ബജ്രങ് പൂനിയ – കായിക രംഗത്ത് ഒരു സൂപ്പർ സ്റ്റാർ കൂടി
ജോർജിയയിൽ വെച്ച് നടന്ന തിബിലിസി ഗ്രാൻഡ് പിക്സ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ബജ്രങ് പൂനിയ. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പൂനിയ ഈ വര്ഷം നേടുന്ന നാലാമത്തെ സ്വർണമാണ് ഇത്. ഇതിനു മുമ്പ് റഷ്യയിലും ബൾഗേറിയയിലും ചൈനയിലും വെച്ച് നടന്ന ചാംപ്യൻഷിപ്പുകളിലും ജേതാവായത് ഈ ഹര്യാനക്കാരൻ. ഈ വര്ഷം തന്നെ കസാഖിസ്ഥാനിൽ വെച്ച് നടക്കാനിരിക്കുന്ന ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിന് ഒരു നല്ല മുന്നൊരുക്കം ആകാനും ഈ നേട്ടത്തിന് സാധിക്കും.
2018 ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടാൻ അദ്ദേഹത്തിന് ആയിരുന്നു. ഈ മികവ് തുടർന്നാൽ അത് സ്വർണമാക്കാൻ അദ്ദേഹത്തിന് സാധിക്കും. 65 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ നിലവിലെ ചാമ്പ്യനും ഇദ്ദേഹം തന്നെ. പദ്മ അവാർഡും അർജുന അവാർഡും ഇതിനോടകം തന്നെ അദ്ദേഹത്തെ തേടി എത്തി കഴിഞ്ഞിരിക്കുന്നു. വെറും 25 വയസ്സിനുള്ളിലാണ് ഇത്രയധികം അംഗീകാരം പൂനിയയെ തേടി എത്തിയിരിക്കുന്നത്. 2020 ൽ ടോക്യോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ ഹിമ ദാസിനൊപ്പം പൂനിയയും ഇതിനോടകം തന്നെ ഭാരതത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞിരിക്കുന്നു.