Foot Ball Top News

സലാ മിന്നി, ആർസെനലിനെ തകർത്തു ലിവർപൂൾ

August 25, 2019

author:

സലാ മിന്നി, ആർസെനലിനെ തകർത്തു ലിവർപൂൾ

മുഹമ്മദ് സലായുടെ ഇരട്ട ഗോൾ മികവിൽ പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ആര്സെനലിനെതിരെ ലിവർപൂളിന് ആധികാരിക ജയം. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.ജയത്തോടെ ലിവർപൂൾ 3കളികളിൽ നിന്നും 9 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നില ഭദ്രമാക്കി.

ആർസെനാൽ ആരാധകരുടെ പ്രതീക്ഷക്കു വിരുദ്ധമായി ലാകാസെറ്റിനെ പുറത്തിരുത്തി 4-3-1-2എന്ന ഫോർമേഷനിൽ അബ -പെപെ എന്നിവരെ സ്‌ട്രൈക്കർമാരാക്കി ആണ് എമേറി ആൻഫീൽഡിൽ ഇറങ്ങിയത്. കൌണ്ടർ അറ്റാക്കിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് കളിച്ച ആദ്യപകുതിയിൽ ആർസെനലിനു ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കുന്നതിൽ പിഴവ് വരുത്തിയത് ഗണ്ണേഴ്സിന് പിന്നീട് വൻ തിരിച്ചടിയായി മാറുകയായിരുന്നു. ഇടവേളയ്ക്കു പിരിയും മുൻപ് 41ആം മിനുട്ടിൽ ഒരു സെറ്റ് പീസ് ഹെഡ് ചെയ്തു മാറ്റിപ് ലിവര്പൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ പൂൾ ലീഡുയർത്തി. ബോക്സിനുള്ളിൽ സലായെ ലുയിസ് ഫൗൾ ചെയ്‌തതിന്‌ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു സലാഹ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി. 58ആം മിനുട്ടിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ ആർസെനാൽ പ്രതിരോധത്തെ കീറിമുറിച്ചു സലാഹ് തന്റെ രണ്ടാം ഗോളിലൂടെ മത്സരം ലിവർപൂളിന്റെ വരുതിയിലാക്കി. 84ആം മിനുട്ടിൽ പകരക്കാരനായിറങ്ങിയ ടൊറേറയിലൂടെ ആർസെനാൽ ആശ്വാസഗോൾ നേടി.

Leave a comment