ആൻഫീൽഡിൽ ഗർജ്ജിക്കുമോ പീരങ്കിപ്പട
പ്രീമിയർ ലീഗിൽ ആദ്യ വാരങ്ങളിലെ യുണൈറ്റഡ് -ചെൽസി, സിറ്റി -ടോട്ടൻഹാം പോരാട്ടങ്ങൾക്ക് ശേഷം വീണ്ടും ഒരു സൂപ്പർ പോരാട്ടം. കീരീടപ്പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ലിവർപൂളും ടോപ് ഫോറിൽ തിരിച്ചു വരാൻ നിൽക്കുന്ന ആര്സെനാലും തമ്മിലാണ് ശനിയാഴ്ച മത്സരം. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് കളി നടക്കുക. നിലവിൽ പോയിന്റ് ടേബിളിൽ 6പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും എന്നതും മത്സരത്തിന്റെ വാശി വർധിപ്പിക്കുന്നു.
നേർക്കുനേർ വരുമ്പോൾ എന്നും ഗോൾമഴ പെയ്യിക്കാറുള്ള ഗണ്ണേഴ്സ് -ലിവർപൂൾ മത്സരങ്ങളിൽ കഴിഞ്ഞ കുറെ സീസണുകളായി ആധിപത്യം ലിവർപൂളിന് തന്നെയാണ്. എന്നാൽ എമേരിയുടെ കീഴിൽ ഒരു തിരിച്ചു വരവിനൊരുങ്ങുന്ന, പെപെ, സെബാലോസ്, ലൂയിസ് എന്നിങ്ങനെ ചില മികച്ച സൈനിംഗുകളും ഈ ട്രാൻസ്ഫർ മാർക്കറ്റിൽ നടത്തിയ ആർസെനൽ ആൻഫീൽഡിൽ ഒരു അട്ടിമറിക്കു ഒരുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവിടെ. അറ്റാക്ക്, മിഡ്ഫീൽഡ്, ഡിഫെൻസ് എന്നീ മൂന്നു മേഖകളിലെയും ശക്തി-ദൗർബല്യങ്ങൾ ഒന്ന് നോക്കാം.
ഡിഫെൻസ് : കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ വഴങ്ങിയെങ്കിലും, തങ്ങളുടെ മികച്ച പ്രകടനത്തിന് അടുത്തല്ലെങ്കിൽ പോലും കഴിഞ്ഞ സീസണിൽ PFA അവാർഡ് നേടിയ വാൻ ഡിജിക്, കൂടെ റോബർട്സൺ,മാറ്റിപ് അലക്സാണ്ടർ അർണോൾഡ് എന്നിവർ ഉൾപ്പെട്ട ലിവർപൂൾ പ്രതിരോധം ആര്സെനലിനേക്കാൾ ഒരുപടി മുന്നിലാണെന്ന് നിസ്സംശയം പറയാം. സോക്രട്ടീസ്, ലൂയിസ്,മോൻറിയാൽ മൈട്ലൻഡ് നെയ്ൽസ് പോയ മത്സരങ്ങളിൽ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി എങ്കിലും ആൻഫീൽഡിലെ ആരവത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് ഒരുറപ്പുമില്ല. കഴിഞ്ഞ തവണ ആൻഫീൽഡിൽ 5-1നു തകർന്നടിഞ്ഞ ആർസെനൽ ഡിഫെൻസിൽ ഇപ്പോളും കാര്യമായ മാറ്റം വന്നിട്ടില്ല എന്നത് വസ്തുതയാണ്. ലോങ്ങ് ബോളുകൾ കൃത്യമായി നൽകാൻ കഴിവുള്ള ലൂയിസിന്റെ സാന്നിധ്യം മിക്കവാറും ലിവര്പൂളിനെതിരെ കൌണ്ടർ അറ്റാക്കിലൂന്നി കളിക്കാൻ ശ്രമിക്കുന്ന ആർസെനലിനു ഗുണകരമായേക്കും. എന്നാൽ മറുവശത്തു റോബർട്സനും അർണോൾഡും ഇതേ വെല്ലുവിളി തിരിച്ചുമുയർത്തും.
മധ്യനിര : ശെരിക്കും ഇവിടെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ലിവർപൂളിന്റെ വിജിനാൾഡാം, ഫാബിനോ, ഹെന്ഡേഴ്സൺ എന്നിവർക്കെതിരെ തങ്ങളുടേതായ ദിനത്തിൽ കത്തിക്കയറുകയും, അല്ലെങ്കിൽ മങ്ങിപ്പോവുകയും ചെയ്യുന്ന ഷാക്ക/ടൊറേറ, ഗെണ്ടുസീ എന്നിവർക്കൊപ്പം സീസണിൽ ലോണിൽ വന്നു മനം കവർന്ന സെബാലോസും കൂടി ആകുമ്പോൾ പ്രവചനാതീതമാണ് മിഡ്ഫീൽഡിൽ. തങ്ങളുടെ സ്ട്രൈക്കർമാർക്ക് ബോക്സിനുള്ളിൽ പന്തെത്തിക്കാൻ എണ്ണയിട്ട യന്ത്രം പോലെ ആർസെനൽ മിഡ്ഫീൽഡിൽ ഉണർന്നു കളിച്ചാൽ മധ്യനിരയിൽ മേൽകൈ നേടാം. X-factor ഷാക്ക തന്നെയാകും വില്ലൻ/ഹീറോ.
അറ്റാക്ക് : തുല്യ ശ്കതികളായി തന്നെ കരുതണം ഇവിടെ. ആർസെനലിനു ലാക്ക -ആബ -പെപെ ത്രയം, ലിവർപൂളിന് ഫിർമിനോ -മാനെ -സലാ ത്രയം. പെപ്പെയും സലായും ഇതുവരെയും പൂർണ ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല എങ്കിലും മധ്യനിരയിൽ നിന്നും കൃത്യമായ സപ്ലൈ ഇല്ലെങ്കിൽ ഒറ്റയ്ക്കു ലിവർപൂൾ പ്രതിരോധം ഭേദിക്കുക എന്നത് ആർസെനൽ മുന്നേറ്റക്കാർക്ക് വളരെ ശ്രമകരമാവും. എന്നാൽ മറുവശത്തു മാനേയുടെയും സലായുടെയും മുന്നേറ്റം തടയാൻ ആർസെനാൽ പ്രതിരോധം നന്നേ വിയർപ്പൊഴുക്കേണ്ടി വരും.
ലിവർപൂളുമായുള്ള എവേ മത്സരം ഇത്ര വേഗം വേണ്ടിയിരുന്നില്ല എന്ന് ഗണ്ണേഴ്സ് കോച്ച് എമേറി തമാശയായിട്ട് ആണെങ്കിലും പറഞ്ഞത്, കടുത്ത ആർസെനൽ ആരാധകർ പോലും പരിക്കിനെ തുടർന്നു വിശ്രമത്തിൽ തുടരുന്ന ടിർണി, ബെല്ലറിൻ എന്നിവർ കൂടി ടീമിനൊപ്പം ചേർന്ന ശേഷം ലിവർപൂൾ, സിറ്റി ടീമുകളെ നേരിട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കിൽ, ഒരു സമനില പോലും ഗണ്ണേഴ്സിന് വലിയ നേട്ടമായി കരുതേണ്ടി വരും. എന്നാൽ ആർസെനൽ ടീം ഈ സീസണിൽ തീര്ച്ചയായും ടോപ് 4നു മുകളിൽ കിരീട പോരാട്ടത്തിലേക്ക് ലക്ഷ്യം വക്കുന്നുണ്ടെങ്കിൽ ആൻഫീൽഡിൽ ഗർജ്ജിച്ചേ മതിയാകൂ!






































