Foot Ball legends Top News

റൊണാൾഡോ vs അത്ലറ്റികോ ; സമീപകാല ഫുടബോളിലെ ഏറ്റവും വീര്യമേറിയ മാത്സര്യം

September 18, 2019

author:

റൊണാൾഡോ vs അത്ലറ്റികോ ; സമീപകാല ഫുടബോളിലെ ഏറ്റവും വീര്യമേറിയ മാത്സര്യം

“ക്രിസ്ത്യാനോ റൊണാൾഡോ”

ഈ പേരു കേൾക്കുമ്പോൾ അൽപം ബഹുമാനത്തോടെയല്ലാതെ വിമർശകർ പോലും മുഖം തിരിക്കുകയില്ല. പക്ഷേ സ്‌പെയിനിലെ അത്ലറ്റികോ മാഡ്രിഡ്‌ ക്ലബ്ബിന്റെ ആരാധകരുടെ മനസ്സിൽ റൊണാൾഡോയെപ്പറ്റി പറയുമ്പോൾ ബഹുമാനം മാത്രമല്ല ഭയാനകമായ ചില ചിന്തകൾ കൂടി അവരെ കീഴടക്കും. കാരണം അവരുടെ പ്രിയ ക്ലബ്ബിനുമേൽ അത്രയേറെ നാശം വിതച്ചിട്ടുണ്ട് അയാൾ.

മാഡ്രിഡിൽ പന്തുതട്ടാൻ തുടങ്ങിയ കാലം മുതൽക്കേ യൂറോപ്പിന്റെ ചാംപ്യൻപട്ടം നേടാനുള്ള അത്ലറ്റികോയുടെ ശ്രമങ്ങൾക്കു മേൽ റൊണാൾഡോയെന്ന കഴുകൻ കരിനിഴൽ പരത്തിയിരുന്നു. 2013-14 സീസൺ ഫൈനലിൽ മുപ്പത്തിയാറാം മിനുട്ടിൽ ഗോഡിൻ നേടിയ ഗോളിന് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം വരെയും മുന്നിട്ടു നിന്ന് അത്ലറ്റികോ ആരാധകർ ആ വർഷത്തെ ഇരട്ട കിരീടം ആഘോഷിക്കാൻ തയ്യറെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ ഇഞ്ചുറി ടൈമിൽ റാമോസ് നേടിയ ഗോൾ മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം റൊണാൾഡോ റയലിന്റെ നാലാം ഗോൾ നേടുമ്പോൾ അത്ലറ്റികോ ആരാധകരുടെ കണ്ണുനീരിൽ ലിസ്ബൺ നഗരം കുതിർന്നിരുന്നു.

അതൊരു തുടക്കമായിരുന്നു. തൊട്ടടുത്ത സീസണിൽ ക്വാർട്ടർ ഫൈനലിൽ മാഡ്രിഡ്‌ വമ്പൻമാർ വീണ്ടും ഏറ്റുമുട്ടി. അത്ലറ്റികോ മൈതാനത്തു നടന്ന മത്സരം സമനിലയായപ്പോൾ. സാന്റിയാഗോ ബെർണബ്യുവിൽ വച്ചു നടന്ന പോരാട്ടത്തിൽ നിർണായക ഗോൾ നേടാൻ ഹെർണാണ്ടസിനെ സഹായിച്ചു റൊണാൾഡോ വീണ്ടും അയൽക്കാരുടെ മുന്നിൽ വില്ലനായി. 2015-16 സീസണിലാകട്ടെ വീണ്ടും ഫൈനലിൽ നിർണായകമായ അവസാന പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റൊണാൾഡോ അത്ലറ്റികോയുടെ അഭിമാനത്തെ ചോദ്യം ചെയ്തു.

2016-17ൽ ബെർണബ്യുവിൽ നടന്ന ആദ്യപാദ സെമിഫൈനലിൽ ഹാട്രിക് ഗോളുമായി റൊണാൾഡോ നിറഞ്ഞാടിയപ്പോൾ രണ്ടാം പാദത്തിൽ അത്ലറ്റികോ നേടിയ 2-1 ജയംപോലും നിഷ്പ്രഭമായിരുന്നു. ഒരുപക്ഷെ ഈ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച ഏതൊരു അത്ലറ്റികോ ഫാനും അടുത്ത സീസണിലെ റൊണാൾഡോയുടെ യുവന്റസ് കൂടുമാറ്റത്തിൽ ആഹ്ലാദിച്ചിരിക്കണം.

പക്ഷേ അത്ലറ്റികോയുടെ ദുർവിധി അവസാനിച്ചിരുന്നില്ല. 2018-19 സീസൺ പ്രീ ക്വാർട്ടറിൽ റൊണാൾഡോയുടെ യുവന്റസ് വീണ്ടും അവരുടെ മുന്നിലെത്തി. ഇത്തവണ ഹോം മത്സരത്തിലെ രണ്ടുഗോൾ ജയവുമായി ടൂറിനിലെത്തിയ സിമയോണിയെയും സംഘത്തെയും ഹാട്രിക് ഗോൾ നേടിയ റൊണാൾഡോ ഒറ്റയ്ക്കു പിച്ചിച്ചീന്തുകയായിരുന്നു.

കളിക്കളത്തിൽ മാത്രമല്ല മാനസികമായും റൊണാൾഡോ എന്നും അത്ലറ്റികോ മാഡ്രിഡിനുമേൽ അധീശത്വം പുലർത്തിയിരുന്നു. 2013-14 ൽ ഗോൾ നേടിയശേഷം കോർണർ ഫ്ളാഗിനടുത്തു വന്നു ജേഴ്സിയൂരി നടത്തിയ പ്രകടനം. ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ സിമയോണിയെ പ്രകോപിപ്പിച്ച സെലിബ്രേഷൻ, ഇവയെല്ലാം എന്നും അത്ലറ്റികോ ആരാധകരുടെ മനസ്സിൽ എന്നും കനലായി നീറും. ഒരിക്കൽക്കൂടി ഈ പോരാട്ടം പുനരാവിഷ്‌കരിക്കപെടുമ്പോൾ. വിധി എന്താകും ആ മൈതാനത്തിൽ ഒളിപ്പിച്ചിരിക്കുക?. കാത്തിരുന്നു കാണാം.

Leave a comment