ആഷ്‌ലി കോൾ വിട പറയുമ്പോൾ
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാൾ !!.
ഈ വിശേഷണവുമായാണ് ആഷ്‌ലി കോൾ പടിയിറങ്ങുന്നത്. ലണ്ടനിലെ വൻ ശക്തികളായ ആഴ്സണലിനും ചെൽസിയ്ക്കും വേണ്ടി നാനൂറോളം മത്സരങ്ങൾ, ആഴ്സണലിൻറെ 2003-04 പ്രീമിയർ ലീഗ് സീസണിലെ തോൽവിയറിയാത്ത ടീമിന്റെ പ്രതിരോധനിരയിലെ വിശ്വസ്തൻ, ചെൽസിയുടെ 2011-12 ചാമ്പ്യൻസ് ലീഗ് കിരീടവിജയത്തിലെ നിർണായക കണ്ണി. ഇപ്രകാരം ഒരുപാടു വിജയമുഹൂർത്തങ്ങൾ ദർശിച്ച ഫുട്ബോൾ കരിയറിനാണ് കഴിഞ്ഞ ദിവസം ആഷ്‌ലി കോൾ വിരാമമിട്ടത്.
ബാർബഡോസ് സ്വദേശിയായ പിതാവിനു ബ്രിട്ടീഷുകാരിയിൽ ജനിച്ച ആഷ്‌ലി മാതാവിനൊപ്പം ലണ്ടൻ നഗരത്തിലായിരുന്നു ചെറുപ്പകാലം ഭൂരിഭാഗവും ചെലവഴിച്ചത്.
കുട്ടിക്കാലം മുതൽക്കേ ലണ്ടൻ ക്ലബ്ബായ ആഴ്‌സണലിനെ നെഞ്ചേറ്റിയ ആഷ്‌ലി ഗണ്ണേഴ്സിലൂടെ തന്നെയാണ്
തന്റെ പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറ്റവും കുറിച്ചത്. 1999ൽ ആഴ്‌സണൽ സീനിയർ ടീമിനു വേണ്ടി ആദ്യ മത്സരം കളിച്ച ആഷ്‌ലി പിന്നീട് ക്രിസ്റ്റൽ പാലസിനു വേണ്ടി ലോണിൽ കളിക്കുകയായിരുന്നു. തൊട്ടടുത്ത സീസണിൽ ആഴ്‌സനലിന്റെ ബ്രസീൽ താരം സിൽവിഞ്ഞോയ്ക്കു പരിക്കേറ്റതോടെ തിരിച്ചു വിളിക്കപ്പെട്ട ആഷ്‌ലി തന്റെ പ്രിയ ക്ലബ്ബിനായി പ്രീമിയർ ലീഗിലും ഹരിശ്രീ കുറിച്ചു.
പ്രഗത്ഭ ലെഫ്റ്റ് ബാക്ക് സിൽവിഞ്ഞോയുടെ പകരക്കാരനായി ടീമിലെത്തിയ ആഷ്‌ലിയുടെ മേൽ ക്ലബ്ബിനു പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷകളെയും കവച്ചുവെയ്ക്കുന്ന പ്രകടനമാണ് പീരങ്കിപ്പടയ്ക്കുവേണ്ടി ആഷ്‌ലി പുറത്തെടുത്തത്. ആഴ്‌സണൽ ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിന്റെ ഭാഗമായ ആഷ്‌ലി ക്ലബ്ബിനൊപ്പം രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് FA കപ്പുകളും സ്വന്തമാക്കി. ടീമിന്റെ പ്രതിരോധം കാത്തുസൂക്ഷിക്കുകയെന്നതാണ് തന്റെ നിയോഗമെങ്കിലും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നതായിരുന്നു ആഷ്‌ലി പിന്തുടർന്ന നയം. അദ്ദേഹത്തിന്റെ ഈ ശൈലി ഏറ്റവും പ്രയോജനപ്പെടുത്തിയ പരിശീലകൻ ഒരു പക്ഷേ ആർസൻ വെങ്ങർ ആയിരിക്കണം
ആഷ്‌ലിയിൽ തുടങ്ങി പിറസിലൂടെ തിയറി ഹെൻറിയുടെ കാലുകളിലേക്ക് അത്ര വേഗതയിലാണ് പന്തുകൾ സഞ്ചരിച്ചത്. ഒരു കൗണ്ടർ അറ്റാക്ക് പ്രതിരോധിക്കാൻ എതിരാളികൾ മനസ്സു പാകപ്പെടുത്തുന്നതിനു മുന്നേ ആ കൂട്ടുകെട്ട് അവരുടെ ഗോൾമുഖത്തെ ആക്രമിച്ചിരുന്നു. കൂട്ടിനു ഹെൻറിയുടെ കൃത്യതയാർന്ന ഫിനിഷിങ് കൂടിയായതോടെ പ്രീമിയർ ലീഗിൽ ആഴ്‌സനലിനെ തോൽപിക്കുകയെന്നത് അസംഭവ്യമായ ഒരു സംഗതിയായി !!.
പ്രീമിയർ ലീഗിലെ ഏറ്റവും കുപ്രസിദ്ധിയാര്ജിച്ച കൂടുമാറ്റങ്ങളിൽ ഒന്ന് എന്ന ലേബലുമായാണ് 2006ൽ ആഷ്‌ലി ഗണ്ണേഴ്സിൽ നിന്നും ചെൽസിയിലെത്തിച്ചത്. ആഴ്‌സണൽ ആരാധകരെ ഒന്നടങ്കം പ്രകോപിപ്പിച്ച ഒരു ട്രാൻസ്ഫർ !!. കൂടുമാറ്റത്തിനു ശേഷം തൊട്ടടുത്ത ലണ്ടൻ ഡെർബിയിൽ ആഷ്‌ലിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകൾ ഉയർത്തിക്കാട്ടിയാണ് ആഴ്‌സണൽ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്.
മൗറീഞ്ഞോയുടെ ചെൽസിയിൽ പക്ഷേ ആഷ്‌ലിയ്ക്കു കുറച്ചുകൂടി പ്രതിരോധാത്മകമായ റോളാണ് ലഭിച്ചത്. വളരെ വേഗം തന്നെ ആ ശൈലിയോടിണങ്ങിച്ചേരാൻ ആഷ്‌ലിക്കു സാധിച്ചു. ബാറിനു കീഴിൽ പീറ്റർ ചെക്കും, പിൻനിരയിൽ ജോൺ ടെറിയും ആഷ്‌ലി കോളും തീർത്ത പ്രതിരോധം തന്നെയായിരുന്നു ആ കാലഘട്ടത്തിൽ ചെൽസി നേടിയ കിരീടങ്ങളുടെ നട്ടെല്ല്. 2006 നും 2012നും ഇടയിലുള്ള ആറു വർഷങ്ങളിൽ നാലു തവണയാണ് ചെൽസി FA കപ്പ് വിജയിച്ചത് !!.
2011-12 സീസനിലായിരുന്നു ചെൽസിക്കു വേണ്ടി ആഷ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം. സാക്ഷാൽ ചാവിയും ഇനിയേസ്റ്റയും മെസ്സിയുമടങ്ങിയ ബാഴ്സ നിരയെ വരിഞ്ഞു കെട്ടിയ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ !!. ആദ്യ പാദത്തിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ടൂർണമെന്റിൽ ടീമിന്റെ തലവര മാറ്റിയ ആ ഗോൾ ലൈൻ സേവ് !!. രണ്ടാം പാദത്തിൽ ജോൺ ടെറി ചുവപ്പുകാർഡ് കണ്ടു മടങ്ങിയ ശേഷം ചെൽസി പ്രതിരോധത്തെ ഒത്തിണക്കത്തോടെ നിർത്തിയ പ്രകടനം !!. എല്ലാത്തിനുമുപരി ഫൈനലിൽ ബയേണിനെതിരെ നേടിയ ആ ഐസ് കൂൾ പെനാൽറ്റി ഫിനിഷ് !!. ഇവയെല്ലാം ചെൽസിയുടെ യൂറോപ്യൻ കിരീടവിജയത്തിൽ ആഷ്‌ലി കോൾ എന്ന ലെഫ്റ്റ് ബാക്കിന്റെ മറക്കാനാകാത്ത സംഭാവനകളാണ്.
അതേ സീസണിൽ തന്നെ തന്റെ ഏഴാം FA കപ്പ് കിരീടം നേടിയ ആഷ്‌ലി എറ്റവും കൂടുതൽ FA കപ്പ് കിരീട വിജയങ്ങളിൽ പങ്കാളിയാകുന്ന കളിക്കാരനെന്ന റെക്കോർഡിനും ഉടമയായി.
ഒരു വ്യാഴവട്ടക്കാലം ഇംഗ്ലീഷ് പ്രതിരോധനിരയിലും ആഷ്‌ലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2014ൽ അന്താരാഷ്ട്ര ഫുടബോളിനോട് വിട പറയുമ്പോൾ 107 മത്സരങ്ങളുമായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇംഗ്ലീഷ് ജേഴ്സിയണിഞ്ഞ താരങ്ങളുടെ നിരയിൽ ആറാം സ്ഥാനത്തുണ്ട് ആഷ്‌ലി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ തവണ കളത്തിലിറങ്ങിയ ലെഫ്റ്റ് ബാക്കും ഫിഫ മേജർ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരവും ആഷ്‌ലി തന്നെ !!. 2006 ലോകകപ്പിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലൂയിസ് ഫിഗോയുമടങ്ങുന്ന പോർച്ചുഗൽ ടീമിനെതിരെ പത്തു പേരുമായി പെനാൽറ്റി ഷൂട്ട്‌ഔട്ട് വരെ പൊരുതിയ ഇംഗ്ളീഷ് ടീമിന്റെ പ്രതിരോധത്തിനു ചുക്കാൻ പിടിച്ചതും ആഷ്‌ലിയായിരുന്നു.
2012-13 സീസണിലെ യൂറോപ്പ കിരീട നേട്ടത്തിനു ശേഷം 2014ൽ ആഷ്‌ലി ഇറ്റാലിയൻ ക്ലബ്ബായ റോമയുമായി കരാറൊപ്പിട്ടു. പിന്നീടിങ്ങോട്ട് ഏതാണ്ടെല്ലാ യൂറോപ്യൻ ക്ലബ്ബ് ഇതിഹാസങ്ങളെയും പോലെ തന്നെ അമേരിക്കയിലേക്കുള്ള കൂടുമാറ്റം. ഒടുവിൽ ചെൽസിയിലെ തന്റെ സഹതാരം ഫ്രാങ്ക് ലാംപാർഡിനൊപ്പം ഡെർബിയിലൂടെ ഒരു മടക്കയാത്ര!!. ആഷ്‌ലി കോൾ എന്ന അതികായൻ ബൂട്ടുകൾ അഴിച്ചു വെയ്ക്കുമ്പോൾ തിരശീല വീഴുന്നത് ഒരു ഇതിഹാസത്തിനുകൂടിയാണ്.