ഉത്രട്ടാതി ദിനത്തിൽ ക്ഷേത്രത്തിൽ ഇങ്ങനെയും ഉണ്ട് ചില പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും
ഗരുഡവാഹനമെഴുന്നള്ളിപ്പ്
എല്ലാ മലയാളമാസത്തിലേയും ഉത്തൃട്ടാതി നാളിലും വെളുത്തപക്ഷ ഏകാദശിനാളിലും ഈ എഴുന്നള്ളിപ്പ് നടത്താറുണ്ട്. ഗരുഡവാഹത്തിന്റെ ശില്പ ഭംഗി പ്രത്യേകം പരാമർശമർഹിക്കുന്നു. മുന്നോട്ടു നീട്ടിയ കൈകളും വശങ്ങളിൽ ചിറകുകളും ദംഷ്ട്രകളോടു കൂടിയ വായും ഗാംഭീര്യം തുടിക്കുന്ന മുഖവും കൊത്തുപണികളോടു കൂടിയ കിരീടവും അടങ്ങുന്നതാണ് ഗരുഡവാഹനം
മുകളിൽ പത്തുകിലോ വരുന്ന സ്വർണ്ണ അങ്കി ഉറപ്പിക്കുന്നതിനുള്ള സ്വർണ്ണപ്രഭ, നവരത്നങ്ങൾ പതിച്ച മാലകൾ, താമരപതക്കം, സ്വർണ്ണത്തിലും വെള്ളിയിലും ഉള്ള പൂക്കൾ അലങ്കാരത്തിനുണ്ട്.
ദശാവതാരച്ചാർത്ത്
വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു ദിവസം ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് നടത്തിവരുന്നു. ഇത് പന്ത്രണ്ട്കളഭം എന്ന പേരിൽ അറിയപ്പെടുന്നുന്നു. ബ്രഹ്മഹത്യാപാപം പരിഹരിക്കുന്നതിനായി അന്നത്തെ മാർത്താണ്ഡവർമ്മ അനിഴം തിരുനാൾ രാമവർമ്മയാണ് ഇത് ഏർപ്പെടുത്തിയത്.
ധനുമാസക്കമ്പം
ആറന്മുള ദേശത്തുള്ള കുട്ടികൾ വർഷം തോറും ധനുമാസം ആദ്യം മുതൽ അവസാനം വരെ തണുങ്ങുകൾ പെറുക്കി സൂക്ഷിക്കുന്നു. കരസംക്രമത്തിന്റെ തലേന്ന് ബാലന്മാർ ഒത്തു ചെർന്ന് വെട്ടിക്കൊണ്ടു വന്ന കമുകിൻ തണുങ്ങുകൾ നാട്ടുന്നു. ഇത് വെച്ചുകെട്ടി ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. രാത്രി രണ്ടുമണിയോടെ വാദ്യങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്ന് പൂജാരി തീയ് ഒരുക്കിക്കൊടൂക്കുന്നു. ഈ ദീപവുമായി ബാലന്മാർ വഞ്ചിപ്പാട്ട് പാടി കവുങ്ങുകൾക്ക് സമീപത്തെത്തി ആചാരങ്ങൾ ചെയ്തശേഷം വനത്തിനും തീകൊളുത്തുന്നു. ഇത് ധനുമാസക്കമ്പം എന്നറിയപ്പെടുത്തുന്നു.
ആറന്മുള ഊട്ട്
ആറന്മുളയപ്പന്റെ പ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. കൊച്ച് കുട്ടികൾക്ക് തേച്ചു കുളിയും വിഭവസമൃദ്ധമായ സദ്യയും നൽകലാണ് ഈ വഴിപാട്. നടത്തേണ്ട വ്യക്തിയുടെ ആണ്ടുപിറന്നാൾ അല്ലെങ്കിൽ പക്കപ്പിറന്നാൾ ദിനത്തിലോ ആണിത് നടത്തുന്നത്. ഊട്ട് നടത്തുന്ന വീട്ടുകാർ തലേന്ന് തന്നെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് ക്ഷണിക്കുന്നു. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളെയാണ് ക്ഷണിക്കുക, ഇതിൽ ജാതി നോക്കാറില്ല. പിറ്റേന്ന് കുട്ടികൾ എത്തുമ്പോൾ അവർക്ക് പാൽകഞ്ഞിയും പപ്പടവും നൽകുന്നു. ക്ഷേത്രക്കുളത്തിൽ കുളി കഴിഞ്ഞുവരുന്ന കുട്ടികൾക്ക് ഉടുക്കാൻ കോടിവസ്ത്രവും നൽകി ഭസ്മവും ചന്ദനവും തൊടുവിക്കുന്നു. അതിനുശേഷം പന്തലിൽ ഊണിനിരുത്തുന്നു. പന്തിയിൽ ഒരു വിളക്ക് കത്തിച്ചശേഷമേ ഭക്ഷണം വിളമ്പുകയുള്ളൂ. ഇതിനു മുമ്പ് സ്ത്രീകൾ കുരവയിടുകയും പുരുഷന്മാർ ആർപ്പ് വിളിക്കുകയും ചെയ്യുന്നു.






































