിവ്യൂ ; റയൽ മാഡ്രിഡ് vs പി. എസ്. ജി
“ആർത്തലച്ചുവന്നൊരു സുനാമി തിരമാലയിൽപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാർ”
യുവേഫ ചാംപ്യൻസ് ലീഗിലെ പാരീസ് സെന്റ് ജർമൻ – റയൽ മാഡ്രിഡ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിച്ചാൽ യാതൊരു അതിശയോക്തിയും ഉണ്ടാവാനിടയില്ല. നെയ്മറും, എംബാപ്പയും കവാനിയും ഇല്ലാതിരുന്നിട്ടും മൈതാനത്തിൽ പി.എസ്.ജി യെ തളയ്ക്കാൻ സാധിക്കാതെ നട്ടം തിരിഞ്ഞ റയലിന്റെ അവസ്ഥ അത്രമേൽ ദയനീയമായിരുന്നു.
മധ്യനിരയിൽ കളി നിയന്ത്രിച്ച വെറാറ്റി, ഗ്വയെ, മാർകിഞ്ഞോസ് ത്രയം റയൽ താരങ്ങളെ പന്തു തൊടാനനുവദിക്കാതെ കളം നിറഞ്ഞപ്പോൾ ഇകാർഡിയും, ഡി മരിയയും സരാബിയയുമടങ്ങിയ മുന്നേറ്റനിര നിരന്തരം റയൽ ഗോൾമുഖം ലക്ഷ്യമാക്കി ഷോട്ടുകൾ പായിച്ചു.
കളിയുടെ പതിനാലാം മിനുട്ടിൽത്തന്നെ പി.എസ്.ജി ലീഡെടുത്തു. ക്ലോസ് റേഞ്ചിൽ ഡി മരിയ തൊടുത്ത ഷോട്ട് തടയുന്നതിൽ റയൽ ഗോളി കോർട്ടോറിയസ് ദയനീയമായി പരാജയപെടുകയായിരുന്നു. ഗോൾ നേടിയ ആവേശത്തിൽ പാരീസ് മുന്നേറ്റം ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ റയൽ ഏതു നിമിഷവും രണ്ടാം ഗോൾ വഴങ്ങുമെന്ന് പ്രതീതി സൃഷ്ടിക്കപ്പെട്ടു. പി.എസ്.ജിയുടെ തുടർ ആക്രമണങ്ങൾ സൃഷ്‌ടിച്ച സമ്മർദത്തിന്റെ ഫലമായിരുന്നു അവരുടെ രണ്ടാം ഗോൾ. ഗ്വയെ നൽകിയ പാസ് സ്വീകരിച്ച ഡി മരിയ മനോഹരമായൊരു ഷോട്ടിലൂടെ പന്തിനെ പോസ്റ്റിന്റെ വലതു മൂലയിൽ നിക്ഷേപിക്കുമ്പോൾ വിഫലമായൊരു ഡൈവ് നടത്തുവാൻ മാത്രമേ കോർട്ടോറിയസിനു കഴിഞ്ഞുള്ളു.
തൊട്ടടുത്ത നിമിഷം തന്നെ ഗാരെത് ബെയിലിലൂടെ റയൽ ഒരു ഗോൾ മടക്കിയെങ്കിലും ടീവി റീപ്ലേയിൽ പന്തു കൈയിൽ തട്ടിയെന്നു വ്യക്തമായതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. മറ്റൊരു ഷോട്ടിലൂടെ ബെയ്ൽ വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും പന്തു ഗോൾ പോസ്റ്റിൽനിന്നും അകന്നുപോയി.
മികച്ച ഒത്തിണക്കത്തോടെയാണ് പി.എസ്.ജി മത്സരത്തെ സമീപിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെയിലിൽ നിന്നും ഡി മരിയ പന്തു കവർന്നെടുത്ത രീതി അവരുടെ ആത്മവിശ്വാസം വെളിവാക്കുന്നതായിരുന്നു. അൻപത്തിയൊമ്പതാം മിനുട്ടിൽ ഹാട്രിക് നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ഒഴിഞ്ഞു കിടന്ന പോസ്റ്റിൽ പന്തെത്തിക്കാൻ അർജന്റീന താരത്തിനു സാധിച്ചില്ല.
മൂന്നാമതൊരു ഗോൾ വഴങ്ങാതിരിക്കാൻ മാത്രമായിരുന്നു പിന്നീട് റയൽ ശ്രമിച്ചത്. ഹസാദിനു പകരം വാസ്കെസും റോഡ്രിഗസിനു പകരം ജോവിച്ചും കളത്തിലിറങ്ങിയെങ്കിലും കളിയുടെ ഗതിക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. എഴുപത്തിയേഴാം മിനുട്ടിൽ ബെൻസീമ നേടിയ ഗോൾ റഫറി ഓഫ് സൈഡ് വിധിച്ചതോടെ റയലിന്റെ വിധി എഴുതപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമിൽ പ്രതിരോധതാരം തോമസ് മ്യൂനിയർ പി.എസ്.ജിയുടെ മൂന്നാം ഗോളും നേടിയതോടെ റയലിന്റെ പതനം പൂർത്തിയായി.
സിദാന്റെ ശിക്ഷണത്തിൽ തുടർച്ചയായി ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ചരിത്രമുണ്ട് റയലിന്. പക്ഷേ ആ കിരീടനേട്ടങ്ങളിൽ ക്രിസ്ത്യാനോ റൊണാൾഡോയെന്ന താരത്തിന്റെ പങ്കു വളരെ വലുതായിരുന്നു. റൊണാൾഡോ പോയി വർഷമൊന്നു കഴിഞ്ഞിട്ടും ആ വിടവു നികത്താൻ റയലിനു സാധിച്ചില്ലെന്നതു വ്യക്തമാക്കുന്നതായിരുന്നു അവരുടെ ഇന്നത്തെ പ്രകടനം. ചില നഷ്ടങ്ങൾ അങ്ങനെയാണ് എത്ര തന്നെ മനോഹരമായി മൂടിവെച്ചാലും അവ സൃഷ്ടിക്കുന്ന മുറിപ്പാടുകൾ കൂടുതൽ വ്യക്തമായിക്കൊണ്ടെയിരിക്കും.






































