പ്രതിഭാസത്തിന് ജന്മദിനാശംസകൾ
ലോകഫുട്ബോളിൽ ഒട്ടേറെ ഇതിഹാസങ്ങൾ ജന്മമെടുത്തിട്ടുണ്ട് അവർ തങ്ങളുടെ കേളിമികവുകൊണ്ട് ആരാധകഹൃദയങ്ങൾ കീഴടക്കി. പക്ഷെ ലോകം ഒരേ സ്വരത്തിൽ പ്രതിഭാസമെന്നു വിളിച്ചത് റൊണാൾഡോയെയായിരുന്നു. അതെ, പ്രതിഭാസം (O Phenominon) എന്നറിയപ്പെടുന്ന ബ്രസീലിയൻ ഗോളടിയന്ത്രം. അസാമാന്യ ഡ്രിബ്ലിങ് വേഗതയും ഫിനിഷിങ്ങിലെ കൃത്യതയും കൊണ്ടു ഫുട്ബോൾലോകം കീഴടക്കിയ അതുല്യ പ്രതിഭ.
1976ൽ ബ്രസീലുകാരായ നെയ്‌ലൊ നാസാരിയോ ഡി ലിമയുടെയും സോണിയ ഡോസ് സാന്റോസ് മാർത്തയുടെയും മകനായി ജനിച്ച റൊണാൾഡോ ലൂയിസ് നാസാരിയോ ഡി ലിമ എന്ന റൊണാൾഡോ കുട്ടിക്കാലത്തുതന്നെ ഫുട്ബാളിലുള്ള തന്റെ പ്രാവീണ്യം പ്രകടമാക്കിയിരുന്നു. പതിനൊന്നാം വയസ്സിൽ തന്റെ മാതാപിതാക്കൾ വിവാഹമോചിതരായതോടെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച റൊണാൾഡോ ഒറ്റപ്പെടലിൽ നിന്നും മോചനം കണ്ടെത്തിയത് കാൽപന്തുകളിയുടെ ലോകത്തായിരുന്നു.
തന്റെ ആദ്യ ക്ലബ്ബായ സോഷ്യൽ റാമോസിനുവേണ്ടി അവൻ ഗോളുകൾ വാരിക്കൂട്ടി. വിധിയോടുള്ള തന്റെ പക കാലുകളിലേക്കാവാഹിച്ച അവന്റെ ഷോട്ടുകൾക്കു മുന്നിൽ ഗോളികൾ വെറും കാഴ്ചക്കാരായി മാറി. റാമോസിലെ പ്രകടനം മൂലം ക്രൂസിയ്‌റോ ക്ലബ്ബിലെത്തിയ റൊണാൾഡോ 1993ൽ അവരെ ആദ്യമായി ബ്രസീൽ കപ്പ് ചാമ്പ്യന്മാരാക്കി. ഈ പ്രകടനം റൊണാൾഡോയെ 1994 ലോകകപ്പിനുള്ള ബ്രസീൽ ടീമിലെത്തിച്ചു. പക്ഷെ റൊമാരിയോയെന്ന മറ്റൊരു അതികായന്റെ സാന്നിധ്യം അവനു ആദ്യ ഇലവനിലേക്കുള്ള പ്രവേശനം അസാധ്യമാക്കി.
ലോകകപ്പിനുശേഷം പി എസ് വി ഐന്തോവൻ ക്ലബ്ബിനുവേണ്ടി കരാറൊപ്പിട്ട റൊണാൾഡോ ഒരു മത്സരത്തിൽ ഒരു ഗോൾ എന്ന ശരാശരിയിൽ അവർക്കുവേണ്ടി ഗോളുകൾ അടിച്ചുകൂട്ടി. ഇതോടെ യൂറോപ്പിലെ വൻ ക്ലബ്ബുകൾ റൊണാൾഡൊക്കുവേണ്ടി രംഗത്തെത്തി. ബാർസലോണയിലേക്കും പിന്നീട് ഇന്റർമിലാനിലേക്കും ചേക്കേറിയ റൊണാൾഡോ തന്റെ മികച്ച പ്രകടനം തുടർന്നു. ഈ നാലു വർഷ കാലയളവിൽ രണ്ടു തവണ ഫിഫ ലോക ഫുട്ബോളറായ റൊണാൾഡോ 98 ലോകകപ്പിനുള്ള ബ്രസീൽ ടീമിന്റെ വജ്രായുധമായാണ് വിലയിരുത്തപ്പെട്ടത്.
98 ഫ്രാൻസ് ലോകകപ്പിൽ റൊണാൾഡോയുടെ മികവിന്റെ പിൻബലത്തിൽ ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. പക്ഷെ പിന്നീടുള്ള സംഭവങ്ങൾ തികച്ചും നാടകീയമായിരുന്നു. ഫ്രാൻസുമായുള്ള ഫൈനലിന്റെ തലേരാത്രി പ്രതീക്ഷകളുടെ സമ്മർദ്ദം താങ്ങാനാവാതെ തളർന്നുപോയ റൊണാൾഡോ കളിയിൽ തീർത്തും നിഷ്പ്രഭനായി. സിദാനും സംഘവും ലോകകപ്പ് കിരീടം ചൂടുന്നത് നോക്കിനിൽക്കാനേ റൊണാൾഡോക്കായുള്ളൂ. ഫുട്ബാളിനെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന ബ്രസീൽ ആരാധകർക്കുമുന്നിൽ അവന്റെ മുൻകാലപ്രകടനങ്ങൾ ഒരു പരിഹാരമായിരുന്നില്ല.
1998ൽ തന്റെ കയ്യിൽ നിന്നും വഴുതിപ്പോയ ലോകകിരീടം തിരിച്ചുപിടിക്കാനുറച്ചുകൊണ്ടായിരുന്നു ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിനായി റൊണാൾഡോയും സംഘവുമെത്തിയത്. കളത്തിൽ പടക്കുതിരയെപോലെ പാഞ്ഞ റൊണാൾഡോയുടെ മികവിൽ വീണ്ടും ബ്രസീൽ ഫൈനലിലെത്തി. ലോകത്തിലെ തന്നെ എറ്റവും മികച്ച ഗോൾകീപ്പറായിരുന്ന ഒലിവർ ഖാനെ കാഴ്ചക്കാരനാക്കി എണ്ണം പറഞ്ഞ രണ്ടു ഗോളുകളോടെ ആ മൊട്ടത്തലയൻ നാലു വർഷങ്ങള്ക്കു മുൻപ് തങ്ങളിൽ നിന്നും അകന്നുപോയ ലോകകിരീടം ബ്രസീലിൽ തിരികെയെത്തിച്ചു. ആ വർഷം വീണ്ടും ലോകഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റൊണാൾഡോ 2003ൽ തന്റെ പുതിയ ക്ലബ്ബായ റയൽ മാഡ്രിഡിനെ ലാ ലീഗ ചാമ്പ്യന്മാരുമാക്കി. 2006 ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായെങ്കിലും മൂന്നു ഗോളുകൾ അതിനകം തന്നെ റൊണാൾഡോ നേടിയിരുന്നു. 2009ൽ കോറിന്തിയൻസിന് ബ്രസീൽ ലീഗും ബ്രസീൽ കപ്പും നേടിക്കൊടുത്ത റൊണാൾഡോയെ ഫിഫ 2010ൽ ദശാബ്ദത്തിന്റെ ഫുട്ബാളറായി തിരഞ്ഞെടുത്തു. 2011ൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിച്ചു.
ഫിനിഷിങ്ങിൽ റൊണാൾഡോയെപോലെ കൃത്യതയുള്ള വേറെ ഒരു കളിക്കാരൻ ഇതുവരെയുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. എതിരാളിയുടെ പെനാൽറ്റിബോക്സിൽ പതിയിരുന്നു അര്ദ്ധവസരങ്ങളിൽ പോലും പുലിയെപോലെ ചാടിവീണു ഒരു വേട്ടക്കാരന്റെ കൃത്യതയോടെ ഗോൾപോസ്റ്റിലേക്കു നിറയൊഴിക്കുന്ന റൊണാൾഡോ എന്നും എതിരാളികളുടെ പേടിസ്വപ്നമായിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ ആദ്യ പകുതിയിലുമുള്ള കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ പറയുമായിരുന്നു “ഞാൻ റൊണാൾഡോയാണ്, എന്നേ ആർക്കും തടയാനാകില്ല”. അതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് അദ്‌ഭുതവും ആരാധനയുമായിരുന്നു ആ പ്രതിഭാസത്തോട്.
Happy birthday legend….