ഓർമ്മയിലെ മുഖങ്ങൾ – ട്രാവിസ് ഫ്രണ്ട്
ഏതൊരു സ്പോർട്സ് താരത്തിനും മാതൃകയാക്കാവുന്ന മുഖമാണ് ട്രാവിസ് ഫ്രണ്ട് എന്ന മുൻ സിംബാബ്വേൻ ക്രിക്കറ്ററുടേത്. സ്പോർട്സിലെ തന്റെ കരിയറിന് ശേഷം ഇനിയെന്ത് എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ലാതെ ബുദ്ധിമുട്ടിയ ഒരുപാട് താരങ്ങളെ നമുക്ക് പരിചയമുണ്ട്. അതിൽ നിന്ന് വ്യത്യസ്തനാണ് ട്രാവിസ് ഫ്രണ്ട്. ദീർഘ വീക്ഷണത്തിലൂടെ അയാൾ സ്പോർട്സിന് ശേഷമുള്ള തന്റെ ഭാവിയും കളി നാളുകളിൽ സുരക്ഷിതമാക്കിയിരുന്നു.
തന്റെ പത്തൊമ്പതാം വയസ്സിൽ സിംബാബ്വേക്കുവേണ്ടി അരങ്ങേറിയ ആ മുഖം തന്റെ കളിനാളുകളിൽ വേഗതയേറിയ ഒരു ഫാസ്റ്റ് ബൗളറുടെ റോളും, ബാറ്റുകൊണ്ട് ഒരു പിഞ്ച് ഹിറ്ററുടെ റോളും മനോഹരമാക്കിയിരുന്നു. മുഗാബെ ഭരണ കൂടത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സിംബാബ്‌വെയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നും 2004ൽ പുറത്താക്കപ്പെട്ടപ്പോൾ, പുതിയൊരു കരിയർ പടുത്തുയർത്താൻ അയാൾ ഇംഗ്ലണ്ടിലേക്ക് ചേക്കേറി. ഡെർബിഷെയറിൽ ഒരു കരിയർ നിർമ്മിക്കാൻ നിശ്ചയിച്ചായിരുന്നു ആ യാത്ര. ഒരിക്കൽ സിംബാബ്‌വെയുടെ കോച്ചായിരുന്ന ഡേവിഡ് ഹൂട്ടൻ ആ ക്ലബ്ബിന്റെ ഡയറക്ടർ ആണെന്നുള്ളതും അയാളിൽ ഒരുപാട് പ്രതീക്ഷകൾ നൽകിയിരുന്നു.
പക്ഷെ വിധി പരിക്കിന്റെ രൂപത്തിൽ അയാളെ വിടാതെ പിന്തുടർന്നപ്പോൾ അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ ആ ക്ലബ് വിസമ്മതിച്ചു. അടുത്ത മൂന്ന് വർഷം അയാൾ ബിർമിങ്ഹാം പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ഓവർസീസ് താരമായി കളി തുടർന്നു. അതിനിടയിൽ ആ മനസ്സ് മനസിലാക്കിയിരുന്നു പരിക്കുകൾ തന്നെ തളർത്തുന്നു എന്ന ആ യാഥാർഥ്യം. വേറൊരു കരിയറിനെ കുറിച്ചു ഗൗരവമായി ആ മനസ്സ് ചിന്തിച്ചു തുടങ്ങി. തന്റെ രാഷ്ട്രത്തിന് വേണ്ടി കളിക്കുന്ന നാളുകളിൽ അദ്ദേഹം നേടിയെടുത്ത പ്രൈവറ്റ് പൈലറ്റ് സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി അയാൾ മുന്നോട്ട് കുതിച്ചു. കളിക്കിടയിലും ട്രെയിനിങ്ങും, ക്ലാസ്സുകളും മുന്നോട്ട് കൊണ്ടുപോയപ്പോൾ അയാൾ ഒരു ചുവട് കൂടി മുന്നോട്ട് കയറി. 2006ൽ കോമ്മേഴ്സ്യൽ പൈലറ്റ് ആയിമാറുകയും ചെയ്തു. ഒരു വർഷത്തെ ഫ്ലയിങ് ട്രൈനിങ്ങിന് ശേഷം 2007ൽ ട്രാവിസ് ഫ്രണ്ടിന് UK ഫ്ലയിങ് ലൈസൻസ് ലഭിക്കുകയും ചെയ്തു……
ഓരോ വളർന്നു വരുന്ന സ്‌പോർട്സ് താരങ്ങൾക്കും ഇദ്ദേഹത്തിന്റെ ഈ നേട്ടം ഒരു പ്രചോദനമാണ്, ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ “most interesting post career of all time “ഇദ്ദേഹത്തിന്റെതാവാം…
Pranav Thekkedath