Cricket Top News

ആഷസ് രണ്ടാം ടെസ്റ്റ്: സമനിലയിൽ അവസാനിച്ചു

August 19, 2019

author:

ആഷസ് രണ്ടാം ടെസ്റ്റ്: സമനിലയിൽ അവസാനിച്ചു

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. 267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ അഞ്ചാം ദിവസം കളി അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. രണ്ടാം ടെസ്റ്റ് ആരംഭിച്ചത് തന്നെ മഴയോടെയാണ്. ആദ്യ ദിവസം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. നാല് ദിവസ മത്സരമാണ് രണ്ടാം ടെസ്റ്റിൽ നടന്നത്.

രണ്ടാം ദിവസം ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ അവർ 258 റൺസിന് ഓൾഔട്ടാക്കി. എന്നാൽ ആദ്യ ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ അവർ 250-ന് ഓൾഔട്ടാക്കി. സ്റ്റീവൻ സ്മിത്തിന് മാത്രമാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചത്. എട്ട് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ചയാണ് ഉണ്ടായത്. 71/4 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്‌സ് എന്ന ഒറ്റയാൾ പട്ടാളമാണ് കരകയറ്റിയത്‌. സ്റ്റോക്സ് പുറത്താകാതെ 115 റൺസ് നേടി.

267  റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ  ജോഫ്ര ആര്‍ച്ചറും, ജാക്ക് ലീച്ചും വട്ടം കറക്കി. 47ന് മൂന്ന് എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ മാര്‍നസ് ലാബുഷെയിനും(59) ട്രാവിസ് ഹെഡും(42) ചേർന്ന് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 85 റൺസ് നേടി.  ഇവരുടെ ചെറുത്ത് നിൽപ്പാണ് മത്സരം സമനിലയിൽ എത്തിച്ചത്. ഡേവിഡ് വാർണർ(5), ഉസ്മാന്‍ ഖവാജ(2), മാത്യു വെയ്ഡ്(1), ടിം പെയ്ന്‍ (4) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഡേവിഡ് വാർണർക്ക് തിളങ്ങാൻ ആയില്ല. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചിരുന്നു. മൂന്നാം മത്സരം ഓഗസ്റ്റ് 22-ന് ലീഡ്‌സിൽ ആരംഭിക്കും.       

 

Leave a comment