യുണൈറ്റഡിന് സമനില കുരുക്ക് ; സോൾഷെറിന്റെ മേൽ സമ്മർദ്ദമേറുന്നു
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സതാംപ്ടൺ സമനിലയിൽ കുരുക്കി. ഇതോടെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചുവന്ന ചെകുത്താന്മാർക്ക് വെറും അഞ്ച് പോയിന്റ് മാത്രമാണ് കരസ്ഥമാക്കാൻ സാധിച്ചത്. യുണൈറ്റഡിന്റെ കോച്ചായ ഒലെ ഗുണ്ണാർ സോൾഷെറിനു മേൽ ഇതോടെ സമ്മർദ്ദം ഏറി.
വൻ തുക മുടക്കി മഗ്‌വേറിനെയും വാൻ ബിസ്സാക്കയെയും മേടിച്ചിട്ടും ഗോൾ വഴങ്ങുന്നത് യുണൈറ്റഡിന് നിറുത്താൻ സാധിക്കുന്നില്ല. സാഞ്ചെസിനെയും ലുകാകുവിനെയും ഇന്ററിലേക്ക് അയച്ചത് കൊണ്ട് ഗോളുകൾ സ്കോർ ചെയ്യാൻ കഴിവുള്ള ആൾക്കാരുടെ എണ്ണവും കുറഞ്ഞു. പോൾ പോഗ്ബ നയിക്കുന്ന മധ്യനിര ഉറക്കത്തിൽ ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ചുവപ്പ് കാർഡ് കണ്ടു സതാംപ്റ്റണിന്റെ ഡാൻസോ 73 ആം മിനുട്ടിൽ പുറത്തു പോയിട്ടും, മിച്ചമുള്ള ഇരുപത് മിനുട്ടിനുള്ളിൽ ഒരു ഗോൾ അടിക്കാൻ സാധിക്കാഞ്ഞത് യുണൈറ്റഡ് ആരാധകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ആകയുള്ള ആശ്വാസം ഡാനിയേൽ ജയിംസിന്റെ പ്രകടനമാണ്. കളി തുടങ്ങി പത്തു മിനുട്ടിനുള്ളിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഷോട്ട് പായിച്ചു അദ്ദേഹം ടീമിനെ മുന്നിൽ എത്തിച്ചു. ഈ ആഴ്ചയിലെ മികച്ച ഗോൾ ആയി തിരഞ്ഞെടുക്കാൻ സാധ്യത ഇതിനുണ്ട്. ജയിംസിന്റെ ഈ സീസണിലെ മൂന്നാമത്തെ ഗോൾ ആയിരുന്നു ഇത്. സതാംപ്റ്റണ് വേണ്ടി ജാനിക് വെസ്റ്റ്ഗാഡ് 58 ആം മിനുട്ടിൽ സമനില ഗോൾ നേടി.