Editorial Foot Ball Top News

യുവേഫ ചാമ്പ്യൻസ് ലീഗ് ഡ്രോ റിവ്യൂ, യൂറോപ്പിന്റെ മഹായുദ്ധം !!

August 31, 2019

author:

യുവേഫ ചാമ്പ്യൻസ് ലീഗ് ഡ്രോ റിവ്യൂ, യൂറോപ്പിന്റെ മഹായുദ്ധം !!

“യുവേഫ ചാമ്പ്യൻസ് ലീഗ് ” യൂറോപ്പിലെ ചാമ്പ്യൻമാരുടെ പോരാട്ടമാണ്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച 32 ടീമുകൾ തമ്മിൽ ഭൂഖണ്ഡത്തിന്റെ അധീശത്വം അരക്കിട്ടുറപ്പിക്കാൻ നടത്തുന്ന പോരാട്ടം. അവിടെ കളിമികവിനു മാത്രമല്ല, ഭാഗ്യനിര്ഭാഗ്യങ്ങൾക്കും പ്രസക്തിയുണ്ട്. ഒരു നിമിഷത്തെ പിഴവിന് ഒരു വർഷം നീണ്ട കാത്തിരിപ്പാകും പ്രതിഫലം. യൂറോപ്പിലെ വമ്പൻമാരുടെ വിധി നിർണയിക്കുന്ന ആ മഹായുദ്ധത്തിന്റെ കാഹളം കഴിഞ്ഞ ദിവസം മുഴങ്ങിക്കഴിഞ്ഞു. മൊണാക്കോയിൽ നടന്ന ചാംപ്യൻസ് ലീഗ് ഡ്രോയിൽ എട്ടു ഗ്രൂപുകളിലായി അവർ അണിനിരക്കുമ്പോൾ അവരുടെ സാധ്യതകളെപ്പറ്റി ഒരു ചെറു അവലോകനം.

ഗ്രൂപ്പ് എ : പി.എസ്.ജി, റിയൽ മാഡ്രിഡ്‌, ഗലാറ്റസരായ്, ക്ലബ്ബ് ബ്രൂഗേ.

അദ്‌ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പിൽ നിന്നും റിയൽ മാഡ്രിഡും പി.എസ്.ജിയും തന്നെ അവസാന പതിനാറിൽ ഇടം നേടുമെന്നാണ് ഫുട്ബോൾ നിരൂപകരുടെ പ്രതീക്ഷ. തുർക്കിയിൽ നിന്നുമുള്ള ഗലാറ്റസരായി അട്ടിമറികൾ സൃഷ്ടിക്കാൻ പ്രാപ്തരാണെങ്കിലും സൂപ്പർ താരങ്ങൾ നിറഞ്ഞ റയലിനും പി.എസ്.ജിയ്ക്കുമെതിരെ അത്തരം പ്രകടനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഗ്രൂപ്പിലെ ഏറ്റവും ആവേശകരമായ മത്സരം പി.എസ്.ജി vs റയൽ ആകുമെന്നതും തീർച്ച. ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ കണ്ണു വച്ചിട്ടുള്ള പി.എസ്.ജി താരം നെയ്മർ ഇതിൽ ഏതു ടീമിൽ കളിക്കുമെന്നതും. കൗതുകകരമായ ഒരു കാര്യമാണ്. റയൽ ഗ്രൂപ്പ് ജേതാക്കളാകുമെന്ന് പ്രവചിക്കാം.

ഗ്രൂപ്പ് ബി : ബയേൺ മ്യൂനിച്, ടോട്ടൻഹാം ഹോട്സ്പർ, ഒളിംപ്യകോസ്, റെഡ് സ്റ്റാർ ബെൽഗ്രേഡ്

എ ഗ്രൂപ്പിലേതുപോലെതന്നെ അട്ടിമറികൾക്കു സാധ്യത കുറവുള്ള മറ്റൊരു ഗ്രൂപ്പ്. ജർമൻ ചാമ്പ്യന്മാരായ ബയേണിനും കഴിഞ്ഞ ചാംപ്യൻസ് ലീഗ് റണ്ണർ അപ്പുകൾ ആയ ടോട്ടനത്തിനും വെല്ലുവിളി ഉണ്ടാകുമെന്നു കരുതുന്നില്ല. ഗ്രീസിൽ നിന്നുള്ള ഒളിമ്പ്യകോസിനും സെർബിയൻ ക്ലബ്ബ് റെഡ് സ്റ്റാറിനും അട്ടിമറി പ്രതീക്ഷകൾ മാത്രമാണ് കൈമുതൽ. റോയ് കീനും ഏഷ്യൻ താരം സണ്ണും അണിനിരക്കുന്ന ടോട്ടനവും ലെവൻഡോസ്‌കിയും ബ്രസീൽ സൂപ്പർ താരം കൂട്ടീഞ്ഞോയും നയിക്കുന്ന ബയേൺ നിരയും തമ്മിലുള്ള പോരാട്ടം പൊടി പാറുമെന്നു പ്രതീക്ഷിക്കാം. ബയേൺ ഗ്രൂപ്പ് ജേതാക്കളാകാൻ സാധ്യത.

ഗ്രൂപ്പ് സി : മാഞ്ചെസ്റ്റർ സിറ്റി, ഷാക്തർ ഡോൻസ്‌ക്, ഡൈനാമോ സാഗ്രെബ്, അറ്റ്ലാന്റാ.

ലീഗിലെ ഏറ്റവും അനായാസമായ ഗ്രൂപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ്. മാഞ്ചെസ്റ്റർ സിറ്റി എതിരാളികളില്ലാതെ തന്നെ ഒന്നാമതെത്തുമെന്നു പ്രതീക്ഷിക്കുന്ന ഗ്രൂപ്പിൽ പക്ഷേ രണ്ടാം സ്ഥാനത്തിനു വേണ്ടി ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത അറ്റ്ലാന്റായും ഉക്രൈൻ ക്ലബ്ബ് ഷാക്തറും തമ്മിൽ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം നടക്കുമ്പോൾ ക്രോയേഷ്യൻ ക്ലബ്ബ് സാഗ്രിബും രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കുന്നു.

ഗ്രൂപ്പ്‌ ഡി : യുവന്റസ്, അത്ലറ്റികോ മാഡ്രിഡ്‌, ബയേർ ലെവർകുസെൻ, ലോക്കൊമൊട്ടീവ് മോസ്ക്.

സീരി എ ജേതാക്കളായ യുവന്റസും സ്പാനിഷ് ലീഗ് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോയും അവസാന പതിനാറിലെത്തുമെന്നു കരുതാമെങ്കിലും ജർമൻ ക്ലബ്ബ് ലെവർകുസീൻ നിസ്സാരക്കാരല്ല. അട്ടിമറികൾക്കു പേരുകേട്ട ജർമൻ ക്ലബ്ബിനെതിരെയുള്ള പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇരു ടീമുകളുടെയും ഗ്രൂപ്പിലെ സ്ഥാനം. കഴിഞ്ഞ ചാംപ്യൻസ് ലീഗിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നായിരുന്ന യുവെ vs അത്ലറ്റികോ മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ വരുമ്പോൾ ആരാധകർക്ക ഒരു വിരുന്നു പ്രതീക്ഷിക്കാം. യുവന്റസ് ഒന്നാമതും അത്ലറ്റികോ രണ്ടാമതും എത്തുമെന്ന് പ്രവചിക്കാം. റഷ്യൻ ക്ലബ്‌ ലോക്കൊമൊട്ടീവ് മോസ്കൊയ്ക്കു സാദ്ധ്യതകൾ വിരളം.

ഗ്രൂപ്പ്‌ ഇ : ലിവർപൂൾ, നാപോളി, എഫ് സി സാൽസ്ബർഗ്, ഗെങ്ക്

നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനു ഗ്രൂപ്പിൽ വെല്ലുവിളിയുയർത്തുക ഇറ്റാലിയൻ ക്ലബ്ബ് നാപോളി ആയിരിക്കും. എങ്കിലും ഗ്രൂപ്പിൽ ഒന്നാമതെത്താൻ സാധ്യത കൽപിക്കുന്നത് ലിവർപൂളിനു തന്നെ. ഓസ്ട്രിയൻ ക്ലബ്ബ് സാൽസ്ബർഗും ഏഴു വർഷങ്ങൾക്കു ശേഷം ചാംപ്യൻസ് ലീഗ് കളിക്കുന്ന ഗെങ്ക് എഫ് സി യും അട്ടിമറികൾ സൃഷ്ടിച്ചില്ലെങ്കിൽ നാപോളി രണ്ടാം റൗണ്ട് കളിക്കും. സുപ്രധാന മത്സരം ലിവർ vs നാപോളി തന്നെ.

ഗ്രൂപ്പ് എഫ് : ബാഴ്സലോണ, ബൊറൂസിയ ഡോർട്മുണ്ട്, ഇന്റർ മിലാൻ, സ്ലാവിയ പ്രാഹ.

ലീഗിലെ മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ!. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയും ബുണ്ടസ് ലീഗ റണ്ണർ അപ്പ്‌ ഡോർട്ട്മുണ്ടും ഇറ്റാലിയൻ വമ്പന്മാരായ ഇന്റർമിലാനും അവസാന പതിനാറിലെത്താൻ പോരാടുമ്പോൾ ചെക്ക് ക്ലബ്ബ് സ്ലാവിയക്ക് പ്രതീക്ഷകൾ ഒന്നുമില്ല. ടീമിന്റെ ശക്തി പരിശോധിച്ചു ബാഴ്സലോണ ഗ്രൂപ്പ് ചാംപ്യൻമാരാകുമെന്നു പ്രവചിക്കാമെങ്കിലും. രണ്ടാം സ്ഥാനക്കാരെ നിർണയിക്കുക അസാധ്യമാണ്.

ഗ്രൂപ്പ് ജി : സെനിത് സെന്റ് പീറ്റേഴ്സ്ബെർഗ്, ബെനെഫിക്ക, ലിയോൺ, ലെപ്‌സിഗ്.

താരതമ്യേന തുല്യശക്തികളുടെ പോരാട്ടമാണ് ഗ്രൂപ്പ്‌ ജിയിൽ. റഷ്യൻ ക്ലബ്ബ് സെനിത്തും, പോർട്ടുഗീസ് ക്ലബ്ബ് ബെനെഫിക്കയും, ഫ്രാൻസിൽ നിന്നുള്ള ലിയോണും, ജർമൻ ക്ലബ്ബ് ലെപസിഗും കൊമ്പുകോർക്കുമ്പോൾ ഫലം പ്രവചിക്കുക ദുഷ്കരമാണ്. എങ്കിലും ഗ്രൂപ്പിൽ നിന്നും ബെനെഫിക്കയും ലെപസിഗും രണ്ടാം റൗണ്ടിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഗ്രൂപ്പ് എച് : ചെൽസി, അയാക്സ്, വാലെൻഷ്യ, ലില്ലേ

ലീഗിലെ മറ്റൊരു മരണഗ്രൂപ് !. യൂറോപ്പ ചാമ്പ്യന്മാരും പ്രീമിയർ ലീഗ് മൂന്നാം സ്ഥാനക്കാരുമായ ചെൽസി, ഡച്ച് ലീഗ് ചാമ്പ്യന്മാരും കഴിഞ്ഞ ചാംപ്യൻസ് ലീഗിലെ കറുത്ത കുതിരകളുമായ അയാക്സ്, സ്പാനിഷ് വമ്പന്മാരും കോപ ഡെൽ റേ ചാമ്പ്യന്മാരുമായ വാലെൻഷ്യ, ഫ്രഞ്ച് ലീഗിൽ നിരവധി അട്ടിമറികൾ സൃഷ്ടിച്ചിട്ടുള്ള ലില്ലേ എന്നീ ടീമുകൾ ഗ്രൂപ്പിൽ അണി നിരക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ചെൽസിയെയും അയാക്സിനെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഗ്രൂപ്പിലെ എല്ലാ ടീമുകളും തുല്യശക്തികളാണെന്നു പറയാം. വിജയിയെ നിർണയിക്കുക അസാധ്യമെങ്കിലും വാലെൻഷ്യയും ചെൽസിയും മുന്നേറാൻ സാധ്യത.

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ഇത് യൂറോപ്യൻ ചാമ്പ്യന്മാരുടെ പോരാട്ടമാണ്. ചെറുപിഴവുകൾ പോലും ടീമുകളുടെ ഭാവിയെ സ്വാധിനിക്കുമ്പോൾ പ്രവചനങ്ങൾ വെറും കടലാസിലൊതുങ്ങും. എങ്കിലും യൂറോപ്പിന്റെ കിരീടത്തിനായി ടീമുകൾ കൊമ്പുകോർക്കുമ്പോൾ സാധ്യതകളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും നമുക്കും കാത്തിരിക്കാം. പുൽനിരകളിൽക്കൂടി ഗാലറികളെയും പ്രേക്ഷകരെയും ചൂടുപിടിപ്പിക്കുന്ന കാൽപ്പന്തുകളിയുടെ ആവേശരാവുകൾക്കായി.

Leave a comment