വിജയിക്കണമെങ്കിൽ ലകാസറ്റിനെയും ടോറെറയെയും എമേറി കളത്തിൽ ഇറക്കിയേ മതിയാകു !!
തനിക്ക് ലഭ്യമായ കളിക്കാരെ വെച്ച് ഒരു നല്ല കൂട്ടുകെട്ടിനെ വാർത്തെടുക്കുന്നത് ഒരു മാനേജറിന്റെ കഴിവ് തന്നെയാണ്. ഒരു സമതുലതാവസ്ഥ എത്തുന്നത് വരെ കളിക്കാരെ മാറി മാറി പരീക്ഷിക്കുന്നത് സർവ സാധാരണവും. ഉനൈ എമേറി എന്ന ആഴ്‌സണൽ മാനേജർക്ക് പക്ഷെ പരീക്ഷണങ്ങൾ നടത്താനുള്ള അവസരങ്ങൾ കുറവാണ്. ഈ സീസണിൽ പ്രതിഭയുള്ള അനേകം കളിക്കാരെ ടീമിൽ എത്തിച്ചത് മൂലം പ്രകടമായ ഫലം അദ്ദേഹം പുറത്തെടുത്തെ മതിയാകു. പക്ഷെ അദ്ദേഹത്തിന്റെ പരീക്ഷങ്ങൾ അവസാനിക്കാറായ സൂചനകളും കുറവാണ്.
ആഴ്‌സണൽ മാനേജർ എന്ന പദവി എമേറി അലങ്കരിക്കാൻ തുടങ്ങിയിട്ട് രണ്ടു വര്ഷം ആകുന്നു. ഇതുവരെയും ആദ്യ പതിനൊന്നിൽ ആരിറങ്ങും എന്നുള്ള കാര്യത്തിൽ അദ്ദേഹത്തിന് പോലും നിശ്ചയം ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഈ പരീക്ഷണങ്ങൾ കൊണ്ട് അവസരം കുറയുന്നത് കഴിവ് തെളിയിച്ച കളിക്കാരാണ്. ലിവര്പൂളിനെതിരെ ഉള്ള പരാജയത്തിൽ ആരധകർ പഴി ചാരുന്നതും എമേറിയെ തന്നെ. ഏതുകാലത്തും വിശ്വസ്തരായിരുന്ന ലകാസറ്റിനെയും ടോറെറയെയും ആദ്യ പതിനൊന്നിൽ ഇറക്കാത്തതിനെ ന്യായികരിക്കാൻ ബുദ്ധിമുട്ടാണ്.
ജോ വില്ലോക്കും ഗന്ധുസിയും മികച്ച കളിക്കാർ തന്നെ. അവർക്ക് അവസരങ്ങൾ കൊടുത്തു വളർത്തി കൊണ്ട് വരുന്നത് ടീമിന് ഭാവിയിൽ ഗുണവും ചെയ്തേക്കാം. പക്ഷെ പ്രായം തീരെ കുറവായതിനാൽ എമെറിക്ക് ഇവരിൽ കുറച്ചു കൂടി സാവകാശം കാണിക്കാൻ സാധിക്കണം. മാത്രമല്ല ലിവർപൂൾ പോലെ ഒരു ടീമിനെ എതിരിടുമ്പോൾ തന്റെ കയ്യിൽ ഉള്ള ഏറ്റവും മികച്ച കളിക്കാരെ തന്നെ കളത്തിൽ ഇറക്കേണ്ടതായിരുന്നു.
ഒബയാങ് ഉള്ളത് കൊണ്ടാണ് എമേറി ലാക്കയെ ഇറക്കാത്തതിന്റെ കാരണമായി പറയുന്നത്. എന്നാൽ ലാക്കയും ഒബായും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണെന്നുള്ള കാര്യം അദ്ദേഹം മറക്കുന്നു. മാത്രമല്ല ബോക്സിനകത്തെ സാന്നിധ്യത്തിന്റെ കാര്യം വരുമ്പോൾ ലാക്ക ഒമ്പയെക്കാൾ ഒരുപടി മുന്നിൽ തന്നെ നിൽക്കും. ലാക്കയെ മുന്നിൽ നിർത്തി, ഓബയും പെപ്പെയും വിങ്ങിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന ത്രയം, ഏതൊരു ആരാധകന്റെയും സ്വപ്നമാണ്.
അതുപോലെ മധ്യനിരയിൽ ടോറെറ സൃഷ്ഠിക്കുന്ന സാന്നിധ്യം ഗന്ധുസിയെക്കൊണ്ട് ശ്രിഷ്ട്ടിക്കാൻ ആവില്ല. ടോറെറയും സെബല്ലോസും മധ്യനിരയിൽ നങ്കൂരം ഇടുകയും ഓസിൽ അറ്റാക്കിങ് ത്രയത്തിനു പാസുകൾ നൽകുകയും ചെയ്താൽ ആഴ്‌സനലിനെ ഏത് ടീമും ഭയക്കും. ടോറെറ കളത്തിൽ ഇറങ്ങുന്ന കളികളിൽ ആഴ്‌സണൽ തോൽക്കാനുള്ള സാധ്യത കുറവാണെന്ന് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. ഒബെക്ക് വിങ്ങിൽ കളിയ്ക്കാൻ ബുദ്ധിമുട്ട് ഇല്ലാത്തതിനാൽ ഈ ഫോർമുല എമേറി പരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഞായറാഴ്ച്ച ആഴ്‌സണൽ തങ്ങളുടെ ബദ്ധവൈരികളായ ടോട്ടൻഹാമിനെ എതിരേൽക്കുമ്പോൾ എമേറിയുടെ മേൽ സമ്മർദ്ദം ശക്തമാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങളോടുള്ള എതിർപ്പ് സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. അദ്ദേഹം കുറച്ചു കൂടി വിവേകം കാണിക്കും എന്ന് പ്രത്യാശിക്കാം.