Editorial Foot Ball Top News

ടോപ് സിക്സിലെത്താൻ ലെസ്റ്റർ സിറ്റി

September 14, 2019

author:

ടോപ് സിക്സിലെത്താൻ ലെസ്റ്റർ സിറ്റി

“One season wonder”

ഈ ടാഗ്‌ലൈൻ ഏറ്റവുമധികം അന്വർത്ഥമാക്കിയ പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റിയായിരിക്കും. ഒന്നാം ഡിവിഷൻ ലീഗിൽ നിന്നും തരം താഴ്ത്തപ്പെടുമെന്നു കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് 2015-16 സീസണിൽ ലെസ്റ്റർ പ്രീമിയർ ലീഗ് കിരീടം കിങ് പവർ സ്റ്റേഡിയത്തിലേക്കെത്തിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആഴ്‌സനലിനും ലെസ്റ്ററിനുമിടയിലെ വ്യത്യാസം പത്തു പോയന്റുകളായിരുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോൾ കുറുക്കന്മാർ നേടിയ വിജയത്തിന്റെ മാറ്റു പിന്നെയും കൂടും. തൊട്ടടുത്ത സീസണിൽ യുവേഫ ചാംപ്യൻസ് ലീഗിലെ അവസാന എട്ടിൽ സ്ഥാനം പിടിക്കാൻ സാധിക്കുകയും ചെയ്തതോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ എറ്റവും മികച്ച കാലയളവായി കഴിഞ്ഞ സീസണുകൾ അറിയപ്പെട്ടു.

1992ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയശേഷം കിരീടം കരസ്ഥമാക്കിയ ആറു ടീമുകളിൽ ഒന്നായിരുന്നെങ്കിലും ലീഗിലെ “ടോപ് സിക്സ്” എന്ന വിഭാഗത്തിൽ നിന്നും പുറത്താണ് ഇപ്പോഴും ലെസ്റ്ററിന്റെ സ്ഥാനം. സ്ഥിരമായി മികവു പുലർത്തുന്നില്ല എന്ന കാരണം തന്നെയാണ് ഇതുവരെ കിരീടം സ്വന്തമാക്കാത്ത ടോട്ടൻഹാം ഹോട്സ്പറിനും പിന്നിലായി ലീഗിൽ ലെസ്റ്ററിനെ കാണുവാൻ ഫുട്ബോൾ നിരൂപകരെ പ്രേരിപ്പിക്കുന്നത്.

നിരൂപകരുടെ വിമർശനങ്ങളെ ശെരിവെയ്ക്കുന്നതായിരുന്നു കഴിഞ്ഞ മൂന്നു സീസണുകളായി ലെസ്റ്ററിന്റെ പ്രകടനം. കിരീടം നേടിയതിനു തൊട്ടടുത്ത സീസണിൽ പന്ത്രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ക്ലബ്ബ് പിന്നീടുള്ള രണ്ടു വർഷങ്ങളിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ലീഗിൽ പുതുതായി വന്ന വോൾവ്‌സിനും പിന്നിലായി ഫിനിഷ് ചെയ്യേണ്ടി വന്നത് കഴിഞ്ഞ സീസണിൽ ലെസ്റ്ററിന് കൂടുതൽ നിരാശ സമ്മാനിച്ചു.

പക്ഷേ ഇത്തവണ ലെസ്റ്റർ സിറ്റി രണ്ടും കൽപിച്ചാണ്. സാഹചര്യങ്ങളും ലീഗിൽ ആദ്യ ആറു സ്ഥാനങ്ങളിലൊന്നു നേടാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങൾക്കു അനുകൂലമാണെന്നാണ് വിലയിരുത്തൽ. ട്രാൻസ്ഫർ വിലക്കു നേരിടുന്ന ചെൽസിയും, കഴിഞ്ഞ സീസണുകളിൽ പ്രതീക്ഷക്കൊത്തുയരാൻ സാധിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡും ഒഴിച്ചിടുന്ന സ്ഥാനങ്ങളിലൊന്നിൽ കുറുക്കന്മാർ കണ്ണു വെയ്ക്കുമ്പോൾ മുഖ്യമായും വെല്ലുവിളി നേരിടേണ്ടി വരിക വോൾവ്‌സ്, എവെർട്ടൻ എന്നീ ക്ലബ്ബുകളിൽ നിന്നുമായിരിക്കും.

മിഡ് ടേബിൾ ടീമെന്ന ഖ്യാതി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ സീസൺ തുടക്കം മുതൽക്കേ ലെസ്റ്റർ തുടങ്ങിയിരുന്നു. റെക്കോർഡ് തുകയ്ക്ക് പ്രതിരോധ താരം ഹാരി മക്ഗ്വയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറിയ ടീം പിന്നീട് കൂടുതലായും ലക്ഷ്യമിട്ടത് യുവതാരങ്ങളെയായിരുന്നു. ന്യൂകാസിലിൽ നിന്നും പെരെസിനെയും ല്യൂട്ടൻ ടൗണിൽ നിന്നും ജെയിംസ്‌ ജസ്റ്റിനെയും സ്വന്തമാക്കിയ ക്ലബ്ബ് ഒരുപിടി അണ്ടർ 23 താരങ്ങളെയും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് അണ്ടർ 19 ദേശീയ ടീമംഗമായിരുന്ന ജോർജ് ഹിസ്റ്റ, സംപാടോറിയയ്ക്കും ബെൽജിയൻ അണ്ടർ 20 ദേശീയ ടീമിനും വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ള ഡെന്നിസ് പ്രാറ്റ് മുതലായവർ അവരിൽ ചിലരാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ എണ്ണം പറഞ്ഞ മുന്നേറ്റ നിരക്കാരിൽ ഒരാളായ ജാമി വാർഡി ആണ് ലെസ്റ്ററിന്റെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. കൂടാതെ മിഡ്ഫീൽഡർമാരായ ജെയിംസ്‌ മാഡിസണും നൈജീരിയൻ താരം വിൽഫ്രഡ് എൻഡിഡിയും ചേരുമ്പോൾ ലെസ്റ്റർ മുന്നേറ്റവും മധ്യനിരയും ആരെയും വിറപ്പിക്കാൻ പോന്നതാണ്.

ഗോൾകീപ്പർ കാസ്പെർ സ്മിഷേലും മികച്ച ഡിഫൻഡർമാരായ റിക്കാർഡോ പെരേരയും കാഗ്ലെർ സോയുങ്കുവും ചേർന്നൊരുക്കുന്ന പ്രതിരോധനിര ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടുന്നതാണ് ലീഗിൽ ലെസ്റ്റർ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തെകുന്നത്. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കരുത്തരായ ചെൽസിയെയും വോൾവ്‌സിനെയും സമനിലയിൽ തളയ്ക്കാൻ ലെസ്റ്ററിനെ സഹായിച്ചതും ഈ പ്രതിരോധനിരയാണ്. അടുത്ത മത്സരങ്ങളിൽ ഹഡർഫീൽഡിനെയും ബൗൺമൗത്തിനെയും തോല്പിക്കാൻ സാധിച്ച ഫോക്സസ് സീസണിൽ തോൽവിയറിയാതെ മുന്നേറുകയാണ്.
മികച്ച പ്രകടനങ്ങൾ തുടരുവാൻ സാധിച്ചാൽ ടോപ് സിക്സ് സ്ഥാനം ലെസ്റ്ററിന് കയ്യെത്തും അകലത്തിൽ തന്നെയാണ്. മിഡ് ടേബിൾ ടീമിൽ നിന്നും ടോപ് സിക്സ് ടീമുകളുടെ നിരയിലെത്താനുള്ള ലെസ്റ്ററിന്റെ ശ്രമങ്ങൾ ഫലം കാണുമോ?. സീസൺ അവസാനം മാത്രമേ അതിനുള്ള ഉത്തരം നമുക്കു ലഭിക്കൂ.

Leave a comment