Cricket Editorial Top News

സ്റ്റീവ് സ്മിത്ത് നമ്മളെ അതിശയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു

September 14, 2019

author:

സ്റ്റീവ് സ്മിത്ത് നമ്മളെ അതിശയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു

ഓവലിൽ അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് ഫോക്സ് ടെലിവിഷൻ അവതാരകൻ ഒരു ഇംഗ്ളണ്ട് ഫാനിനോട് ചോദിക്കുന്നുണ്ടായി ഈ ടെസ്റ്റ് നിങ്ങൾ ജയിക്കുമോ ?? എന്നാൽ ആരാധകൻറെ മറുപടി നിരാശയും ആകാംഷയും ഒരുപോലെ നിറഞ്ഞതായിരുന്നു.”സ്റ്റീവൻ സ്മിത്തിനെ റൺസ് അടിക്കാൻ അനുവദിക്കാതെ പുറത്താക്കാൻ കഴിഞ്ഞാൽ ഞങ്ങൾ ജയിക്കും”

എന്നത്തേയും പോലെ 2019 ആഷസ് തിരക്കഥയ്ക്ക് ഒരു മാറ്റവും ഇല്ല.ഓസിസ് ഓപ്പണേഴ്‌സ് പെട്ടെന്ന് കൂടാരം കേറുന്നു.സ്മിത്ത് വരുന്നു ,ക്രീസിൽ നങ്കൂരമിടുന്നു,റൺസുകൾ വാരി കൂട്ടുന്നു ,അർധസെഞ്ചുറികൾ ,സെഞ്ചുറികൾ……അങ്ങനെ പോകുന്നു …..അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിഗ്‌സിൽ പെട്ടെന്ന് ക്രീസിൽ എത്തി കെന്നിങ്‌ടൺ ഓവലിൽ ഗാർഡ് എടുക്കുമ്പോൾ ഞാനും കരുതി ഇന്നെങ്കിലും പെട്ടെന്ന് ഔട്ട് ആകുമോ??

അവസാന ടെസ്റ്റിൽ എവിടെ നിർത്തിയോ അവിടെ നിന്നുമാണ് അദ്ദേഹം തുടങ്ങുന്നത്.ടെസ്റ്റ് ക്രിക്കറ്റിലെ നാലും,അഞ്ചും വേണ്ട ആറാം സ്റ്റംപിൽ വരെ സ്മിത്ത് അനായാസമായി ഫുട് വർക്കിലൂടെ നടന്നു നീങ്ങി ഷോട്ടുകൾ ഉതിർക്കുന്നു.കോൺഫിഡൻസ് അല്ലാതെ എന്ത് പറയാൻ.ഒരു കളിക്കാരൻ ഒരു സീരിസിലെ ഒന്നോ രണ്ടോ മാച്ചുകളിൽ ടീമിൻറെ രക്ഷകൻ ആവാറുള്ളത് സ്വാഭവികം.ഇത് അതുക്കും മേലെ, കളിച്ച എല്ലാ മത്സരങ്ങളിലും ഓസിസിന്റെ സ്‌കോർ ബോർഡ് ചലിപ്പിക്കുന്നത് ഈ മനുഷ്യനാണ്. മാച്ച് വിന്നർ അല്ല മാച്ച് സ്റ്റോളർ ആണ്.

മിസ്റ്റർ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ, അതും വിദേശത്തു ഇത്ര അനായാസമായി റൻസുകൾ വാരി കൂട്ടിയാൽ ,മറ്റുളവർ കരുതും ബാറ്റിംഗ് ടെസ്റ്റിൽ ഇത്രയ്ക്കും എളുപ്പമാണോ??ആഷസിൽ എന്നല്ല ഏതൊരു സീരിസിലും ഒരു ബാറ്റ്സ്മാൻ എതിർ ടീമിനെതിരെ തുടർച്ചയായി പത്തു അർധ സെഞ്ചുറികൾ നേടുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ്. മോഡേൺ ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്തിൻറെ ബാറ്റിംഗ് ആവറേജ് 100.40 ആണ്. മുന്നിൽ സർ ഡോൺ ബ്രാഡ്മാൻ മാത്രം. അദ്ദേഹത്തിന് ശേഷം നൂറിന് മുകളിൽ ആവറേജ് കടക്കുന്ന ഒരേ ഒരു രാജാവ് സ്മിത്താണ്.

തുടർച്ചയായ മൂന്ന് ആഷസ് പരമ്പരകളിൽ സ്മിത്ത് 500 റൺസ് മറികടന്നിരിക്കുന്നു.കൂടെയുള്ളവർ ബ്രാഡ്മാനും,ജാക് ഹോബ്‌സും മാത്രം.സ്റ്റാറ്റിക്‌സ് വെച്ച് നോക്കിയാൽ ടെസ്റ്റിൽ സ്മിത്തിന് ഒരു സെഞ്ചുറി നേടാൻ മൂന്നിൽ താഴെ ടെസ്റ്റുകൾ മതി. ക്രിക്കറ്റിലെ ഡോണിന്റെ കളി കാണാതെ പോയ വിഷമം സ്മിത്ത് എന്ന മികച്ച പോരാളിയിൽ കൂടി കാണാൻ കഴിയുന്നതിൽ അതീവ സന്തോഷം.

ബ്രാഡ്മാനും സ്മിത്തും താരതമ്യത്തിന് അർഹരല്ലെങ്കിലും രണ്ടു പേരും രണ്ടു യുഗങ്ങളെ പുനർ സൃഷ്ടിച്ചവരാണ്. ബ്രാഡ്മാൻ”ബോൺ ഫോർ പ്ലേയ് ക്രിക്കറ്റ് “എന്നാണെങ്കിൽ സ്മിത്ത് തന്നിലുള്ള നൈസർഗികമായ പ്രതിഭയെ കഠിനാദ്വാനത്തിലൂടെയും,
അർപ്പണബോധത്തിലൂടെയും മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ഠിക്കുകയാണ്. മികച്ച ക്രിക്കറ്റെർ ആണെങ്കിലും കരിയർ ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. മനുഷ്യ സാഹചമായ തെറ്റിലൂടെ ജീവിതകാലത്തേക്കുള്ള പഴിയും ചീത്തപ്പേരും കേൾക്കേണ്ടി വന്ന ഹതഭാഗ്യൻ. എന്നാൽ വിലക്കിലൂടെ നഷ്ടപെട്ട ക്രിക്കറ്റ് ജീവിതവും,റൺസും ഒറ്റ പരമ്പര കൊണ്ട് തിരിച്ചു പിടിച്ചിരിക്കുകയാണ്. ആത്മസപർപ്പണം മനോധൈര്യത്തിലൂടെ എങ്ങനെ നേരിടാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് “സ്റ്റീവൻ പീറ്റർ ദേവറക്സ് സ്മിത്ത്” എന്ന പ്രതിഭ.

കഴിഞ്ഞ ടെസ്റ്റിൽ കരിയർ ബെസ്റ്റ് സ്കോറിനടുത്തു വീഴ്ത്തിയ ജാക്ക് ലീച്ചിനോട് കാണിക്കാവുന്ന അഹങ്കാരം എന്ന നിലയിലാണ് അദ്ദേഹത്തെ സിക്സറിന് പറത്തി ഇംഗ്ലണ്ടിനെതിരെ പത്താമത്തെ തുടർച്ചയയായ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടുന്നത്. ഇത് സ്മിത്തിൻറെ അഹങ്കാരമല്ല മറിച് കോൺഫിഡൻസ് ആണ്.

ആറ് ഇന്നിഗ്‌സുകളിൽ നിന്നും 660 ൽ അധികം റൺസുകൾ വാരി കൂട്ടി സ്മിത്ത് ജൈത്രയാത്ര തുടരുകയാണ്. ക്രിക്കറ്റിന്റെ സ്വന്തം നാട്ടിൽ കളിക്കുമ്പോൾ,പ്രത്യേകിച്ച് ടെസ്റ്റ് ആകുമ്പോൾ ഹോം സപ്പോർട്ടും പിച്ച് ആനുകൂല്യവും ഹോം ടീമിനും കളികർക്കുമാണ്. എന്നാൽ നാലാം ടെസ്റ്റും കഴിഞ്ഞപ്പോൾ ജെയിംസ് ആൻഡേഴ്സൺ വരെ രംഗത്തെത്തി നമുക്കു അനുകൂലമായ പിച്ചും സാഹചര്യങ്ങളും ഉണ്ടാക്കണം ,അല്ലെങ്കിൽ ഉണ്ടാക്കിയേ തീരൂ എന്ന് അഭിപ്രായപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതൊക്കെ ഇംഗ്ലീഷ് വിജയത്തിന് വിലങ്ങു തടിയായി നിൽക്കുന്ന സ്മിത്തിനെ ഉദ്ദേശിച്ചു കൊണ്ട് മാത്രമാണ്. അവിടെയാണ് അദ്ദേഹത്തിൻറെ കാലിബർ അളക്കേണ്ടത്. തന്നെ വെല്ലുവിളിച്ച ഇംഗ്ലീഷ് കാരുടെ നേരെ പടപൊരുതി വിജയം കൈവരിച്ചിരിക്കുന്നു.

ഈ ആഷസ് സ്റ്റീവൻ സ്മിത്തിൻറെ പേരിലായിരിക്കും പിൽക്കാലത്തു അറിയപ്പെടുന്നത്. മുകളിൽ ആരാധകൻ പറഞ്ഞത് പോലെ പച്ച പരവതാനി വിരിച്ച കേളീ മൈതാനത്തു മത്സരം പതിനൊന്നു സായിപ്പന്മാരും സ്റ്റീവൻ സ്മിത്തും തമ്മിലാണ്. എറിഞ്ഞു വീഴ്ത്താൻ നോക്കിയവനെയും,വെല്ലു വിളിച്ചവനെയും, കൂകിവിളിച്ചവനെയും,കളിയാക്കവനെയും ഒന്നടങ്കം കയ്യിലുള്ള വില്ലോ തടിയിലൂടെ നിർഭയം വെല്ലുവിളിച് മറുപടി കൊടുത്തിരിക്കുകയാണ്.
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!!!!

✍🏻മുജീബ്

Leave a comment